Tue. Nov 5th, 2024

എന്താണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമകളുടെ സവിശേഷത? എന്തുകൊണ്ടാണ് കേവലം ആറ് സിനിമകൾ ചെയ്തു കഴിയുമ്പോഴേക്കും അയാളുടെ സിനിമകൾ ‘ലോക്കൽ ഈസ് ഇൻറർനാഷണൽ’ എന്ന ടാഗ് ലൈനിൽ ലോകമൊട്ടുക്കുമുള്ള ആരാധകർ ഉയർത്തിക്കൊണ്ടു വരുന്നത്? കലാപങ്ങളുടെ യജമാനൻ എന്നാണ് ടൊറെന്റാ ചലച്ചിത്ര മേളയിൽ അദ്ദേഹത്തെ സംഘാടകർ വിശേഷിപ്പിച്ചത്.

തീർച്ചയായും ഓരോ പുതിയ കാലഘട്ടത്തിലും ഉയർന്നു വരാറുള്ള പുത്തൻ സിനിമാ മുന്നേറ്റങ്ങൾ ഉണ്ടായതു പോലെ ഒരു കാലത്തിലൂടെയാണ് മലയാള സിനിമ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സിനിമ പ്രവർത്തകരുടെ പുതിയ നിര ഉയർന്നു വന്നിരിക്കുന്നു. ഒരു പുതിയ ധാര മലയാള സിനിമയുടെ ഓരത്ത് നിന്നും ഇടിച്ചു കയറി മുഖ്യധാരയിലേക്ക് ഒരു വില്ലുവണ്ടിയുമായി കടന്നു വരികയാണ്. അതൊരു ഏകാത്മകമായ വിഗ്രഹ രൂപത്തിലല്ലെന്നും പല ധാരകളിൽ പല വൈവിധ്യങ്ങളിൽ കുനുകുനെ വിരിയുന്ന ചെറു സൂക്ഷ്മതകളിലൂടെയാണെന്നും എല്ലാവർക്കുമറിയാം. അതിന്റെ ഒരു പ്രധാന ധാരയും പ്രതലവുമാണ് ലിജോ സിനിമകൾ.

നമുക്കറിയാം ഒരു പ്രത്യേക ജോനർ സിനിമകൾ ചെയ്യുന്നയാളല്ല അദ്ദേഹം. നായകൻ, സിറ്റി ഓഫ് ഗോഡ്, അമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഈ.മ.യൗ ഏറ്റവും ഒടുക്കം ജെല്ലിക്കെട്ട്. ആക്ഷൻ, ഡ്രാമ, മാജിക്കൽ റിയലിസം, സർറിയലിസം, റിയലിസം, ഗാങ്ങ്സ്റ്റർ വൈവിധ്യങ്ങളുടെ കുത്തൊഴുക്കാണ് അയാളുടെ സിനിമകൾ. എന്നാൽ പരാജയപ്പെട്ടുപോയ നായകനിൽ ഒഴിച്ച് ബാക്കി ഈ സിനിമകളിലെല്ലാം ഒരു പ്രധാന ഘടകം ആരുമറിയാതെ ലിജോ സൂക്ഷിക്കുന്നുണ്ട്. അതിനെക്കുറിച്ച് വ്യക്തമാക്കുന്നതിന് മുൻപ് നായകനൊഴികെയുള്ള സിനിമകളുടെ ചെറിയ സൂചനകൾ നല്കണ്ടതുണ്ട്.

നഗരജീവിതത്തിൽ ഉപരിവർഗ്ഗങ്ങളുടെയും അരികുവത്കരിക്കപ്പെടുന്നവരുടെയുംസംഘർഷങ്ങളുടെ കഥയാണ് സിറ്റി ഓഫ് ഗോഡ്സ്, സർറിയലായ ഒരു ഗ്രാമത്തിനകത്ത് പാരമ്പര്യ ക്രിസത്യൻ സമൂഹത്തിനകത്ത് വരേണ്യ കൃസ്ത്യൻ യുവതിയും പിന്നോക്ക ക്രിസ്ത്യാനിയായ യുവാവും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മാജിക്കൽ റിയലിസ്റ്റ് സിനിമയായിരുന്നു ആമേൻ. ഡബിൾ ബാരൽ അതു വരെ മലയാള സിനിമ കണ്ടു ശീലിച്ചിട്ടില്ലാത്ത സ്പൂഫ് പരീക്ഷണമായിരുന്നു. തീർത്തും പരിചിതമല്ലാത്ത ഒരു അധോലോകത്തെ അസ്വാഭാവികവും അസാധാരണവുമായ വല്ലാത്തൊരു കളിയാക്കലിലൂടെയാണ് അയാൾ ആ സിനിമയിൽ കാഴ്ചവച്ചത്. അങ്കമാലി ഡയറീസ് ഒരു ഗ്യാങ്സ്റ്റർ സിനിമയായിരുന്നു, അങ്കമാലി എന്ന പ്രദേശത്തിന്റെ യുവത്വത്തിലൂടെയും അതിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളിലൂടെയും ജനജീവിതങ്ങളിലൂടെയും അയാൾ രണ്ടു സംഘങ്ങളുടെ സംഘർഷങ്ങളുടെ കഥയാണ് പറഞ്ഞത്.

ഈ മ യൗ മരണത്തിന്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കായി തീരദേശ ജീവിതത്തിന്റെ നാഡി ഞരമ്പുകൾ ലിജോ കാട്ടിത്തന്നു. അവസാനം ജല്ലിക്കെട്ടിലെത്തുമ്പോൾ അത് കുടിയേറ്റ ജീവിതത്തിന്റെയും മനുഷ്യത്വവും മൃഗീയതയും തമ്മിൽ വേർതിരിക്കുന്ന നേർത്ത വര വീണ്ടും വീണ്ടും നേർപ്പിച്ച് ഇല്ലാതാകുന്നതായും കാണാം.

ഇവയിലെല്ലാം ഒരു പൊതു ഘടകം ഈ സിനിമകളിൽ കനപ്പെട്ടുകിടക്കുന്ന സാമൂഹികതയുടെയും വൈവിദ്ധ്യങ്ങളുടെയും സൂക്ഷ്മമായ അടയാളപ്പെടുത്തലുകളിലൂടെയുമാണ്. മാജിക്കൽ റിയലിസമായിക്കൊള്ളട്ടെ സ്പൂഫ് ആയിക്കൊള്ളട്ടെ ഗ്യാങ്സ്റ്റർ പടമാകട്ടെ റിയലിസമാകട്ടെ ആ കഥ നടക്കുന്ന മുഴുവൻ സാമൂഹിക പരിസരത്തെയും അതിന്റെ ചൂടും ചൂരും ശബ്ദങ്ങളും ഭാവുകത്വങ്ങളും ആറ്റിക്കുറുക്കി ചിത്രീകരിക്കുന്നതുകൊണ്ടാണ് ലിജോ സിനിമകൾക്ക് അസാമാന്യമായ ഒരു പ്രതലവും കനവും കൈവരുന്നത്.

സറിയലായ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായ ആമേനിലും സ്പൂഫ് പടമായ ഡബിൾ ബാരലിലും ഈ സാമൂഹികതയുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെത്തുമ്പോൾ സംവിധായകൻ ആ പ്രദേശത്തിന്റെ മുഴുവൻ സത്തയും ആറ്റിക്കുറുക്കിയെടുക്കുകയാണ്. കഥാസന്ദർഭത്തിൽ ആ സമൂഹത്തിന്റെ ഭക്ഷണ രീതികൾ ഉൾപ്പെടുന്നതു മുതൽ സംഗീതത്തിലും പശ്ചാത്തല സംഗീതത്തിലും അതിന്റെ ചായാഗ്രാഹണ രീതിയിൽ പോലും ഒരു വിട്ടുവീഴ്ചയില്ലാതെയാണ് അത് ഒപ്പിയെടുത്തിരിക്കുന്നത്. അവസാന രംഗത്തിലെ ഒമ്പത് മിനിറ്റ് നീളുന്ന അമ്പ് പെരുന്നാൾ സംഘട്ടന രംഗവും മറ്റും ഈ സാമൂഹികതയുടെ തെളിച്ചമുള്ള വിളംബരമൂർച്ചകളാണ്. സാമൂഹികത എന്നാൽ കഥ സന്ദര്ഭവുമായി ഒരു വലിയ കൂട്ടം ജനങ്ങൾ അവരുടെ നിത്യജീവിതത്തിൽ സ്വാഭാവികമായി സിനിമയിൽ ഇടപഴകുകയാണ്.

ലിജോയുടെ ഏതു സിനിമയുമായിക്കൊള്ളട്ടെ ഒരു വലിയ സാമൂഹിക പ്രതലം അതിലെല്ലാം കാണാം. ഒരു വലിയ കൂട്ടം ജനങ്ങൾ സിനിമയിലെ ആ സാമൂഹിക പ്രതലവുമായി ബന്ധപ്പെട്ടു പരസപരം കൊടുക്കൽ വാങ്ങലുകൾ നടത്തിയും, അവരുടെ സാംസ്‌കാരിക പരിസരത്തിൽ ആസ്വാദിച്ചും ഭൗതിക സാഹചര്യങ്ങൾക്കുവേണ്ടി മത്സരിച്ചും പരസ്പരം കലഹിച്ചും ജീവിക്കുന്നു.ആമേൻ മുതലിങ്ങോട്ട് എല്ലാ സിനിമകളിലും ഈ സാമൂഹികത അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും കാണാം. ഡബിൾ ബാരലിൽ എത്ര സംഘങ്ങളും എത്രയെത്ര ചെറുഗ്രൂപ്പുകളും ജീവിക്കുന്നു, അധികാര വടംവലികൾ നടത്തുന്നു. എന്തൊരു വലിയ പ്രതലമാണ് ആ സിനിമ. ഏതു സിനിമയും എടുക്കു നമുക്കീ പൊതു ലക്ഷണം കാണാനാകും. ന്യായാന്യായങ്ങൾ പരിശോധിച്ച് നോക്കിയാൽ അയാളുടെ സിനിമകളിൽ നൈതികമായി വില്ലനാരാണെന്നോ നയനാകാനാരാണെന്നോ നമുക്ക് വളരെയധികം സംശയമുണ്ടാകും. അതാണ് ഈ സാമൂഹികതയുടെ ഏറ്റവും വലിയ ലക്ഷണം.

സത്യത്തിൽ പുതിയ കാലഘട്ടത്തിലെ മുഴുവൻ സിനിമകളും സംവിധായകരും സാമൂഹികതയെ ഒരു മാധ്യമമായി കാണുന്നുണ്ട്. രാജീവ് രവിയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും മുഹമ്മദ് സക്കറിയയും സൗബിൻ ഷാഹിറും എല്ലാം അവരുടെ സിനിമകളിലൂടെ പുതിയൊരു സാമൂഹികതയെ പുറത്തേക്ക് വക്കുന്നുണ്ട്. മലയാള സിനിമ തൊണ്ണൂറുകൾക്ക് ശേഷം കൊട്ടിഘോഷിച്ച മലയാണ്മയെ അത് തച്ചുടക്കുകയാണ്. അതിൽ പ്രധാനിയാണ് ലിജോ. എന്നാൽ ഇവരിൽ നിന്നെല്ലാം ലിജോയുടെ ക്രാഫ്റ്റിനെ വ്യത്യസ്തമാക്കുന്നത് ഈ ജനസഞ്ചയങ്ങളുടെ പ്രവാഹത്തെ അതിശയിപ്പിക്കും വിധം നയന്ത്രിച്ചു കൊണ്ട് അതിന്റെ മുഴുവൻ രസമുകുളങ്ങളെയും ഉദ്ദീപിപ്പിക്കുന്നതു കൊണ്ടാണ്.

സത്യത്തിൽ അയാൾ ഒരു സാമൂഹിക പരിസരത്തെ സാങ്കല്പികമായി സൃഷ്ടിക്കുകയും അതിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്താത്ത രീതിയിൽ അതിനെ പകർത്തിയെടുക്കുകയും ചെയ്യുകയാണ്. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും ലിജൊ സിനിമകൾ രാഷട്രീയ ശരികേടായി അനുഭവപ്പെടുന്നത്. പക്ഷെ സാമൂഹികതയെ അടയാളപ്പെടുത്തുമ്പോൾ മുൻമലയാള സിനിമയിലെ കരയോഗം അധീശത്വം ചെയതു കൂട്ടിയ വയലൻസുകളുടെ വഴിയിൽ നിന്നും ലിജോ അകലം പാലിക്കുന്നുണ്ട് എന്ന് മനസിലാകും.

ജല്ലിക്കെട്ട് എത്തുമ്പോൾ സത്യത്തിൽ ഒരു സാമൂഹിക പരിസരത്തെ സൃഷ്ടിക്കുകയും അതിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്താത്ത രീതിയിൽ അതിന്റെ മുഴുവൻ പ്രതലങ്ങളെയും പകർത്തിയെടുക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രവാഹങ്ങളുടെ ആനന്ദമൂർച്ചയാണ് അയാളുടെ മുഴുവൻ സിനിമകളുടെയും ക്ലൈമാക്സുകൾ. ഓർത്തെടുത്താൽ വ്യക്തമാകും എല്ലാ ക്ലൈമാക്സുകളിലും ജനസഞ്ചയങ്ങളുടെ ഈ പ്രവാഹങ്ങൾ കാണാം. അതിന്റെ സങ്കലനങ്ങളും കൂട്ടിച്ചേരലുകളും കാണാം… അതിന്റെ പ്രാദേശികമായ നീതിബോധങ്ങളും സംഗീതത്തിന്റെ തുടിപ്പും അധികാരത്തിന്റെ പിടിവലിയും കാണാം.

ചിലപ്പോൾ അദ്ദേഹം ഈ സാമൂഹികതകളെ കൂട്ടുപിടിക്കാത്ത അനേകം സിനിമകളുമായി നമുക്ക് മുന്നിലേക്ക് വന്നേക്കാം. എന്നിരുന്നാലും നാളിതുവരെയുള്ള അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ബലത്തിൽ നമുക്ക് പറയാം, ജനസഞ്ചയങ്ങളുടെ പ്രവാഹമാണ് ലിജോ സിനിമകൾ.