Wed. Jan 22nd, 2025
കൊച്ചി:

മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. എന്നാല്‍ പുതിയ താമസ സൗകര്യം കണ്ടെത്തുന്നതിനായി ഏതാനും ദിവസം കൂടി സമയം അനുവദിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിന് ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാം എന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

അതുകൊണ്ടു തന്നെ കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായേക്കുമെന്ന ഭയത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ എറണാകുളം ജില്ലാ ഭരണകൂടം താമസക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളാറ്റുകള്‍ ഒഴിയുന്നതിനായി കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് താമസിക്കാനായി സൗകര്യം ഒരുക്കാമെന്നു പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇതിനായി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഫ്ളാറ്റുടമകള്‍ പറയുന്നത്. നിലവില്‍ താമസിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളുള്ള താമസ സൗകര്യം വേണമെന്നാണ് ഫ്ളാറ്റുടമകളുടെ ആവശ്യം.

വാടകയ്ക്ക് ലഭ്യമാകുന്ന താമസസൗകര്യങ്ങളെ സംബന്ധിച്ച് ഫ്ളാറ്റുടമകള്‍ക്ക് ലിസ്റ്റു നല്‍കാന്‍ മാത്രമേ കഴിയൂ എന്നും പ്രായോഗികമായി പുനരധിവാസം സാധ്യമല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. താമസ സൗകര്യം ഫ്‌ളാറ്റുടമകള്‍ തന്നെ കണ്ടെത്തണമെന്നാണ് ഇപ്പോള്‍ ജില്ലാഭരണകൂടത്തിന്റെ നിലപാട്.

മരട് പ്രദേശത്തൊന്നും ഇപ്പോള്‍ ഫ്ളാറ്റോ വീടോ പെട്ടെന്ന് വാടകയ്ക്ക് കിട്ടാനില്ലെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വീടോ ഫ്ളാറ്റോ സ്വന്തമായി കണ്ടെത്തി താമസം മാറാന്‍ വിഷമമാണെന്നും താമസക്കാര്‍ പറയുന്നു. അതിനാലാണ് 15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇവര്‍ പറയുന്നു. പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ താമസക്കാരുമായി ഫ്‌ളാറ്റ് പൊളിക്കുന്നതിന് ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഇന്നലെ ഫ്‌ളാറ്റുടമകളെ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു.

ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോകുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കണമെന്നും 15 ദിവസം കൂടി വൈദ്യുതിയും വെള്ളവും നല്‍കണമെന്നുമാണ് ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.

ഫ്ളാറ്റുകളില്‍ നിന്നും താമസക്കാര്‍ ഒഴിയാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷനുകള്‍ ഇന്ന് വൈകുന്നേരം തന്നെ വിച്ഛേദിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.