Wed. Jan 22nd, 2025
ന്യൂ ഡൽഹി:

 

ബാങ്ക് ലയനം, നിക്ഷേപ നിരക്ക് കുറയ്ക്കുക, തൊഴിൽ സുരക്ഷയ്ക്കുള്ള ആഹ്വാനം തുടങ്ങി, അടുത്തിടെയുണ്ടായ പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 22 ന് ഇരുപത്തിനാല് മണിക്കൂർ നീണ്ട പണിമുടക്ക് നടത്തുമെന്ന് പ്രമുഖ ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) എന്നീ രണ്ട് യൂണിയനുകളാണ് ഒക്ടോബർ 22 ന് രാവിലെ 6 മുതൽ ഒക്ടോബർ 23 ന് രാവിലെ 6 വരെ പണിമുടക്കുമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷനെ (ഐ.ബി.എ) അറിയിച്ചത്.

എന്നാൽ, തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരും പ്രസ്തുത യൂണിയനുകളിൽ അംഗങ്ങളല്ലാത്തതിനാൽ പണിമുടക്ക് സാരമായി ബാധിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“പണിമുടക്കിൽ പങ്കെടുക്കുന്ന യൂണിയനുകളിൽ ഞങ്ങളുടെ ബാങ്ക് ജീവനക്കാരുടെ അംഗത്വം വളരെ കുറവാണ്, അതിനാൽ ഞങ്ങളുടെ സേവനങ്ങളെ പണിമുടക്ക് കാര്യമായി ബാധിക്കില്ല,” എസ്‌ബി‌ഐ നോട്ടീസിൽ പറഞ്ഞു. നിർദ്ദിഷ്ട പണിമുടക്കിൽ നിന്നുള്ള നഷ്ടം ഇപ്പോൾ കണക്കാക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.

പണിമുടക്ക് ദിനത്തിൽ ബ്രാഞ്ചുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, പണിമുടക്ക് ഫലവത്തായാൽ, ബ്രാഞ്ചുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് സിൻഡിക്കേറ്റ് ബാങ്ക്, സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.

ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ നടത്താനുള്ള നടപടികൾ കൈക്കൊള്ളുമെങ്കിലും പണിമുടക്കിന്റെ തീവ്രത അനുസരിച്ച്‌, പ്രവർത്തനങ്ങൾ തടസപ്പെടാൻ സാധ്യത ഉണ്ടെന്നുതന്നെയാണ് ബാങ്ക് ഓഫ് ബറോഡ നൽകുന്ന വിശദീകരണം.

ബാങ്കിംഗ് ജോലികളുടെ ശാശ്വതമായ സ്വഭാവത്തെ തകർക്കുന്നതിനെയും ബാങ്കിംഗ് വ്യവസായത്തെ സ്വകാര്യവത്കരിക്കുന്നതിനെയും എതിർക്കുന്നതായി പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്ന എഐബിഇഎയും, ബിഇഎഫ്ഐയും പറഞ്ഞു.

കഴിഞ്ഞ മാസം സെപ്റ്റംബർ 26, 27 തീയതികളിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയനുകൾ രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.