Fri. Nov 22nd, 2024
ന്യൂ ഡൽഹി:

“ഗോയിങ് ഓൺലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ)” എന്ന പ്രോഗ്രാമിന്റെ രണ്ടാം പാദമെന്നോണം ആദിവാസി ക്ഷേമ മന്ത്രാലയവുമായി ചേർന്ന് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിന്നും അയ്യായിരം യുവതികൾക്ക് ഡിജിറ്റൽ പരിശീലനം നൽകുവാനൊരുങ്ങി ഫേസ്ബുക്ക്.

ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗോൾ പരിപാടി ആദിവാസി മേഖലകളിൽ നിന്നുമുള്ള യുവതികൾക്കു ബിസിനസ്, ഫാഷൻ, സാഹിത്യം മുതലായ മേഖലയിലുള്ള പ്രമുഖരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിന് കാരണമാകുന്നു. ഇതുവഴി ഈ യുവതികൾക്ക് ഡിജിറ്റൽ കഴിവുകൾ നൽകുകയാണ് പ്രധാന ലക്ഷ്യം.

“ഗോൾ പ്രോഗ്രാം വഴി സാങ്കേതികയിലേക്കു നേരിട്ട് ബന്ധമില്ലാത്ത യുവതികൾക്ക് ജീവിത വിജയവും, പുതിയ വഴിത്തിരിവും നേടുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്,” ഗോൾ ഉത്‌ഘാടനം ചെയ്തു കൊണ്ട് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ട പറഞ്ഞു.

“ഡിജിറ്റൽ സാക്ഷരത, സംരംഭകത്വം, ഓൺലൈൻ സുരക്ഷ എന്നിവയെ മുൻ നിർത്തി എല്ലാ ആഴ്ചകളിലും രണ്ടു വീതം ക്ലാസുകൾ സങ്കടിപ്പിക്കും. മൊത്തത്തിൽ രണ്ടു ലക്ഷം മണിക്കൂറുകൾ നീളുന്ന ക്ലാസുകൾ ഫേസ്ബുക് കുടുംബത്തിലെ അംഗങ്ങളായ വാട്സാപ്പ്, മെസ്സെഞ്ചർ വഴി നൽകും.

പ്രോഗ്രാം അവസാനിച്ചതിനു ശേഷം, പങ്കെടുത്തവർക്ക് ഗോളിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതും, ഭാവിയിൽ ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണ ലഭിക്കുന്നതുമാണ്.

“ഇതര സർക്കാർ ഓഫീസുകളും, ജില്ലാ മന്ത്രാലയങ്ങളുടെയും കൂട്ട പരിശ്രമത്തിലൂടെയാവും യോഗ്യരായ യുവതികളെ തിരഞ്ഞെടുക്കുന്നത്”. ഫേസ്ബുക്ക് പറഞ്ഞു.

“നൂറ്റിഇരുപത്തിയഞ്ചിലധികം യുവതികൾ ഇതിനോടകം തന്നെ പരിപാടിയിൽ അംഗമായി കഴിഞ്ഞു. അവർ തങ്ങളുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുകൊണ്ടുവരാനും, പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുവാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.” ഫേസ്ബുക്ക് കൂട്ടി ചേർത്തു.