Fri. Nov 22nd, 2024
ഗാന്ധിനഗർ:

 

ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്റ്റോബറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 150 ആ‍ാം ജന്മദിനം ഇന്ന് രാജ്യം മുഴുവനും കൊണ്ടാടുന്നു. രാജ്യത്തിനു വേണ്ടി പോരാടി ആദ്യം മഹാത്മയും, പിന്നീട് രാഷ്ട്രപിതാവുമായിത്തീർന്ന “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് ലോകത്തെ അറിയിച്ച അദ്ദേഹം ജനങ്ങൾക്കായി പങ്കുവെച്ചത് ആദർശത്തിന്റേയും അഹിംസയുടേയും മഹത്തരമായ സന്ദേശങ്ങളായിരുന്നു.

“സത്യമല്ലാതെ മറ്റൊരു ഈശ്വരനില്ലെന്ന് എന്റെ അഴിവില്ലാത്ത അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സത്യത്തെ സാക്ഷാത്കരിക്കാനുള്ള ഏകമാർഗം അഹിംസയാണെന്ന് ഈ അദ്ധ്യായങ്ങളിലെ ഓരോ പേജും വായനക്കാരോടു പ്രഖ്യാപിക്കുന്നില്ലെങ്കിൽ ഈ അദ്ധ്യായങ്ങളെല്ലാം എഴുതാൻ ഞാൻ നടത്തിയ സർവ്വപ്രയത്നവും വൃഥാവിലായെന്നു ഞാൻ കരുതും. ഇനി എന്റെ ഈ വഴിക്കുള്ള പ്രയത്നങ്ങൾ വിഫലമാണെന്നുവന്നാലും ആ മഹാതത്ത്വമല്ല അതിന്റെ ആവിഷ്കാരമാധ്യമമാണ് തെറ്റു ചെയ്തതെന്ന് വായനക്കാർ അറിഞ്ഞിരിക്കണം. അഹിംസയ്ക്കായുള്ള എന്റെ പ്രയത്നങ്ങൾ എത്ര ആത്മാർത്ഥമാണെങ്കിലും അവ അപൂർണവും അപര്യാപ്തവുമായേ തീരൂ. നാം നിത്യവും കാണുന്ന സൂര്യന്റെ പ്രകാശത്തേക്കാൾ ഒരു ദശലക്ഷമെങ്കിലും ഇരട്ടിയുള്ള ആ മഹാസത്യത്തിന്റെ അവർണനീയമായ തേജസ്സിനെപ്പറ്റി യാതൊരു രൂപവും കാണാൻ കഴിയുന്നവയല്ല എനിക്കു കാണാൻ സാധിച്ച സത്യത്തിന്റെ മിന്നലാട്ടങ്ങൾ.” ഗാന്ധിജിയുടെ ആത്മകഥയായ “എന്റെ സത്യന്വേഷണ പരീക്ഷണങ്ങൾ” എന്ന പുസ്തകത്തിലെ അവസാന അദ്ധ്യായത്തിൽ നിന്ന്.

“ഒരു മനുഷ്യൻ സ്വമേധയാ തന്റെ സമസൃഷ്ടികളുടെ കൂട്ടത്തിൽ ഏറ്റവും പിന്നിലുള്ളവനായി തന്നെ കാണാത്തിടത്തോളം കാലം അവനു മോചനമില്ല. വിനയത്തിന്റെ പരമപരിധിയാണ് അഹിംസ.” അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *