Wed. Jan 22nd, 2025
പൂനെ:

അധോലോക നായകന്‍ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ ബിജെപി-ശിവസേനാ സഖ്യം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെസ്റ്റ് മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ദീപക് നികല്‍ജെ മത്സരിക്കുന്നത്. ബിജെപി സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയാണ് നികല്‍ജെ.

എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി ആറ് സീറ്റുകളിലാണ് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയുടെ നേതൃത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മത്സരിക്കുന്നത്. മുംബൈയില്‍ വെച്ച് രാംദാസ് അത്താവാലെ തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

നിരവധി വര്‍ഷങ്ങളായി അത്താവാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ദീപക് നില്‍ജെ നേരത്തെ മുംബൈ ചെമ്പൂര്‍ മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഫല്‍ത്താന്‍ മേഖലയില്‍ നിന്നുള്ള ദീപക് ഇത്തവണ തനിക്കു സ്വാധീനമുള്ള മേഖലയില്‍ നിന്നുതന്നെയാണ് മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ നികല്‍ജെക്കുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി നേതൃത്വവും.

സോലാപൂര്‍ ജില്ലയിലെ മാല്‍ഷിറാസ്, നന്ദേഡ് ജില്ലയിലെ ഭണ്ഡാര, നെയ്ഗാവ്, പര്‍ഭാനിയിലെ പത്രി, മുംബൈയിലെ മാന്‍ഖുര്‍ദ്-ശിവാജി നഗര്‍ എന്നിവയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മത്സരിക്കുന്ന മറ്റുസീറ്റുകള്‍. ഒക്ടോബര്‍ 21-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

ദീപകിന്റെ സഹോദരന്‍ ഛോട്ടാരാജനെ 2015ല്‍ ബാലിയില്‍ വെച്ച് ഇന്‍ഡോനേഷ്യന്‍ പോലീസ് പിടികൂടി ഇന്ത്യക്ക് കൈമാറുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ജേഡെയെ വധിച്ച കേസില്‍ വിചാരണ കാത്ത് നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയാണ് ഛോട്ടാ രാജന്‍.