Sun. Nov 17th, 2024
റിയാദ്:

സൗദിയിൽ അവിവാഹിതരായ വിദേശിയർക്കും വനിതകൾക്ക് തനിച്ചും ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടൽ മുറികളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ തന്നെ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകാൻ അനുമതി നൽകുന്നതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് അറിയിച്ചു.

നിലവിൽ അടുത്ത ബന്ധുക്കളായ പുരുഷന്മാരുടെ സാന്നിധ്യത്തിലല്ലാതെ സ്ത്രീകൾക്ക് ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകാൻ സൗദി അനുവദിച്ചിട്ടുണ്ടായിരുന്നില്ല. സൗദി ഭരണപ്രദേശത്ത് വനിതകൾക്ക് ഹോട്ടലുകളിലും ഫർണിഷെഡ് അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് ലഭിക്കുന്നതിന് താൻ കുടുംബിനിയാണെന്നും ഭർത്താവിനൊപ്പമാണ് താമസമെന്നും തെളിയിക്കണമെന്നാണ് വ്യവസ്ഥ.

എന്നാൽ, ഇനിമുതൽ എല്ലാം മാറും, അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വനിതകൾക്ക് വാടകയ്ക്ക് നല്കാൻ സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് ഉത്തരവ് നൽകി. സൗദി സ്വദേശികളായ വനിതകൾ തിരിച്ചറിയൽ കാർഡോ ഫാമിലി റെജിസ്റ്ററോ ആണ് ഹോട്ടലുകളിൽ താമസിക്കാൻ ഹാജരാക്കേണ്ടത്.

അതേസമയം, വിദേശ വനിതകൾ ഇഖമായാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കേണ്ടത്. ഇഖാമ ആവശ്യമില്ലാത്ത വിനോദ സഞ്ചാരികൾ അടക്കമുള്ള വനിതകൾ പാസ്‌പോർട്ടാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയാൽ മതിയാകും.

സ്വകാര്യ മേഖലയിലും ബിസിനസ്സ് മേഖലയിലും പ്രവർത്തിക്കുന്ന വനിതകളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനം വനിതകൾക്ക് ഏറെ ഗുണം ചെയ്യും.

സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ, വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി രാജ്യത്തേ പരിഷ്കരിക്കുക എന്ന ധർമം കൂടി ഉൾച്ചേർന്നതാണ് ഈ പുതിയ തീരുമാനം.