Mon. Dec 23rd, 2024
ദോഹ:

ആവേശവും വൈകാരിക നിമിഷങ്ങളും സമ്മാനിച്ച്, ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും. അട്ടിമറികളൊന്നുമുണ്ടായില്ലെങ്കിൽ അമേരിക്ക തന്നെ ഈ ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തും. അവസാന ദിവസമായ ഇന്ന് നടക്കുന്ന ഏഴിനങ്ങളിലെ ഫൈനല്‍ മത്സരങ്ങളിലാണ് എല്ലാ കായിക പ്രേമികളും കണ്ണും നട്ടിരിക്കുന്നത്.

വനിതാ വിഭാഗം ലോങ്ജംപ്, നൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4×400 മീറ്റര്‍ റിലേ, പുരുഷ വിഭാഗം 1500 മീറ്റര്‍, ജാവലിന്‍ ത്രോ, 10000 മീറ്റര്‍, ഇവയായിരിക്കും ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം മെഡല്‍കുറിക്കപ്പെടാൻ പോകുന്ന ഇനങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോട് കൂടി സമാപനദിനത്തിലെ മത്സരങ്ങള്‍ ആരംഭിക്കും. ഇവയിൽ തന്നെ, 4×400 മീറ്റര്‍ മീറ്റര്‍ റിലേ മത്സരമാണ് ഏറ്റവും ഒടുവിൽ നടക്കുക.

ടൂർണമെന്റ് അവസാനിക്കാൻ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ, മെഡൽ വേട്ടയിൽ അമേരിക്ക തന്നെയാണ് മുന്നിൽ. ആകെ പതിനൊന്ന് സ്വര്‍ണമുള്‍പ്പെടെ 25 മെഡലുകളാണ് ഇതുവരെ അമേരിക്ക സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള കെനിയ ഏറെ പിറകിലായി നാല് സ്വർണമുൾപ്പെടെ ഒൻപത് മെഡലുകളുമായി ഏറെ പിറകിലായതിനാൽ തന്നെ അമേരിക്ക ലോക അത്‍ലറ്റിക് കീരിടം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

ഏഷ്യന്‍ രാജ്യങ്ങളുടെ അഭിമാനമായി ചൈന മൂന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഒമ്പതാം ദിവസം ജമൈക്ക അവരെ കടത്തി വെട്ടി.

ഇത്രയും ചൂടേറിയ ദോഹപോലുള്ള മേഖലയിൽ എന്തുകൊണ്ടാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ് നടത്തുന്നതെന്ന വിമർശനങ്ങൾ ഉയർന്നിരുന്ന, ഏറെ പ്രത്യേകതകളുള്ള വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിച്ച ഈ മാമാങ്കവും എരിഞ്ഞു തീരുകയാണ്.

രാത്രി ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന വര്‍ണാഭവും പ്രൗഢ ഗംഭീരവുമായ സമാപനച്ചടങ്ങുകള്‍ക്കൊടുവിൽ ഈ ലോക കായിക മേളയ്ക്ക് തിരശീല വീഴും.