Wed. Jan 22nd, 2025
#ദിനസരികള്‍ 908

എ എൽ ബാഷാമിന്റെ (Arthur Llewellyn Basham) The Wonder That Was India എന്ന പുസ്തകത്തിലെ എട്ടാം അധ്യായം ഇന്ത്യയിലെ ചിത്ര – ശില്പ – നൃത്ത – വാദ്യാദികളടക്കമുള്ള സോപയോഗ – സുകുമാരകലകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ അത്തരത്തിലുള്ള ഗതകാല പ്രൌഡികളെ ആഴത്തിലും പരപ്പിലും അടയാളപ്പെടുത്തുന്ന ഈ അധ്യായം പങ്കുവെയ്ക്കുന്ന കൌതുകകരമായ ഒരു അഭിപ്രായത്തെയാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത്.
അദ്ദേഹം എഴുതുന്നു “Gothic art and sculpture are vertical. Spire and arch point upwards, and as the style develops the spire becomes taller and the arch more pointed. The Christs , saints and angels of the Middle Ages in Europe are often disproportionately tall, and their tallness is accentuated by long garments reaching to the angles. Their poses are generally restful, and they rarely smile. Medieval European art was truly religious; its conventions seem to have been deliberately designed to lead the worshipper’s thoughts away from the world of flesh to the things of the spirit.” ആകാശ വിതാനങ്ങളിലേക്ക് ഉയര്‍ന്നുപോകുന്ന നിര്‍മ്മാണ രീതിയും അനനുരൂപമാണെങ്കിലും നീളം കൂടിയ ശില്പങ്ങളുമെല്ലാമായി ഗോഥിക് മാതൃക സവിശേഷമായിരുന്നു. മതപരത നിറഞ്ഞ അത്തരം നിര്‍മിതികള്‍ ഇഹത്തിലല്ല പരത്തിലാണ് പരമമായ സത്യമെന്ന് ദ്യോതിപ്പിച്ചുകൊണ്ടേയിരുന്നു. ഓരോ മനുഷ്യജീവിതങ്ങളും ആത്യന്തികമായി ഉപരിലോകങ്ങളിലെ വിശേഷങ്ങളിലാണ് അഭിരമിക്കേണ്ടതെന്നും പാപം പുളയുന്ന മനുഷ്യജീവിതത്തിന്റെ കെടുതികളില്‍ നിന്നും അവിടെയാണ് ശാശ്വതമായ ശാന്തി എന്നും പഠിപ്പിച്ചുകൊണ്ടിരുന്നു.

ഇനി അദ്ദേഹം ഇന്ത്യന്‍ കലാമാതൃകകളെക്കുറിച്ച് എഴുതുന്നതുകൂടി വായിക്കുക “The tendency of Indian art is diametrically opposite to that of medieval Europe. The temple towers, though tall, are solidly based on earth. The ideal type is not abnormally tall but rather short and stocky. Gods and demigods alike are young and handsome; their bodies are rounded and well nourished, often by European standards rather effeminate.” പിന്നീടങ്ങോട്ട് ഭൂമിയില്‍ കാലുറപ്പിച്ചു നില്ക്കുന്ന, ഇന്ത്യയുടെ മാതൃകകളെ കുറച്ചുകൂടി വിസ്തരിക്കുന്നുണ്ട് ബാഷാം. കഴിയുന്നത്ര ഭൂമിയോട് ഒട്ടിനില്ക്കുന്ന, അഥവാ ഭൂമിയില്‍ ഉറപ്പിച്ചു നിറുത്തുന്ന വിസ്താരങ്ങള്‍, വിസ്മയങ്ങള്‍. അവ ഗോഥിക് മാതൃകകള്‍ക്ക് വിരുദ്ധമായി തിരശ്ചീനമായിരുന്നു. പരന്നു കിടന്ന അവ ഭൂമിയുടെ കാമനകളോട്, വ്യഥകളോട് വേവലാതികളോട് മുഖംതിരിക്കുന്നവയല്ലായിരുന്നു, മറിച്ച് ഭൂമിയില്‍ നിന്നും ഉപ്പു വലിച്ചെടുക്കുന്ന ജൈവികനിര്‍മ്മിതികളായിരുന്നു അവ.

അതായത് ഉപരിലോകങ്ങളിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്താനുള്ള വ്യഗ്രതപ്പെടലുകളല്ല നമ്മുടെ ദൈവങ്ങള്‍ക്കുണ്ടായിരുന്നത്. ഗോമതേശ്വരനെ മുന്‍നിറുത്തി ഭൂമിയോട് ഒട്ടിച്ചേരാനുള്ള താല്പര്യത്തെ സഹവര്‍ത്തിത്വത്തോടെ പുലരാനുള്ള അഭിലാഷങ്ങളെ, ബാഷാം ഒന്നു കൂടി വിശാലപ്പെടുത്തുന്നുണ്ട്. ഭൂമി ആകര്‍ഷിച്ചു പിടിക്കുന്ന ഭൂമിതന്നെ സൃഷ്ടിച്ചെടുത്ത ഒന്നായിട്ടാണ് ബാഷാം ഗോമതേശ്വരനെ കണ്ടെത്തുന്നത്.
ഇക്കാലങ്ങളിലാകട്ടെ ഭാരതീയര്‍ തിരശ്ചീനമായ, ഭൂമിയോട് ഒട്ടിനില്ക്കുന്ന ദൈവസങ്കല്പങ്ങളെ കുറച്ചു കൊണ്ടുവന്ന് അധീശ മനോഭാവത്തോടെ ഉപരിലോകങ്ങളില്‍ പെരുമാറുന്ന ഒന്നായി മാറ്റിയെടുത്തു. രക്ഷിക്കാനും ശിക്ഷിക്കാനും കൂടുതല്‍ അധികാരങ്ങള്‍ അനുവദിച്ചുകൊടുത്തു. വലിച്ചു കുലച്ച അമ്പും വില്ലുമായി ഭാരതഖണ്ഡമാകെ ആ ദൈവങ്ങള്‍ ശത്രുക്കള്‍ക്കു വേണ്ടി ത്രസിച്ചു നില്ക്കുന്നവരായി മാറ്റപ്പെട്ടു. ഭൂമിയില്‍ ഒട്ടി നിന്ന , മനുഷ്യരെ സഹിഷ്ണുത പഠിപ്പിച്ച ദൈവങ്ങളുടെ വേരുകള്‍ ഭൂമിയില്‍ നിന്നും അറുത്തുമാറ്റി ആയുധങ്ങളുമായി മനുഷ്യനെതിരെ ഒരു കൂട്ടം കാവല്‍ നിന്നു.

ഭൂമിയെ കെട്ടിപ്പിടിക്കുന്ന ദൈവങ്ങള്‍ ഇനിയെന്നാണ് മടങ്ങി വരിക എന്നാണ് വിശ്വാസികള്‍ ചോദിക്കേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.