Mon. Nov 25th, 2024
#ദിനസരികള്‍ 899

 

മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഈ കാലഘട്ടത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ഭരണഘടനയെ അംഗീകരിക്കുന്നതല്ല നിഷേധിക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ രാജ്യം ഭരിക്കുന്നവരുടെ താല്പര്യമെന്ന് പല തവണയായി തെളിയിക്കപ്പെട്ടുകഴിഞ്ഞതുമാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ നിഷേധിക്കുന്നു. അതിനൊരു പ്രധാന കാരണമായി ഭവിക്കുന്നത്, നമ്മുടെ ഭരണഘടന ബഹുസ്വരതയെ മാനിക്കുകയും വ്യത്യസ്തങ്ങളായ മാനവിക മൂല്യങ്ങളെയെല്ലാം ചേര്‍ത്തു പിടിക്കുകുയും ചെയ്യുന്നുവെന്നതാണ്. ഇത് മത തീവ്രവാദികളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

അവര്‍ വാദിക്കുന്നത് ബഹുസ്വരതകളെ ഇല്ലാതാക്കി ഒരൊറ്റ ആശയത്തിന്റെ കീഴിലേക്ക് ഇന്ത്യയെ സംക്രമിപ്പിച്ചെടുക്കണമെന്നാണ്. അതായത് ഭാഷയുടേയും വേഷത്തിന്റെയും വിശ്വാസത്തിന്റേയും കാര്യത്തില്‍ ഹൈന്ദവമായ ശാസനങ്ങളെ അനുവര്‍ത്തിക്കുന്ന ഒരു ജനത മാത്രമേ യഥാര്‍ത്ഥ ഭാരതീയത ഉള്‍‌‍ക്കൊള്ളുന്നുള്ളുവെന്നും അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരൊക്കെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ആളുകളെക്കൂടി ഉള്‍‌ക്കൊള്ളുന്ന വിശാലമായ മാനങ്ങളുള്ള നമ്മുടെ ഭരണഘടനയുടെ, അതിന്റെ അടിസ്ഥാന ധാരണകളെ അട്ടിമറിയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ ചിന്തിക്കുന്നു.

നാം ജീവിച്ചുപോരുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് നിര്‍മ്മിക്കപ്പെട്ട ചരിത്രത്തിലെ പോരാട്ടങ്ങളുടെ ദശാസന്ധികളിലൊന്നും ഇന്ന് അധികാരത്തിലിരിക്കുന്നവരുടെ പൂര്‍വ്വികര്‍ ഭാഗഭാക്കായിരുന്നില്ലെന്നു മാത്രമല്ല ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് കഴിയുന്നത്ര തടസ്സമുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്തവരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ഇന്നു കാണുന്ന ഹിമാലയം മുതല്‍ കന്യാകുമാരിവരെയുള്ള ഒരു ഭൂപ്രദേശത്തെയല്ല മറിച്ച് നൂറുകണക്കായ നാട്ടുരാജ്യങ്ങളെയും, അവിടങ്ങളിലെയൊക്കെ രാജാക്കന്മാരുടേയും അവകാശത്തെക്കുറിച്ചുമാണ് അവര്‍ വേവലാതികൊണ്ടത്. നാട്ടുരാജ്യങ്ങളുടെ അധികാരം ദൈവം നല്കിയതാണെന്നും അതുകൊണ്ടുതന്നെ അതേപോലെ നിലനിറുത്തണമെന്നുമാണ് ആറെസ്സെസ്സും ഹിന്ദുമഹാസഭയുമൊക്കെ വാദിച്ചത്.

“ഇന്ത്യയില്‍ ബ്രിട്ടനു പിന്നില്‍ വിശ്വസ്തതയോടെ ഉറച്ചു നിന്നത് നാട്ടുരാജാക്കന്മാര്‍ മാത്രമായിരുന്നുവെന്നാണ് ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലിന്‍ലിത് ഗോ പ്രഭു അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് സാമന്തന്മാരായി കഴിഞ്ഞിരുന്ന ഇതേ നാട്ടുരാജ്യങ്ങളാണ് ഹിന്ദുമതത്തിന്റെ സംരക്ഷക കേന്ദ്രങ്ങളെന്നും രാജാക്കന്മാരാണ് ഹിന്ദുക്കളുടെ യഥാര്‍ത്ഥ നേതാക്കളെന്നും അവര്‍‌ക്കെതിരെ യാതൊരു വിധത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കും മതവിശ്വാസികള്‍ രൂപം കൊടുക്കരുതെന്നും ആര്‍എസ്എസും ഹിന്ദു മഹാസഭയും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നത്.” (വേണു അമ്പലപ്പടി, കാശ്മീര്‍ പ്രശ്നം ഒരു ചരിത്രാന്വേഷണം. പുരോഗമന കലാസാഹിത്യ സംഘം പ്രസിദ്ധീകരണം). ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ തയ്യാറാകാതെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച തിരുവിതാംകൂറിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചവര്‍ ആര്‍എസ്എസിന്റെ പരമാത്മാവായ സവര്‍ക്കറായിരുന്നുവെന്ന കാര്യം കൂടി ഓര്‍മിക്കുക.

ഇങ്ങനെ രാജ്യത്തെ ശിഥിലീകരിച്ചും ദേശീയ പ്രസ്ഥാനങ്ങളെ പിന്നോട്ടടിപ്പിച്ചും ബ്രിട്ടീഷുകാരോട് ഐക്യപ്പെട്ടും അവര്‍ക്ക് സിന്ദാബാദ് വിളിച്ചും ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ ഒറ്റിക്കൊടുത്തും വൈദേശികര്‍ക്ക് പാദസേവ ചെയ്ത് ജീവിച്ചുപോന്നവര്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളതുവരെ അണിഞ്ഞിരുന്ന കുപ്പായമൂരിവെയ്ക്കുകയും വ്യാജസമ്മിതികളെ നിര്‍മ്മിച്ച് രാജ്യസ്നേഹത്തിനും ദേശീയതക്കുമൊക്കെ പുതിയ പുതിയ മാനങ്ങളെ നിര്‍വചിച്ചെടുക്കുകയും അതിന്റെ വക്താക്കളാകുകയും ചെയ്യുന്നു.ഇപ്പോള്‍ അവര്‍ പറയുന്നതാണെന്ന് രാജ്യതാല്പര്യമെന്ന് വന്നു കൂടുന്നു. അവര്‍ മാത്രമാണ് രാജ്യസ്നേഹികള്‍, അവരുടെ ഇന്ത്യ മാത്രമാണ് യഥാര്‍ത്ഥ ഇന്ത്യ – ബാക്കിയെല്ലാം തന്നെ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാകുന്നുവത്രേ! എന്തൊരു വൈരുദ്ധ്യമാണിതെന്ന് ഭാരതത്തിന്റെ ചരിത്രത്തില്‍ പ്രാഥമികമായ ധാരണയുള്ളവര്‍ പോലും മൂക്കത്തു വിരല്‍ വെച്ചു പോകും. ഈ സാഹചര്യത്തിലാണ് ഗ്രന്‍വില്‍ ഓസ്റ്റിന്‍ എന്ന അമേരിക്കന്‍ ചരിത്രകാരന്‍ എഴുതിയ ഇന്ത്യന്‍ ഭരണഘടന – രാഷ്ട്രത്തിന്റെ ആധാരശില (The Indian Constitution – Cornerstone of a Nation) എന്ന പുസ്തകം നാം ചര്‍ച്ചക്കെടുക്കുന്നത്.

(തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.