Fri. Nov 22nd, 2024
ഭോപ്പാൽ:

ഡിസംബറിൽ നടക്കാനിരിക്കുന്ന നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഛത്തീസ്‌ഗഢ് സർക്കാരിൽ തീരുമാനമായി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇവിഎമ്മുകൾക്കെതിരെ, കോൺഗ്രസിന്റെയും, എൻഡിഎ ഇതര പാർട്ടികളുടെയും ഭാഗത്ത് നിന്നുയർന്ന രൂക്ഷമായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഭൂപേഷ് ബാഗൽ സർക്കാരിന്റെ പുതിയ നീക്കമെന്ന് ഏഷ്യൻ ഏജ് റിപ്പോർട്ടു ചെയ്തു.

എന്നാൽ ഇവിഎം വോട്ടിംഗ് സമ്പ്രദായം മാറ്റാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രോട്ടോകോളുകൾ പൂർണമായും തകർക്കപ്പെടുന്ന നടപടിയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു.

തീരുമാനം നിലവിൽ വന്നാൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറിന് അനുകൂലമായി ഇവിഎം മെഷീനുകൾ ഒഴിവാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരിക്കും ഛത്തീസ്‌ഗഢ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നിയമങ്ങൾ അവലോകനം ചെയ്യാൻ ഛത്തീസ്‌ഗഢിൽ സർക്കാർ നിയമിച്ച മന്ത്രിസഭാ ഉപസമിതിയുടേതാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച  ചേർന്ന യോഗത്തിൽ സമിതി കൈക്കൊണ്ട നിർണായക തീരുമാനത്തിൽ പുനർ നടപടികൾ  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ സ്വീകരിക്കുമെന്ന് ഉപസമിതി അംഗമായ, സംസ്ഥാന നഗര വികസന മന്ത്രി ശിവ് ദഹാരിയ പറഞ്ഞു.

കൂടാതെ, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനും, മേയർ, ചെയർപേഴ്സൺ പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ഓർഡിനൻസ് മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ പ്രഖ്യാപിക്കൂ എന്നും ശിവ് ദഹാരിയ കൂട്ടിച്ചേർത്തു.

ബിജെപി ഭരണത്തിന് കീഴിലായിരുന്ന ഛത്തീസ്‌ഗഢിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ഇവിഎം മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു ഛത്തീസ്‌ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്.

ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകാനുള്ള തീരുമാനത്തെ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ഛത്തീസ്‌ഗഢിലെ ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ വിശേഷിപ്പിച്ചത്. എന്നാൽ ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ചുപോക്ക് ഛത്തീസ്ഗണ്ഡിലെ വോട്ടർമാർ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് സൈലേഷ് ത്രിവേദി പറഞ്ഞു.