Sun. Dec 22nd, 2024
അരൂര്‍:

അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. റോഡ് നിര്‍മാണം തടസ്സപ്പെടുത്തി എന്നാരോപിച്ച് പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍ അരൂര്‍ പോലീസാണ് കേസെടുത്തത്. എരമല്ലൂര്‍-എഴുപുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി എന്നാരോപിച്ച് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എസ്പി കൂടുതല്‍ അന്വേഷണത്തിനായി പരാതി അരൂര്‍ പോലീസിന് പരാതി കൈമാറുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന പേരിലാണ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിര്‍മാണപ്രവര്‍ത്തനം നടത്തിയത് തടയുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തത് എന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും പ്രതികരിച്ചു.

ഷാനിമോള്‍ ഉസ്മാനെ കൂടാതെ അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ തന്നെ നടന്നുവന്നിരുന്ന നിര്‍മാണ പ്രവൃത്തിയാണ് ഷാനിമോളുടെ നേതൃത്വത്തില്‍ തടഞ്ഞത് എന്നാണ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ വാദം.