തിരുവനന്തപുരം :
വർക്കല എസ് ആർ മെഡിക്കൽ കോളജില്‍ അടിമുടി ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍.
മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കാനും കോളജില്‍ ഇനി പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടതില്ലെന്നും ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. മെഡിക്കല്‍ കോളജിനെ സംബന്ധിക്കുന്ന ക്രമക്കേടുകൾ വാര്‍ത്തകള്‍ വഴി പുറത്തുവന്നതിന് പിന്നാലെയാണ്, സർവകലാശാലയുടെ പുതിയ നടപടി.
മെഡിക്കൽ വിദ്യാര്‍ഥികളില്‍ നിന്നും വൻതുക ഫീസ് ഗണത്തിൽ കൈപ്പറ്റുകയും അതേസമയം, ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിനു വര്‍ക്കല എസ് ആർ മെഡിക്കല്‍ കോളജിനെതിരെ വഞ്ചനാക്കുറ്റത്തിന് തന്നെ കേസെടുക്കണമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെ കൂടാതെ, കോളജിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ മറ്റു കോളജിലേക്ക് മാറ്റണമെന്നും വിജിലന്‍സ് നിർദേശിച്ചു.
വർക്കല എസ് ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ മിക്കവയും ക്രമക്കേടുകൾ നിറഞ്ഞവയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചതുൾപ്പെടെ, മെഡിക്കല്‍ കൗണ്‍സിലര്‍ പറയുന്ന ഡോക്ടര്‍മാരെ നിയമിക്കാതെ, രോഗികളും ജീവനക്കാരും ഒന്നുമില്ലാതെ, കുറഞ്ഞ പക്ഷം അവിടുത്തെ പ്രിന്‍സിപ്പല്‍ നിയമനം വരെ തെറ്റാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിജിലന്‍സിന്റെ പരിശോധന നടന്ന തിയതിയിൽ, അവിടെ കൂടുതലും വാടക രോഗികളായിരുന്നുവെന്നും കെഎസ്ഇബി കണക്ഷന്‍ പോലും ശരിയായവിധത്തിലല്ല ഉള്ളതെന്നാണ് വിജിലൻസ് മനസിലാക്കിയത്. ഇത്തരത്തിൽ വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന കോളജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് വിജിലന്സിന്റെ മുഖ്യ ശിപാര്‍ശ.