Wed. Jan 22nd, 2025
ലണ്ടൻ:

 

കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ എവരിസ്റ്റോയും ഈ വർഷത്തെ ബുക്കർ പ്രൈസ്‌ ജേതാക്കളായി. ഒരു വ്യക്തിക്ക് മാത്രമേ പുരസ്‌കാരം നൽകാവൂ എന്ന മത്സര നിയമം മറികടന്ന് തിങ്കളാഴ്ച, അഞ്ചു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് പുരസ്‌കാരം പങ്കിട്ടു നല്കാൻ ജഡ്ജിങ് പാനൽ തീരുമാനിച്ചത്. അറ്റ്‌വുഡിന്റെ “ദി ടെസ്റ്റെമെൻറ്സ്”, എവരിസ്റ്റോയുടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ “ഗേൾ, വുമൺ, അദർ” എന്നീ കൃതികളാണ് സാഹിത്യസൃഷ്ടിക്ക് ലഭിക്കാവുന്ന പ്രമുഖമായ ബുക്കർ പ്രൈസിന് അർഹമായത്.

79 കാരിയായ മാർഗരറ്റ് അറ്റ്‌വുഡിന്റെ രണ്ടാമത്തെ ബുക്കർ പ്രൈസ് ആണിത്. 2000 ത്തിൽ “ദി ബ്ലൈൻഡ് അസ്സാസിൻ” എന്ന പുസ്തകത്തിനും അറ്റ്‌വുഡിന് ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതോടെ രണ്ടു തവണ ബുക്കർ പ്രൈസ് ലഭിക്കുന്ന നാലാമത്തെ വ്യക്തിയും, രണ്ടാമത്തെ വനിതയുമാണ് മാർഗരറ്റ് അറ്റ്‌വുഡ്. ഹിലരി മാന്റൽ, ജെ എം കൊയ്‌റ്റ്‌സി, പീറ്റർ ക്യാരി എന്നിവരാണ് രണ്ടു തവണ ബുക്കർ പ്രൈസ് ലഭിച്ച മറ്റുള്ളവർ.

60 കാരിയായ എവരിസ്റ്റോ, ബുക്കർ പുരസ്‌കാരത്തിനർഹയാകുന്ന ആദ്യ കറുത്തവംശജയാണ്. യുകെയിൽ  ആധുനികയുഗത്തിലും കറുത്തവർഗ്ഗക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന യാതനകളുടെയും സങ്കടങ്ങളുടെയും കഥ പറയുന്ന പുസ്തകമാണ് എവരിസ്റ്റോയുടെ “ഗേൾ, വുമൺ, അദർ”. 12 ചാപ്റ്ററുകളായി തിരിച്ചിരിക്കുന്ന ഈ നോവൽ എവരിസ്റ്റോയുടെ എട്ടാമത്തെ കൃതിയാണ്.

അറ്റ്‌വുഡും, എവരിസ്റ്റോയും പുരസ്‌കാരം പങ്കിടണമെന്നത് ജഡ്ജിങ്ങ് പാനൽ അംഗങ്ങളിൽ ഭൂരിപക്ഷം പേരുടെയും അഭിപ്രായമായിരുന്നെന്ന് ലണ്ടനിലെ ഗിൽഡ് ഹാളിൽ വച്ചുനടന്ന ചടങ്ങിൽ പ്രസിഡന്റ് പീറ്റർ ഫ്ലോറെൻസ് പറഞ്ഞു.

1992 ൽ കാനഡയുടെ മൈക്കൽ ഒണ്ടാഞ്ചേ, ബ്രിട്ടന്റെ ബാരി അൺസ് വർത്ത് എന്നിവർ ബുക്കർ പുരസ്‌കാരം പങ്കിട്ടതിനു ശേഷമാണു ഒരാൾക്ക് മാത്രമേ അവാർഡ് നൽകാവൂ എന്ന നിയമം ബുക്കർ പ്രൈസ് സ്പോൺസേർസ് കൊണ്ടുവന്നത്.

അറ്റ്‌വുഡിനൊപ്പം പുരസ്കാരം പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ എവരിസ്റ്റോ കറുത്ത വർഗ്ഗത്തിൽപ്പെട്ട സ്ത്രീ എഴുത്തുകാർ ഇനിയും ബുക്കർ സ്വീകർത്താക്കളാകുമെന്ന പ്രത്യാശയും പങ്കുവച്ചു. സൽമാൻ റുഷ്ദി ഉൾപ്പെടെ ആറുപേരടങ്ങുന്ന ചുരുക്കപട്ടികയിൽ നിന്നാണ് അറ്റ്‌വുഡും എവരിസ്റ്റോയും ബുക്കർ ജേതാക്കളായത്. യുകെയിലോ അയർലണ്ടിലോ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന കൃതികളാണ് ബുക്കർ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.