Wed. Dec 18th, 2024
കോഴിക്കോട്:

ബന്ധുക്കളായ ആറു പേര്‍ സമാനമായ രീതിയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ നാളെ ഫോറന്‍സിക് വിഭാഗം കല്ലറ തുറന്നു പരിശോധിക്കും. കൂടത്തായി ലൂര്‍ദ് മാത പള്ളിയിലെ കല്ലറകളാണ് വെള്ളിയാഴ്ച രാവിലെ തുറന്നു പരിശോധിക്കുക. ദുരൂഹ മരണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായാണ് പരിശോധന. കല്ലറ തുറന്നുള്ള പരിശോധനയില്‍ മണ്ണില്‍ ദ്രവിക്കാതെ ശേഷിക്കുന്ന എല്ലിന്‍ കഷണങ്ങളും പല്ലും പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കും.

മരിച്ച ആറു പേരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടത്തായി ലൂര്‍ദ് മാത പള്ളിയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഇവിടത്തെ പരിശോധനയ്ക്കു ശേഷം ആവശ്യമെങ്കില്‍ മറ്റു രണ്ടു പേരെ അടക്കം ചെയ്ത കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറകളും തുറന്നു പരിശോധിക്കാനാണ് ഫോറന്‍സിക് വിഭാഗത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും തീരുമാനം.

കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ബന്ധുക്കളായ ആറു പേരാണ് ഏതാനും വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനമായ രീതിയില്‍ കുഴഞ്ഞു വീണു മരിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ഇവരുടെ ബന്ധു സിലിയും പത്തുമാസം പ്രായമുള്ള മകളുമാണ് മരിച്ചത്.

2002 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലായാണ് പൊന്നാമറ്റം കുടുംബത്തില്‍ ആറ് മരണങ്ങളും സംഭവിച്ചത്. 2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരണമടഞ്ഞത്. പിന്നീട് 2008ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ ടോം തോമസിന്റെ മകന്‍ റോയ് തോമസും മരിച്ചു. 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലും സമാനമായ രീതിയില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. 2016ലാണ് ഇവരുടെ ബന്ധുവായ സിലിയും കുഞ്ഞും മരിച്ചത്.

ഇതില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റു മോര്‍ട്ടം നടത്തിയിരുന്നത്. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം എന്ന് പോസ്റ്റു മോര്‍ട്ടത്തെില്‍ തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു മരണങ്ങളെല്ലാം സാധാരണ ഹൃദയ സ്തംഭനം എന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റോയിയുടെ ബന്ധുവിന് ഈ മരണങ്ങളില്‍ സംശയം തോന്നിയത്.

ഇതിനെ തുടര്‍ന്നായിരുന്നു മരിച്ച ദമ്പതികളുടെ മകന്‍ റോജോ പരാതി നല്‍കിയത്. മരണത്തിലെ ദുരൂഹതയും ചില സംശയങ്ങളും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് ദുരൂഹ മരണങ്ങളില്‍ അന്വേഷണം തുടങ്ങിയത്.

ഈ മരണങ്ങളില്‍ പലതും പെട്ടെന്ന കുഴഞ്ഞു വീണായിരുന്നതിനാല്‍ ഹൃദയാഘാതമാണ് എന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ മരിച്ച ദമ്പതികളുടെ മകന്‍ റോജോ ആണ് ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത്. ഈ പരാതിയെ തുടര്‍ന്ന ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ മരണങ്ങളിലെ ദുരൂഹത തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും സൂചനയുണ്ട്. ഫോറന്‍സിക് പരിശേധനാ ഫലം ലഭിച്ചു കഴിഞ്ഞാല്‍ സംഭവത്തിലെ നീങ്ങുമെന്നാണ് ക്രൈംബ്രാഞ്ച് സംഘവും പ്രതീക്ഷിക്കുന്നത്.