Sun. Dec 22nd, 2024
ഷാര്‍ജ:

‘തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍’ എന്ന സന്ദേശവുമായി, മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം അല്‍താവൂന്‍ എക്സ്പോസെന്‍ററില്‍ ഈ മാസം 30ന് ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക സ്നേഹികൾ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ പല ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും.

കേരള ഭൂമികയിൽ നിന്നുള്‍പ്പെടെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

മലയാളി എഴുത്തുകാരുടേതുൾപ്പെടെ കേരളത്തിലെയും യുഎഇയിലെയും നൂറ്റമ്പതോളം പുസ്തകങ്ങളും പ്രകാശനം ചെയ്യും. ചര്‍ച്ചകൾ, സെമിനാറുകൾ, ശില്‍പശാലകൾ, മുഖാമുഖം, തത്സമയ പാചക പരിപാടികൾ തുടങ്ങി ഒട്ടേറെ പരിപാടികൾ കോർത്തിണക്കിയുള്ളതായിരിക്കും പുസ്തകോത്സവം.

സാഹിത്യ നൊബേല്‍ ജേതാവും തുര്‍ക്കിയിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരനുമായ ഒര്‍ഹാന്‍ പാമുക് ആണ് മേളയിലെ മുഖ്യ അതിഥി. അദ്ദേഹത്തിന് പുറമെ, ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത് തുടങ്ങിയവരടങ്ങുന്ന നിരയും മേളയിലുണ്ടാവും.

പത്തുദിവസം നീളുന്ന മേള എഴുത്തിനെയും വായനയേയും ചിന്തയെയും പുതിയ കാലത്തെ അന്തരീക്ഷത്തിലേക്ക് നയിക്കാൻ ശക്തി പകരും.

കേരളത്തിൽ നിന്നും പ്രമുഖ ഗണത്തിൽ നടന്‍ ടൊവിനോ തോമസ്, ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ എന്നിവർ പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

അറബ് രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേതുമായ പുസ്തകമേളയാണ് ഷാര്‍ജയില്‍ നടക്കുന്നത്. മെക്സിക്കോയായിരിക്കും ഇത്തവണ രാജ്യാന്തര പുസ്തകമേളയിലേക്ക് അതിഥി രാജ്യമായി എത്തുക. ഇക്കാരണത്തിനാൽ തന്നെ, മെക്സിക്കോയുടെ സാഹിത്യ ചരിത്രം അനാവരണം ചെയ്യുന്ന പ്രത്യേക പരിപാടികളും മേളയില്‍ നടക്കും.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേളയ്ക്ക് നേതൃത്വം നൽകുക. 20000 മുതൽ 50000 പേർ വരെ പരിപാടിയിൽ ഭാഗഭാക്കുകളാകുവാൻ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
നവംബർ ഒൻപതിന് മേള സമാപിക്കും.