അമരാവതി:
ആന്ധ്രയിലെ സർക്കാർ വകുപ്പുകളിലേക്ക് നിയമനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഇനി മുതൽ അഭിമുഖങ്ങൾ നടത്തുകയില്ല. എഴുത്തുപരീക്ഷകൾ മാത്രമേ നടത്താവൂ എന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
റിക്രൂട്ട്‌മെന്റിനായി അഭിമുഖങ്ങൾ നടത്തുന്ന സംവിധാനം ഇല്ലാതാക്കാൻ, ആന്ധ്ര പബ്ലിക് സർവീസ് കമ്മീഷന് (എപിപിഎസ്സി) നിർദേശം നൽകി. നിയമന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ എഴുത്തുപരീക്ഷ മാത്രം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികകൾ നികത്തുന്നതിനുള്ള നിർദ്ദിഷ്ട വാർഷിക റിക്രൂട്ട്മെന്റ് കലണ്ടറിനെക്കുറിച്ചുള്ള അവലോകന യോഗത്തിലാണ് അദ്ദേഹം ഈ തീരുമാനം എടുത്തത്.
ഈ തീരുമാനത്തെത്തുടർന്ന്, 2020 ജനുവരി മുതൽ നിയമനത്തിനായി അഭിമുഖങ്ങൾ ഉണ്ടാകില്ല. വ്യവസ്ഥയിൽ സുതാര്യത വരുത്താനും, അഴിമതി അവസാനിപ്പിക്കാനും, എടുത്ത മറ്റൊരു പ്രധാന തീരുമാനമാണിതെന്ന് സർക്കാർ പറഞ്ഞു. അഴിമതിയും ക്രമക്കേടും കൂടിച്ചേർന്ന് റിക്രൂട്ട്‌മെന്റിന്റെ ഓരോ ഘട്ടവും തകർത്തുവെന്ന്, ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
എല്ലാ വർഷവും ജനുവരി 1 ന് ഓരോ ഒഴിവുകളും നികത്താൻ ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശിച്ചു. അവശ്യ സേവനങ്ങൾ നൽകുന്ന വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ മുൻഗണന നൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പിഎസ്‌സി പരീക്ഷകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) സഹായം സ്വീകരിക്കുന്നത് പരിഗണിക്കാം എന്നും, മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച്, എല്ലാ വകുപ്പുകളിലെയും ഒഴിവുകളുടെ പട്ടിക തയ്യാറാക്കാൻ ചീഫ് സെക്രട്ടറി നവംബർ മൂന്നാം ആഴ്ച യോഗം ചേരും. നവംബർ അവസാനത്തോടെ മറ്റൊരു യോഗത്തിൽ മുഖ്യമന്ത്രി അധ്യക്ഷനാകും, അവിടെ വെച്ച് ഒഴിവുകളുടെ എണ്ണം ചർച്ച ചെയ്യും.