Thu. Dec 19th, 2024
ന്യൂ ഡൽഹി:

 

കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ ശിവകുമാറുമായി ബന്ധപ്പെട്ട 50 ഓളം ആൾക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയെയും ഈ മാസം പതിനേഴാം തീയതി ഡൽഹിയിൽ വച്ച് ചോദ്യം ചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ, വാർത്ത ഏജൻസി ആയ ഐഎഎൻഎസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി വിവിധ വ്യക്തികളെ ചോദ്യം ചെയ്തതിൽ നിന്നും പണമിടപാട് സംബന്ധിച്ച ചില തെളിവുകൾ ലഭിച്ചതിന്റെ ഭാഗമായാണ് ഡികെ യുടെ അമ്മയെയും ഭാര്യയേയും ചോദ്യം ചെയ്യുന്നത്‌.

പ്രസ്തുത കേസിൽ ശിവകുമാറിന്റെ മകൾ ഐശ്വര്യ, അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡികെ സുരേഷ്, ബെലഗാവി റൂറൽ എംഎൽഎ ലക്ഷ്മി ഹെബ്ബാൾകർ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2018 ലെ  അസംബ്ലി  ഇലക്ഷനിൽ ശിവകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 108 കോടിയാണ് മകൾ ഐശ്വര്യയുടെ ആസ്തിയായി കാണിച്ചിരുന്നത്. എന്നാൽ 2013 ൽ ഇത് 1.09 കോടി ആയിരുന്നു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐശ്വര്യയെ ചോദ്യം ചെയ്തത്.

2017  ആഗസ്ത് 2 ന് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് നടത്തിയ റെയ്ഡിലാണ് ശിവകുമാറിന്റെ ന്യൂ ഡൽഹിയിലുള്ള അപ്പാർട്മെന്റിൽ നിന്ന് 8.83 കോടി രൂപ കണ്ടെടുത്തത്. തുടർന്നാണ് ശിവകുമാറിനെതിരെ 1961 ലെ ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 277,278 പ്രകാരവും, ഐപിസി 120,193,199 എന്നിവ പ്രകാരവും കേസെടുത്തത്. സെപ്തംബർ മൂന്നിന് സാമ്പത്തിക അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഡികെ ശിവകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.