ന്യൂ ഡൽഹി:
നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽവേ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സമ്പദ്‌വ്യവസ്ഥ തകരാറിലാണെന്നും അതേസമയം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുപകരം സർക്കാർ കോമഡി സർക്കസ് നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
“തങ്ങളെ നിയോഗിച്ച ജോലി ചെയ്യുന്നതിനുപകരം മറ്റുള്ളവരുടെ നേട്ടങ്ങളെ ദുർബലപ്പെടുത്തുന്ന തിരക്കിലാണ് ബിജെപി നേതാക്കൾ. തന്റെ ജോലി സത്യസന്ധമായി ചെയ്‌തതിലൂടെയാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹമായത്.” അവർ കൂട്ടിച്ചേർത്തു.
വാഹനങ്ങൾക്കു കിഴിവ് നൽകിയിട്ടും വാഹന വിപണി മുന്നോട്ടു വരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു വാർത്ത കുറിപ്പും തന്റെ പ്രസംഗത്തിനിടയിൽ അവർ ഉയർത്തിക്കാട്ടി.
“നിങ്ങൾക്കെല്ലാവർക്കുമറിയാം അദ്ദേഹത്തിന്റെ ആശയമെന്താണ്. ഇടതുപക്ഷ ആശയങ്ങളെ മുൻ നിർത്തുന്ന അദ്ദേഹം കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ പിന്തുണച്ചയാളാണ്, പക്ഷെ ഇന്ത്യയിലെ ജനങ്ങൾ അതിനെ എതിർത്തു,” നോബൽ സമ്മാന ജേതാവായ ബാനർജിയെ അഭിനന്ദിക്കുന്നതിനുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് ന്യായ്.