Sun. Dec 22nd, 2024
കൊച്ചി:

ഭീകരവാദ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ലൈംഗീകത പ്രചരിപ്പിക്കപ്പെടുന്നതിനുമായി ടെലഗ്രാം ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ഹർജി. കേരള ഹൈക്കോടതിയിലാണ് സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഹര്‍ജി നൽകിയിരിക്കുന്നത്. ടെലഗ്രാം കുട്ടികളുടെ ലൈംഗികതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതിനാൽ, ഈ ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട്, നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബംഗലൂരുവിലെ വിദ്യാര്‍ത്ഥിനി അഥീന സോളമന്‍ ആണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.

കുറ്റവാളികളും തീവ്രവാദികളും തങ്ങളുടെ സന്ദേശങ്ങൾ വിനിമയം ചെയ്യുവാനായി ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം ആരാഞ്ഞു നോട്ടീസ് അയച്ചു.

സാധാരണ ഉപയോഗിക്കപ്പെടുന്ന സന്ദേശകൈമാറ്റ ആപ്പുകളിലുള്ളതിനേക്കാൾ സ്വന്തം വിവരം നിഗൂഢമാക്കി വയ്ക്കാനുള്ള അവസരം ടെലഗ്രാം ഉപയോക്താവിന് ലഭിക്കുന്നു എന്ന് ഹര്‍ജിയിൽ പറയുന്നു. ഇതിനു പുറമെ, ടെലഗ്രാമിന്റെ ഒരു ആസ്ഥാനവും ഇന്ത്യയില്‍ പ്രവർത്തിക്കുന്നില്ലെന്നും ഇക്കാരണത്തിനാൽ തന്നെ, ടെലഗ്രാമില്‍ വരുന്ന വിഷയങ്ങൾ സംബന്ധിച്ച പരാതികള്‍ ഒരിക്കലും പരിഹരിക്കപ്പെടുന്നില്ലെന്നും ഹര്‍ജി എടുത്തുകാണിക്കുന്നു. ഇതുകൊണ്ടാണ്, കേന്ദ്ര സര്‍ക്കാര്‍ അശ്ലീല ചിത്രങ്ങളുടെ നിരോധനം കൊണ്ടുവന്നിട്ടും അവ ടെലഗ്രാം വഴി സുലഭമായി ലഭിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, ടെലഗ്രാമിന്റെ, നിഗൂഢതകൾ വർധിച്ചതും അനൗദ്യോഗികവുമായ ‘പ്ലസ്’ എന്ന ആപ്ലിക്കേഷനും സമൂഹമാധ്യമ ഉപയോക്താക്കൾക്കിടയിൽ വ്യാപിക്കുകയാണ്.

കഴിഞ്ഞ മാസമാണ് സുപ്രീംകോടതി സമൂഹ മാധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം ത‍ടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ സ്വകാര്യത ലംഘിക്കാതെ എങ്ങനെ നടപ്പിലാക്കാം എന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.