Sun. Dec 22nd, 2024
കോഴിക്കോട്:

കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ഷാജു. കുറ്റം സമ്മതിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ഷാജുവിന്റെ പ്രതികരണം. ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകങ്ങളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്നും ഷാജു ആവര്‍ത്തിച്ചു.

വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും കൊലപാതകങ്ങളില്‍ തനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് പ്ലോട്ടാണെന്നും ഷാജു പറഞ്ഞു. കേസിലും കുറ്റത്തിലും അവള്‍ ഒറ്റയ്ക്കായതിനാല്‍ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നതെന്നും ഷാജു ആരോപിച്ചു. ഭാര്യയും കുഞ്ഞും മരിച്ചപ്പോള്‍ അതില്‍ ദുരൂഹതയൊന്നും തോന്നിയിരുന്നില്ല. ഇപ്പോള്‍ ഇത്രയും പ്രശ്‌നമായപ്പോഴാണ് അന്ന് പോസ്റ്റു മോര്‍ട്ടം നടത്തേണ്ടതായിരുന്നു എന്നു തോന്നുന്നത് എന്നും ഷാജു പറഞ്ഞു.

അതേസമയം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും അത് മറച്ചു വെക്കുകയായിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.

ഉപാധികളോടെയാണ് ചോദ്യം ചെയ്യലിനു ശേഷം പോലീസ് ഷാജുവിനെ പോലീസ് വിട്ടയച്ചത്. പോലീസിനെ അറിയിക്കാതെ നാടുവിട്ട് പോകരുതെന്നാണ് നിര്‍ദേശം. കൊലപാതകങ്ങളിലോ കൊലകള്‍ ആസൂത്രണം ചെയ്തതിലോ ഷാജുവിന് കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കാതെ കസ്റ്റഡിയോ അറസ്റ്റോ പോലുള്ള നടപടികള്‍ ഉടന്‍ വേണ്ട എന്ന നിലപാടിലാണ് പോലീസ്. ഷാജുവിന്റെ മൊഴി വിശദമായി പരിശോധിക്കും എന്നാണ് റൂറല്‍ എസ്പി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതു കൂടി കണക്കിലെടുത്താല്‍ ഷാജു തുടര്‍ന്നും പോലീസ് നിരീക്ഷണത്തില്‍ തന്നെയായിരിക്കുമെന്നാണ് സൂചന.