Sun. Dec 22nd, 2024

പ്രമുഖരുൾപ്പെടെ ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ അതിരൂക്ഷമായ ശരീരത്തെ ചൊല്ലിയുള്ള കളിയാക്കലുകൾക്ക് പാത്രമായി മാറാറുണ്ട്. ബോഡി ഷെയിമിംങ് എന്നറിയപ്പെടുന്ന ഇത്തരം വലയിൽ പെട്ടുപോകുന്നതാകട്ടെ പലപ്പോഴും സെലിബ്രിറ്റികളാണ്. എന്നാൽ, ബോഡി ഷെയിമിങ്ങുകളെ ഫേസ്ബുക്കിലൂടെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ബോഡി ഷെയ്‌മിങ്ങിനെ വെറും അറിവില്ലായ്മയായി മാത്രമാണ് താൻ കാണുന്നതെന്നാണ് താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം, നടന്‍ മോഹന്‍ലാലിനെതിരെയും ഇത്തരത്തില്‍ ബോഡി ഷെയിമിംഗ് ഉണ്ടായി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രത്തെ എടുത്ത് പൊക്കി, അദ്ദേഹത്തിന് തടി കൂടുതല്‍ ആണെന്ന് കാട്ടി കുറച്ചുപേര്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും കളിയാക്കലും ആയി എത്തിയിരുന്നു.
ഈ സംഭവത്തിന് തക്കതായ മറുപടിയും പേരടിക്ക് പറയാനുണ്ടായിരുന്നു.

കുഞ്ഞാലി മരയ്ക്കാറിലെ ഒരു രംഗം മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രതിഭ കണ്ട് അമ്പരന്നതായും ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന തനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളുവെന്നും അറിയിച്ചു, മോഹൻലാലിന് സലാം പറയുകയായിരുന്നു ഹരീഷ് പേരടി.

ഇതിനു പുറമെ, തന്റെ ഫിറ്റ്നസ് വീഡിയോ പുറത്ത് വിട്ട് ട്രോളുകൾക്കുള്ള മറുപടിയുമായി മോഹൻലാലും രംഗത്ത് വന്നിരുന്നു. തടി കൂടിയെന്നതോ കുറഞ്ഞുവെന്നതോ പരിഗണിക്കാതെ കഥാപാത്രമായി മാറുന്ന താരമാണ് മോഹൻലാല്‍. ഫിറ്റ്‍നെസ്സില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുമുണ്ട്. ഇപ്പോൾ, ആരാധക ശ്രദ്ധപിടിച്ചുപറ്റാൻ കൂടി ഫിറ്റ്നസ് വീഡിയോയിലൂടെ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്.