Tue. Sep 17th, 2024
#ദിനസരികള്‍ 900

 

ഇന്ത്യന്‍ ഭരണഘടന എങ്ങനെ ഇന്നു കാണുന്ന രൂപത്തില്‍ എങ്ങനെ രൂപപ്പെട്ടുവന്നുവെന്ന് ചര്‍ച്ച ചെയ്യുന്ന പ്രസ്തുത പുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും.

1946 ഡിസംബര്‍ ഒമ്പതാം തീയതിയാണ് ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സഭ ഡോക്ടര്‍ സച്ചിദാനന്ദ സിന്‍ഹയെ അധ്യക്ഷതയില്‍ ആദ്യമായി സമ്മേളിക്കുന്നത്. 1947 ആഗസ്റ്റ് 29 ന് ഡോ. ബി ആര്‍ അംബേദ്‌കറുടെ നേതൃത്വത്തില്‍ ഡ്രാഫ്റ്റിംഗ് കമ്മറ്റി നിലവില്‍ വന്നു. 1949 നവംബര്‍ 26 ന് ഭരണഘടന പൂര്‍ത്തിയായി. 1950 ജനുവരി 26 ന് ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ, എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടനയെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ചു. നാല്പത്താറുമുതല്‍ മൂന്നു കൊല്ലം രണ്ടു മാസം പതിനേഴു ദിവസം നീണ്ടുനിന്ന ഭരണഘടനാനിര്‍മ്മാണസഭയുടെ പ്രവര്‍ത്തനങ്ങളെ ഇങ്ങനെ ഏതാനും വാചകങ്ങളില്‍ ചുരുക്കിയെടുക്കുന്നത് അബദ്ധമാണ്. അക്കാലയളവില്‍ ഓരോ അംഗങ്ങളും നടത്തിയ സാരവത്തായ ചര്‍ച്ചകള്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. അവ മറിച്ചു നോക്കുന്ന ഒരാള്‍ക്ക് ഓരോ അംഗങ്ങളും എത്ര എത്ര ആഴത്തിലും ആകാംക്ഷയിലുമാണ് ഓരോ വിഷയത്തോടും പ്രതികരിച്ചതെന്ന് നാം വിസ്മയിച്ചുപോകും.

പ്രധാനമായും ആറു അടിസ്ഥാന കാഴ്ചപ്പാടുകളാണ് നമ്മുടെ ഭരണഘടനയെ വേറിട്ടതാക്കുന്നതെന്ന് “ഇന്ത്യന്‍ ഭരണഘടന” യില്‍ ഡോക്ടര്‍ എം വി പൈലി നിരീക്ഷിക്കുന്നുണ്ട് അവ 1. ജനങ്ങളുടെ പരമാധികാരം, 2. മൌലികാവകാശങ്ങള്‍, 3. നിര്‍‌ദ്ദേശക തത്വങ്ങള്‍, 5. ഫെഡറല്‍ സമ്പ്രദായം, 6.കാബിനറ്റ് സമ്പ്രദായം എന്നിങ്ങനെയാണ്.

ജനങ്ങളുടെ പരമാധികാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് ആമുഖത്തില്‍ തന്നെ നാം സുവ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ജനാധിപത്യത്തേയും അതിന്റെ സംവിധാന ഭംഗിയേയും ആറ്റിക്കുറുക്കിയെടുത്ത വാക്കുകളില്‍ ആമുഖം നോക്കുക – “നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ – മതനിരപേക്ഷ – ജനാധിപത്യ – റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

“ഈ പ്രസ്താവന സൂചിപ്പിക്കുന്നത് രാഷ്ട്രജീവിതത്തിന്റെ ഓരോ അടരുകളേയും നിശ്ചയിക്കാനുള്ള പരമമായ അവകാശം ജനങ്ങള്‍ക്കുതന്നെയാണ് എന്ന സങ്കല്പത്തെയാണ്. അതുകൊണ്ടുതന്നെ” ജനപ്രതിനിധി സഭയിലേക്കും ഓരോ സംസ്ഥാനത്തിലേയും നിയമനിര്‍മ്മാണ സഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണ” മെന്ന് നിജപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കുന്നു. ഏതു സാമൂഹ്യ പശ്ചാത്തലത്തില്‍ ജീവിക്കുന്നയാളാണ് എങ്കിലും ഒരു വോട്ടു മാത്രം അവകാശമാകുകയും അതിന് ഒരേ മൂല്യം തന്നെയായി കണക്കാക്കുകയും ചെയ്യുന്നു. എന്നു മാത്രവുമല്ല തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രമായി നടത്തുവാനും അവയില്‍ ഭയാശങ്കകള്‍ കൂടാതെ പങ്കെടുക്കുവാനുമുള്ള പൌരന്റെ അവകാശങ്ങളെ ഭരണഘടനതന്നെ സംരക്ഷിച്ചു പിടിക്കുന്നു. രഹസ്യ സ്വഭാവത്തിലുള്ള വോട്ടെടുപ്പ് സമ്പ്രദായം ഈ കാഴ്ചപ്പാടുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
(തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.