Sun. Nov 17th, 2024

 

ഇസ്ലാമാബാദ് :

വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വായ്പ ലഭ്യമാക്കുന്നതിനുമായി ‘കാമ്‌യാബ് ജവാൻ പ്രോഗ്രാമിന്’ തുടക്കം കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ.

രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി 100 ബില്യൺ പാക്കിസ്ഥാനി രൂപ തെഹ്രീക് – ഇ ഇൻസാഫ് നു അനുവദിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇതിൽ തന്നെ ഇരുപത്തിയഞ്ചു മില്യൺ രൂപ യുവതികളുടെ ക്ഷേമത്തിനായും ഉപയോഗിക്കും. 100,000 പാകിസ്ഥാനി രൂപ വരെയുള്ള വായ്പകൾ
പലിശരഹിതമായും 100,000 മുതൽ 500,000 പാക്കിസ്ഥാനി രൂപ വരെയുള്ള തുക ചെറിയ പലിശയിലും നൽകും.

പത്തു ലക്ഷം യുവാക്കൾ പദ്ധതിയുടെ ഗുണഭോക്താക്കളാവും. നാല്പത്തിയഞ്ചു ജില്ലകൾക്ക് മുൻഗണന അടിസ്ഥാനത്തിൽ വായ്‌പകൾ നൽകും.

“തികച്ചും ജനാധിപത്യപരമായ മാർഗങ്ങളിൽ കൂടെ മാത്രമേ വായ്പയുടെ വിതരണം നടക്കുകയുള്ളൂ, 25000 ൽ അധികം പേർക്ക് ജോലിയോ അല്ലെങ്കിൽ അപ്രന്റിസ്‌ഷിപ്പോ നൽകുവാൻ ഞങ്ങൾ സഹായിക്കും” പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഇമ്രാൻ ഖാൻ പറഞ്ഞു.

“വിദൂര വിദ്യാഭ്യാസത്തിനു സ്മാർട്ട് ലബോറട്ടറീസ് നിർമിക്കും, കുറഞ്ഞത് ഇരുനൂറു അധ്യാപകർക്കെങ്കിലും വിദേശ പരിശീലനം നൽകും.”

കാമ്‌യാബ് ജവാൻ പ്രോഗ്രാമിന് കീഴിൽ ആറ് പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നു: ‘യൂത്ത് എന്റർപ്രണർഷിപ്പ് സ്കീം’, ‘സ്‌കിൽ ഫോർ ഓൾ പ്രോഗ്രാം’, ‘സ്റ്റാർട്ടപ്പ് പാകിസ്ഥാൻ പ്രോഗ്രാം’, ‘ഗ്രീൻ യൂത്ത് മൂവ്‌മെന്റ്’, ‘ഇന്റേൺഷിപ്പ് പ്രോഗ്രാം’, ‘ജവാൻ മർകസ്’ എന്നിവ. ഇവ യുവാക്കളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ കാരണമായി തീരും.