Sun. Dec 22nd, 2024
#ദിനസരികള്‍ 897

 

കേരള സര്‍ക്കാര്‍ 2017 സെപ്തംബറില്‍ പ്രണാമം എന്ന പേരില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. എണ്‍പത്തിയെട്ടു പേജുള്ള ഈ പുസ്തകത്തില്‍ മഹാത്മയെക്കുറിച്ച് നാല്പതു കവികളുടെ രചനകളാണ് ഉള്‍‌‍പ്പെടുത്തിയിട്ടുള്ളത്. വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പുമടക്കമുള്ള പഴയ തലമുറയും ശ്രീകുമാരന്‍ തമ്പി, വാണിദാസ് എളയാവൂര്‍ മുതലായ പുതു തലമുറക്കാരും ഈ സമാഹാരത്തില്‍ തങ്ങളുടെ ഗാന്ധിയെ അവതരിപ്പിക്കുന്നു. ഗാന്ധിജി ഒരു കാലത്ത് കേരളത്തെ ജ്വലിപ്പിച്ചു നിറുത്തിയ, സ്വാതന്ത്ര്യ സമരസന്നാഹങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെടാന്‍ പ്രകോപിപ്പിച്ച ധീരമായ ഒരാശയമായിരുന്നു. ചരിത്രത്തിലെ സന്ദിഗ്ദ്ധമായ ദശാസന്ധികളില്‍ ഒരു പക്ഷേ ചില തീരുമാനങ്ങള്‍ – നിലപാടുകള്‍ – അദ്ദേഹത്തിന് തെറ്റിപ്പോയിരിക്കാം. അംബേദ്‌കറെപ്പോലെയുള്ളവര്‍ അന്നുതന്നെ അതു ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും തനിക്ക് ശരിയെന്ന് തോന്നാത്തിടത്തോളം കാലം ഗാന്ധി ആര്‍ക്കും തന്നെ വഴങ്ങാറില്ലായിരുന്നു. അത്തരത്തിലുള്ള ചില പിടിവാശികള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നവയായി ഇന്ന് നാം വിധിയെഴുതിയേക്കാം. എന്നിരുന്നാലും ഗാന്ധി ഈനാട്ടിലുണ്ടാക്കിയ സ്വാതന്ത്ര്യാഭിവാഞ്ജയെ ചരിത്രബോധമുള്ള ആരെങ്കിലും തള്ളിക്കളയുമെന്ന് തോന്നുന്നില്ല.

എന്നാല്‍ ഇന്നാകട്ടെ ചരിത്രബോധമില്ലാത്ത കോമാളിക്കൂട്ടങ്ങളുടെ കൈകകളിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന അഭിശപ്തസാഹചര്യത്തില്‍ ഗാന്ധി ഏറെ പഴി കേള്‍‌ക്കേണ്ടിവരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭൌതികശരീരത്തിലേക്ക് വെടിയുണ്ടയുതിര്‍ത്ത അതേ മതതീവ്രവാദിയുടെ പിന്‍ഗാമികള്‍ ഇന്ന് അദ്ദേഹത്തിന്റെ പ്രതിമകള്‍ നിര്‍മിച്ച് വെച്ച് വൈരാഗ്യബുദ്ധ്യാ നിറയൊഴിച്ച് പ്രതികാരത്തിന്റെ ആത്മസംതൃപ്തി അനുഭവിക്കുന്നു. എന്തുകൊണ്ടാണ് ഗാന്ധി അവരെ ഇത്രമാത്രം ചകിതരാക്കുന്നതിന് കാരണം? ഇന്ത്യയുടെ മതഭ്രാന്തിന്റെ മുഖമല്ല ഗാന്ധി എന്നതുതന്നെയാണ് കാരണം. അപരനെ ആക്രമിക്കുവാനല്ല, ആശ്ലേഷിക്കുവാന്‍ പഠിപ്പിച്ച ഒരാളെ വെറുപ്പിന്റെ വിദ്വേഷത്തിന്റെ വക്താക്കള്‍ വെച്ചു പൊറുപ്പിക്കുന്നതെങ്ങനെ? അതുകൊണ്ട് ഗാന്ധിയെ വീണ്ടും വീണ്ടും അക്കൂട്ടര്‍ കൊന്നുകൊണ്ടേയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിന് ഗാന്ധി എന്താണെന്ന് വ്യക്തമാക്കുന്ന കവിതകളുടെ സമാഹാരത്തിന് പ്രസക്തിയുണ്ട്. നമുക്ക് ഒരിക്കലും ഗാന്ധി പ്രതിപക്ഷത്തേക്ക് മാറ്റി നിറുത്തേണ്ട ഒരാളായിരുന്നില്ലെന്ന് നമ്മുടെ കവികള്‍ അടിവരയിടുന്നു.

ഗാന്ധിയെക്കുറിച്ചുള്ള കവിതകളില്‍ മലയാളം ഒന്നാമതായി ഓര്‍മ്മിച്ചെടുക്കുക വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍ തന്നെയായിരിക്കും.

ലോകമേ തറവാടു തനിയ്ക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മ താനഭ്യൂന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചളി നീളെപ്പുരണ്ടാലാതും കൊള്ളാം എന്ന കവിതയോടെതന്നെയാണ്.

വൈലോപ്പിള്ളിയുടെ ഹരിജനങ്ങളുടെ പാട്ട് ഏറെ വിഖ്യാതമാണല്ലോ.

പുതിയ കാലം പുലര്‍ന്നിതെല്ലാര്‍ക്കുമായ്
പുലരി വന്നു തുറന്നു പൊന്നമ്പലം
ഉണരുകെങ്കിലും ദര്‍ശനത്തിനു മു
ന്നണി നയിക്കുവോ, നെങ്ങാപ്പെരിയവന്‍?
ഇരുപതും നൂറുമാണ്ടുകള്‍ താനിരു
ന്നരുളുകില്‍ ഞങ്ങളെത്ര വളര്‍‌ന്നേനെ – എന്ന പ്രത്യാശയോടെയാണ് വൈലോപ്പിള്ളി ഗാന്ധിക്ക് ശാന്തി നേരുന്നത്.

ജി, വയലാര്‍, സുഗതകുമാരി, ജി കുമാരപിള്ള, മേരി ബനീഞ്ജ, ബാലാമണിയമ്മ, ഇടശ്ശരി, യൂസഫലി എന്നിങ്ങനെ നമ്മുടെ കവികളുടെ ഒരു നീണ്ട നിരതന്നെ അണി നിരന്നിരിക്കുന്ന ഈ പുസ്തകം, കേരളം ഗാന്ധിയെക്കുറിച്ച് ചിന്തിക്കുന്നതെന്താണെന്ന് പ്രഖ്യാപിക്കുന്നുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *