Sun. Apr 6th, 2025 10:36:38 AM
തിരുവനന്തപുരം :

ഡ്രൈവർമാരുടെ കുറവ് മൂലം കെഎസ്ആർടിസിയിൽ സർവീസുകൾ വെട്ടിക്കുറച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂപംകൊണ്ടിരിക്കുന്നത്.

ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കേണ്ടി വന്നത്. പലയിടങ്ങളിലും ഡബിള്‍ഡ്യൂട്ടി ചെയ്തവരെ കൊണ്ടുതന്നെ വീണ്ടും സർവീസ് നടത്തിച്ചതിലൂടെയാണ്, യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിച്ചത്. അതേസമയം, കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയേക്കുമെന്നാണ് സൂചനകൾ. തെക്കന്‍ കേരളത്തിനെയായിരിക്കും പ്രതിസന്ധി കൂടുതല്‍ ബാധിക്കുക. വർധിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമന്ന് യൂണിനയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എങ്കിലും, ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ജീവനക്കാരുടെ ദൗർലഭ്യത്തെ തുടർന്ന്, എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മലയോര മേഖല നിവാസികൾക്ക് വൻ തിരിച്ചടിയായി.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്നാണ്, ഏറ്റവും കൂടുതല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരിക്കുന്നത്. ഇതിനിടെ, യാത്രാ മുടക്കം രൂക്ഷമായതോടെ ചിലസ്ഥലങ്ങളിൽ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിലവിലെ, പ്രതിസന്ധി പരിഹരിക്കാനായി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസിലുള്ളവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യൂണിയനുകൾ ആവശ്യപെട്ടിരിക്കുന്നത്.

അതേസമയം, സര്‍വീസുകള്‍ റദ്ദാക്കിയത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ദിനംപ്രതി ഒരു കോടിയോളം രൂപയാണ് കെഎസ്ആടിസിക്ക് നഷ്ടമാകുന്നത്.

65 കോടിയോളം രൂപയോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തന്നെ വേണ്ടിവരും. ഇതിനു പുറമെയാണ്, മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കൂടി കണ്ടെത്താൻ ആനവണ്ടികൾ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്.