ഇസ്ലാമബാദ്:
തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും തുർക്കി പ്രസിഡന്റ് ഒക്ടോബർ 23 ന് പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സന്ദർശനത്തിനായുള്ള പുതിയ തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ സന്ദർശനം മാറ്റിവയ്ക്കുന്നതിന് ഫൈസൽ ഒരു കാരണവും നൽകിയിട്ടില്ല. എന്നാൽ സിറിയയിൽ തുർക്കി നടത്തുന്ന സൈനിക ആക്രമണത്തിന്റെയും, ഇത് വാഷിംഗ്ടണുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായുമുള്ള ബന്ധത്തിൽ ഉണ്ടാക്കിയ പിരിമുറുക്കത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ സന്ദർശനങ്ങൾ മാറ്റിവച്ചതാകാനാണ് സാധ്യത.
അതേ സമയം, യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയനും ഉൾപ്പെടുന്ന യുഎസ് പ്രതിനിധി സംഘം വ്യാഴാഴ്ച തുർക്കിയിലെത്തും.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുർക്കി പ്രസിഡന്റ് എർദോഗനെ ഫോണിൽ വിളിച്ച് പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിലൂടെ, സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുകയും ഭീകരതയുമായി ബന്ധപ്പെട്ട തുർക്കിയുടെ ആശങ്കകൾ പാക്കിസ്ഥാൻ പൂർണ്ണമായി മനസ്സിലാക്കുകയും ചെയ്തിരുന്നു എന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ, മെച്ചപ്പെട്ട സുരക്ഷ, പ്രാദേശിക സ്ഥിരത, എന്നിവ ഉറപ്പുവരുത്താനും സിറിയൻ സാഹചര്യം സമാധാനപരമായി പരിഹരിക്കാനുള്ള തുർക്കിയുടെ ശ്രമങ്ങൾ പൂർണ്ണമായും വിജയിക്കാനും പ്രാർത്ഥിക്കുന്നു എന്ന് ഇമ്രാൻഖാൻ വ്യക്തമാക്കി.