Screen-grab, Copyrights: Kerala Kaumudi
Reading Time: 3 minutes
#ദിനസരികള്‍ 911

ഇന്നലെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു യോഗത്തില്‍ കേള്‍വിക്കാരനായി പങ്കെടുക്കാനിടയായി. വിഷയം ആശാന്റെ സീതയായതുകൊണ്ടുതന്നെ ആരെന്തു പറഞ്ഞാലും ചെവി കൊടുക്കുക എന്നത് എന്റെ സ്വഭാവമാണ്. ചര്‍ച്ച ചെയ്യുന്ന സംഘമാണെങ്കില്‍ ആധുനിക കാലത്തിന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നവരുടെ ഒരു പരിച്ഛേദവുമാണ്. അപ്പോള്‍ സീതയെ, നാമിനിയും കാണാത്ത ഉയരങ്ങളിലേക്ക് പ്രതിഷ്ഠിക്കുവാനുള്ള വഴികള്‍ തെളിഞ്ഞു കിട്ടുമെന്നുതന്നെയായിരുന്നു ഞാനും പ്രതീക്ഷിച്ചത്. എന്നാല്‍ എന്റെ ധാരണ അബദ്ധമായിരുന്നുവെന്ന് ഏറെ താമസിയാതെ ഞാന്‍ മനസ്സിലാക്കി.

സീതയെ പതിഭക്തയായും രാമനെ പ്രജാഹിതപരിപാലന വ്യഗ്രനായും ചിത്രീകരിച്ചുകൊണ്ട് കുമാരനാശാന്‍ സീതയ്ക്കു കൊടുത്ത സ്വാതന്ത്ര്യം പോലും ഇക്കൂട്ടര്‍ അവള്‍ക്ക് അനുവദിക്കുന്നില്ലെന്നത് എന്നെ നിരാശപ്പെടുത്തി. ഉള്ളുപൊള്ളിക്കുന്ന ചോദ്യശരങ്ങളാല്‍ രാമനെ നിശിതമായി വിമര്‍ശിച്ച സീതയ്ക്കു പകരം രാമനോട് മാപ്പു ചോദിക്കുന്ന രാമന്‍ ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്ന ഒരു സീതയെ പകരം വെയ്ക്കാനുള്ള വ്യഗ്രത ആരെയാണ് നിരാശപ്പെടുത്താതിരിക്കുക? ചര്‍ച്ചയെ പാതിവഴിക്ക് ഉപേക്ഷിച്ച് പുറത്തിറങ്ങുമ്പോള്‍ ഞാനാലോചിച്ചത് എത്ര ചര്‍ച്ച ചെയ്താലാണ് സീതാകാവ്യത്തിന്റെ ആന്തരാര്‍ത്ഥങ്ങളെ, വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകളോട് കുമാരനാശാന്‍ പുലര്‍ത്തുന്ന നിഗ്രഹോത്സുകതയെ നാം ഗ്രഹിക്കുക എന്നാണ്. എന്തായാലും ജനങ്ങളുടെ ഇടയില്‍ സീതാകാവ്യം ചര്‍ച്ച ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ കുമാരനശാനോടും അദ്ദേഹത്തിന്റെ സീതയോടും കുറച്ചു കൂടി നീതി പുലര്‍‌ത്തേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

സീതാകാവ്യത്തിന്റെ ഉള്ളിടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു ചോദ്യത്തെ നാം പ്രവേശനദ്വാരത്തില്‍ തന്നെ നേരിടേണ്ടതുണ്ട്. അത് കുമാരനാശാന്‍ എന്തിനാണ് സീതാകാവ്യം എഴുതിയത് എന്നതാണ്. വാല്മീകിയുടെ സീതയില്‍ നിന്ന്, അഥവാ പരമ്പരാഗതമായ സീതാസങ്കല്പങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പറയുവാനുണ്ടായിരുന്നില്ലെങ്കില്‍ ആശാനെപ്പോലെയുള്ള ഒരു നവനവോല്ലേഖ ഗായകന്‍ ഇത്തരമൊരു രചനയ്ക്ക് കോപ്പു കൂട്ടുമോ? ഇല്ല എന്നാണ് എന്റെ ഉത്തരം. അപ്പോള്‍ ആശാന്റെ സീതയ്ക്ക് നാളിതുവരെ നാം പരിചയപ്പെട്ടുപോന്ന സീതയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറയുവാനുണ്ടായിരിക്കണം. അങ്ങനെ സീതയ്ക്ക് പറയുവാനുള്ളത് സീതയെ കൊണ്ടുതന്നെ പറയിപ്പിക്കുക എന്നതാണല്ലോ യുക്തി. കുഞ്ഞുങ്ങള്‍ വാല്മീകിയോടൊപ്പം അയോധ്യയിലേക്ക് പോയ സന്ദര്‍ഭത്തില്‍ തന്റെ പുഷ്പവാടിയുടെ സമീപത്തുള്ള തരുച്ഛായയില്‍ സീതയെ കൊണ്ടിരുത്തി കുമാരനാശാന്‍ സംസാരിപ്പിക്കുന്നതും ഇതേ ലക്ഷ്യം മുന്‍നിറുത്തിക്കൊണ്ടുതന്നെയാണ്. സീത നിര്‍വഹിക്കുന്ന ഈ വ്യത്യസ്തമായ ചിന്തയെ മനസ്സിലാക്കാതെ സീതാകാവ്യത്തെ രാമപക്ഷത്തു നിന്നും വായിക്കുന്നവര്‍ക്ക് കുട്ടികൃഷ്ണമാരാര്‍ പറഞ്ഞതുപോലെ “ആശാന്റെ സീതയേയും മനസ്സിലാകില്ല, കാളിദാസന്റെ സീതേയയും മനസ്സിലാകില്ല, വാല്മീകിയുടെ സീതയേയും മനസ്സിലാകില്ല” എന്നേ എനിക്കും പറയുവാന്‍ തോന്നുന്നുള്ളു.

മാരാര്‍ എഴുതുന്നു:-

പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

കനമാർന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.

രുജയാൽ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!

ഇവിടെ ഒന്ന് നിന്ന് ഈ ഉദ്ധരിച്ച പദ്യങ്ങളിലേക്ക് ഉറ്റുനോക്കുക. വളരെച്ചെറുപ്പത്തിലേ ഒന്നിച്ചിണങ്ങി ഏറെക്കാലം ഇരുമെയ്യാര്‍ന്നൊരു ജീവിപോലവേ സമസുഖദുഖരായി കഴിഞ്ഞു കൂടിയ ആ രണ്ടാത്മാക്കളെ ഇടയില്‍ കടന്നുവന്ന ലൌകികൈശ്വര്യം തമ്മില്‍ പിരിച്ചകറ്റിക്കളഞ്ഞു. അതില്‍ അവമാനദുഖം പറ്റിയതാര്‍‌ക്കോ ആ ആള്‍ ഇന്നിതാ രുജയാല്‍ പരിപക്വസത്ത്വയായ് നിജഭാരങ്ങളൊഴിഞ്ഞ് ധന്യയായ് പരമമായ പുരുഷാര്‍ത്ഥത്തിന്റെ വാതില്ക്കലെത്തി നില്ക്കുന്നു. അഭിമാനം നേടിയ മറ്റേയാളോ ഇന്നും രാജാധിരാജനായി മറ്റു പുരുഷാര്‍ത്ഥങ്ങളില്‍ പറ്റിപ്പിടിച്ചു നില്ക്കുകയേ ആയിട്ടുള്ളു. ഭൂമിയില്‍ വേരൂന്നി പടര്‍ന്നു പിടിച്ച് അന്തസ്സില്‍ നിലകൊള്ളുന്ന ആ മഹാനോട് അവിടുന്ന ലാഘവത്തോടെ പറന്നു പോകുന്ന ഈ മഹാത്മാവു പറയുന്ന യാത്രാവചനമാണിത്. സീത രാമന്റെ അടുക്കലേക്ക് അങ്ങോട്ടു ചെല്ലുവാന്‍ ആഗ്രഹിക്കുകയല്ല, അദ്ദേഹത്തെ തന്റെ അരികിലേക്ക് സാദരം ക്ഷണിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ അസാധാരണാനുഭവങ്ങളോടുകൂടിയ ഒരു ജീവിതത്തിനുശേഷം ദുഷ്പ്രാപമായ പരമപദത്തിലേക്ക് പ്രസ്ഥിതയായ ആ ധന്യാത്മാവിനോട് വിനീതനായ ഒരു മഹാകവി, “വിശ്വവിഖ്യാതമാകാനിരിക്കുന്ന ഒരു ചരിത്രത്തെപ്പറ്റി അവിടേക്ക് പറവാനുള്ളതെന്താണ്?” എന്നു ചോദിച്ചപ്പോള്‍ കിട്ടിയ സമാധാനമാണ് സീത.

കുട്ടികൃഷ്ണമാരാരെപ്പോലെയുള്ള ഒരു നിരൂപകന്‍ ഇത്രത്തോളം പറയണമെങ്കില്‍ സീത എത്രമാത്രം രാമനെ വിസ്തരിച്ചിട്ടുണ്ടാകും എന്നൊന്ന് ചിന്തിക്കുക. അതുകൊണ്ടുതന്നെ രാമനെ വിചാരണ ചെയ്യുന്ന സീതാവചനങ്ങളെ അടുക്കടുക്കായി ചൂണ്ടിക്കാണിച്ചുകൊണ്ട് സീതയുടെ ചിന്തകളെ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പിലൂടെ നിര്‍വഹിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ചിന്താവിഷ്ടയായ സീതയെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ആശ്രമം നമ്മെ സഹായിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement