Wed. Dec 18th, 2024
തൃശ്ശൂര്‍:

കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതു കുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍(14), കുരുതു കുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13) എന്നിവരെയാണ് ആറാട്ടുകടവ് ബീച്ചില്‍ തിരയില്‍ പെട്ട് കാണാതായത്. കടപ്പുറത്ത് അവധി ദിവസം ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് നാലു മുതിര്‍ന്നവര്‍ക്കൊപ്പം കാണാതായ രണ്ടു പേര്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികള്‍ സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്.

കാട്ടൂര്‍ ഫാത്തിമ മാതാ പള്ളിയിലെ അള്‍ത്താര ബാലന്മാരും സെമിനാരി വിദ്യാര്‍ത്ഥികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് ഉരുണ്ടു പോയ പന്തെടുക്കാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥികള്‍. കാണാതായ രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ത്ഥികളാണ് തിരയില്‍പ്പെട്ടത്. ഇതില്‍ ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും അന്‍ല്‍സണെയും ഡെല്‍വിനെയും രക്ഷിക്കാനായില്ല. തിരയില്‍ നിന്നും മുതിര്‍ന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കാട്ടൂര്‍ സ്വദേശി ചിറ്റിലപ്പള്ളി ഡേവിസിന്റെ മകന്‍ ഡെല്‍വിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഴീക്കോട് തീരദേശ പോലീസിന്റെയും കയ്പമംഗലം പൊലീസിന്റെയും നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്താല്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.