Tue. Nov 5th, 2024
യു എ ഇ:

ദുബായില്‍ നിന്നും ഭീമൻ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവിലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതി ഇനി ഒരു മലയാളി യുവതിക്ക് സ്വന്തം. ദുബായ്, ഖിസൈസിലെ ഒരു സ്വകാര്യ സ്കൂള്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്ത്‌വരുന്ന കൊല്ലം കുരീപ്പുഴ സ്വദേശിനി സുജ തങ്കച്ചനാണ് ദുബായിയുടെ ചരിത്രത്തിലെ തന്നെ അത്യപൂവ്വനേട്ടവുമായി തിളങ്ങിയത്. കേരളത്തിൽ വെറും സ്കൂട്ടര്‍ മാത്രം ഓടിച്ച് പരിചയമുള്ള സുജ, വളരെയധികം പരിശ്രമിച്ചതിലൂടെയാണ്, ദുബായിലെ ഹെവി ലൈസന്‍സ് നേടിയെടുക്കുന്നത്.

നേരത്തെ, ആറു തവണ ലൈസന്‍സിനായുള്ള ടെസ്റ്റില്‍ സുജ പരാജയപ്പെട്ടിരുന്നു. എങ്കിലും, സ്വന്തം നിശ്ചയദാര്‍ഢ്യം വിട്ടു നൽകാതെ, പരിശീലനം തുടരുകയും ഏഴാം തവണ വിജയ ശ്രീലാളിതയാവുകയും ചെയ്തു. മുൻപ്, കണ്ടക്ടര്‍ മാത്രമായിരുന്നെങ്കിൽ, ഇനി മുതൽ ഡ്രൈവര്‍ സീറ്റിലേക്ക് ഇരിക്കാൻ പ്രാപ്തയായിരിക്കുകയാണ്.

ഹെവി വാഹനങ്ങള്‍ ഓടിച്ചിരുന്ന സ്വന്തം അമ്മാവനായിരുന്നു, സുജയ്ക്കും വലിയ വാഹനങ്ങൾ ഓടിക്കുവാനുള്ള ആഗ്രഹമുണ്ടാക്കി കൊടുത്തത്. അതേസമയം, നാട്ടില്‍ വെറും സ്കൂട്ടര്‍ ഓടിച്ച് നടക്കാൻ മാത്രമാമായിരുന്നു, സുജയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ, സ്കൂള്‍ ബസിലെ കണ്ക്ടര്‍ ജോലിയ്ക്കായി, മൂന്ന് വര്‍ഷം മുന്‍പേ, ദുബായിലെത്തിയതോടെ ഉള്ളിലെ ആഗ്രഹം പുറത്തേക്ക് വരുകയായിരുന്നു.

ആദ്യമാദ്യം, നാട്ടിലും ഗള്‍ഫിലുമുള്ള ബന്ധുക്കൾ, സ്കൂള്‍ അധികൃതർ തുടങ്ങിയവരുടെ പിന്തുണയോടെ മുന്നോട്ട്പോയി. ദുബായിലെ അല്‍ അഹ്‍ലി ഡ്രൈവിങ് സ്കൂളിലായിരുന്നു പരിശീലനം ആരംഭിച്ചത്. പരിശീലകന്‍ ഗീവര്‍ഗീസിന്റെ സഹകരണത്തോടെ ക്ലാസുകള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയും ചെയ്തു.

ദുബായില്‍ തന്നെ നഴ്സായി ജോലിചെയ്യുന്ന സഹോദരന്‍ ഡൊമിനിക്, അച്ഛന്‍ തങ്കച്ചന്‍, അമ്മ ഗ്രേസി തുടങ്ങിയവരെല്ലാം ശക്തിപകർന്ന് ഓരോ ടെസ്റ്റിലെയും പരാജയങ്ങള്‍ക്കൊടുവില്‍ ഒപ്പം നിന്നു. അങ്ങനെ, ഏഴാം ശ്രമത്തില്‍ ലൈസന്‍സ് സ്വന്തമാക്കിയപ്പോള്‍ അത് ദുബായിലെ പുതിയ ചരിത്രവുമായി.

ദുബായില്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സുജയെന്ന് അല്‍ അഹ്‍ലി ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അധികൃതരുടെ വക പ്രത്യേക അനുമോദനവും സുജയ്ക്ക് നല്‍കി. എകദേശം, ഒന്‍പത് മാസകാലയളവ് മാത്രം എടുത്താണ്, പരിശീലനം നടത്തി സുജ ലൈസൻസ് സ്വന്തമാക്കിയത്.