Wed. Apr 17th, 2024
#ദിനസരികള്‍ 912

സീതാകാവ്യത്തിന് നാലുഘട്ടങ്ങളുണ്ടെന്ന് സുകുമാര്‍ അഴീക്കോട് തന്റെ ഏറെ പ്രസിദ്ധമായ ആശാന്റെ സീതാകാവ്യത്തില്‍ പ്രസ്താവിച്ചു കണ്ടിട്ടുണ്ട്. വിചിന്തനം, വിമര്‍ശനം, വിനിന്ദനം, വിഭാവനം എന്നിവയാണ് അവ. ഈ നാലുഘട്ടങ്ങളിലും സീത നടത്തുന്ന ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രസ്തുത പുസ്തകത്തിലെ ആശാന്റെ സീതായനങ്ങള്‍ എന്ന രണ്ടാം അധ്യായം അദ്ദേഹം എഴുതിയിട്ടുള്ളത്. സീതയുടെ ചിന്തകളുടെ സ്വഭാവത്തെ പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു വിഭജനം നടത്തിയിട്ടുള്ളത്.

അദ്ദേഹം എഴുതുന്നു “എണ്‍പതാം ശ്ലോകത്തിന് ശേഷമാണ് ചിന്താവിഷ്ടയായ സീതയുടെ പ്രസിദ്ധമായ – ചിലരുടെ കണ്ണില്‍ കുപ്രസിദ്ധമായ – രാമകൃത്യോപലംഭം ആരംഭിക്കുന്നത്. അമ്പത്തിമൂന്നു പദ്യങ്ങളില്‍ അത് പരന്നു കിടക്കുന്നു. ഉച്ഛൃംഘലവിചാരയാണ് ഇവിടുത്തെ സീത. ഋഷികള്‍ക്കു പോലും സുനിയന്ത്രണമില്ലാത്ത ഉപബോധത്തിന്റെ കടുത്ത ഒഴുക്കില്‍ പെട്ട് അവള്‍ അല്പം അടി പതറിപ്പോയ നിലയിയാണ് കവിയുടെ ചിത്രീകരണം. ഈ ചിത്രത്തിലാണ് അവളുടെ ദുര്‍ന്നിവാരമായ മനുഷ്യത്വം അഥവാ സ്ത്രീത്വം പ്രതിഫലിച്ചു നില്ക്കുന്നത്.”

അപരാധിയെ ദണ്ഡിയാതെയാം
കൃപയാൽ സംശയമാർന്ന ധാർമ്മികൻ
അപകല്മഷ ശിക്ഷയേറ്റു ഞാൻ:
നൃപനിപ്പാപമൊഴിപ്പതെങ്ങനെ? –

എന്ന ചോദ്യത്തിന്റെ ധ്വനിമുഴക്കങ്ങളെപ്പറ്റി ഉള്ളു നീറാതെ സീതാചിന്തയിലൂടെ ഒരു പരിക്രമണം അസാധ്യം തന്നെയാണ്. ഒരു പക്ഷേ ഈ കാവ്യം തന്നെ ഈ ചോദ്യത്തിന്റെ ഒരു ഇഴവിടര്‍ത്തല്‍ തന്നെയാണ് അഥവാ മാത്രമാണെന്ന് കണ്ണില്‍ ചതമൂടാത്തവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കേവലം ഒരു ഉറുമ്പിനോട് താരതമ്യപ്പെടുത്തിക്കൊണ്ട് അത്ര നിസ്സാരമായ ഒരു ജീവി ചെയ്യുന്ന കര്‍ത്തവ്യം പോലും വിസ്മരിച്ചുകൊണ്ട്, തനിക്കെതിരെ ഉന്നയിക്കപ്പെട്ട അപവാദം ശരിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ വ്യഗ്രത പൂണ്ട നൃപനോടുള്ള നിരാശതന്നെയാണ് ആശാന്റെ സീതാകാവ്യത്തില്‍ സജീവമായി നിലകൊള്ളുന്ന ആന്തരിക ധാര.

ക്ഷുഭിതേന്ദ്രിയ ഞാന്‍ എന്ന് സ്വയംവിമര്‍ശനപരമായി വിലപിക്കുമ്പോള്‍ പോലും താനങ്ങനെയായതിന്റെ കാരണം രാമന്‍ തന്നെയാണ് എന്ന് അടിവരയിടുന്നുണ്ട് സീത. ഇതൊക്കെ എന്നെക്കൊണ്ട് പറയിപ്പിച്ചത് സുജനങ്ങള്‍ക്കു ചേരാത്ത രാമന്റെ ചെയ്തിയാണല്ലോ എന്നാണ് സീത എല്ലായ്പോഴും തന്നെ ഓര്‍മ്മിപ്പിക്കുന്നത്. അതുകൊണ്ട് ഈ ഒഴിയാത്ത വേദനയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു മാത്രമേ സീത ചിന്തിക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കുവാന്‍ പോലും കഴിയുകയുള്ളു.അങ്ങനെയല്ലാത്ത ഏതൊരു സമീപനവും സീതയോടും ആശാനോടും ചെയ്യുന്ന അനീതിയാണെന്നു കൂടി പറയാതെ വയ്യ.

അങ്ങനെ പരിത്യക്തയായ സീത താന്‍ നിര്‍മ്മലയാണെന്ന് പറയുന്ന മാത്രയില്‍ തന്നെ രാമെനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. സുചരിതയായ ഒരുവളെ സ്വൈരിണി എന്ന് അധിക്ഷേപിക്കുന്നതിനെ നാം എങ്ങനെയാണ് സ്വീകരിക്കുക എന്നതിനെ അപേക്ഷിച്ചാണ് നിങ്ങള്‍ സീതയുടെ പക്ഷമാണോ രാമന്റെ പക്ഷമാണോ എന്നു തീരുമാനിക്കപ്പെടുന്നത്. ഇവിടെയാണ് പുരുഷാധിപത്യപ്രവണത പ്രകടിപ്പിക്കുന്ന സാമൂഹികതയെ നാം വിമര്‍ശനത്തിനെടുക്കേണ്ടത്.

രാജാവിന്റെ മാനം രക്ഷിക്കാനുള്ള കരുവായി മാത്രം മാറ്റിപ്പെട്ട സ്ത്രീയുടെ വ്യക്തിത്വത്തെ ചര്‍ച്ച‌ക്കെടുക്കേണ്ടത്. അധികാര കേന്ദ്രങ്ങള്‍ എത്ര സങ്കുചിതചിന്തയോടെയാണ് ഏതുകാലത്തും സ്ത്രീകളോട് ഇടപെട്ടുപോന്നത് നാം മനസ്സിലാക്കേണ്ടത്. ഈ സാഹചര്യം മനസ്സിലാക്കാതെ അധികാരത്തോട് ഒട്ടിനിന്ന് രാമനെ ന്യായീകരിക്കുന്നത് ഒട്ടും യുക്തിസഹമല്ല. കാരണം ന്യായീകരിക്കപ്പെടേണ്ടത് രാമനാണെങ്കില്‍ ഇത്തരമൊരു കാവ്യമേ എഴുതപ്പെടുകയില്ലായിരുന്നുവെന്നതാണ് വസ്തുത.

രാമനെ ന്യായീകരിക്കാവുന്ന സീതാവചനങ്ങളെ നമുക്കിവിടെ കണ്ടെത്താന്‍ കഴിയും അത് സീതയുടെ വിശാലമായ മനസ്സിന്റെ പ്രതിഫലനമായി കണ്ടാല്‍മതി. രാമന്‍ സീതയോട് കാണിക്കാതിരുന്നതും സീത എന്നാല്‍ തിരിച്ചു പ്രകടിപ്പിക്കുന്നതുമായ ആ ശേഷിയാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും മാറ്റി നിറുത്തുന്നതെന്നു കൂടി കഠിനമായി സൂചിപ്പിക്കട്ടെ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.