Wed. Jan 22nd, 2025
#ദിനസരികള്‍ 896

 

കാലം 2002 ഫെബ്രുവരി 27. ഗുജറാത്തിലെ ഗോദ്രയില്‍ കലാപം തുടങ്ങിയ ദിവസം. സബര്‍മതി എക്സ്പ്രസിലെ എസ് 6 ബോഗിയില്‍ തീപടര്‍ന്ന് അയോധ്യയില്‍ നിന്നും തിരിച്ചു വരികയായിരുന്ന കര്‍‌സേവകരടക്കം 59 പേര്‍ കൊല്ലപ്പെട്ടു. മുസ്ലിംങ്ങള്‍ ഹിന്ദുക്കളെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് സംഭവം വളരെ പെട്ടെന്ന് പ്രചരിപ്പിക്കപ്പട്ടു. ഉടനെത്തന്നെ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനം ഒരു വംശഹത്യയിലേക്ക് ആനയിക്കപ്പെടുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി രാത്രി പത്തുമണിയോടെ സംസ്ഥാനത്തെ പ്രമുഖരായ ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ചീഫ് സെക്രട്ടറി, ഡി.ജി.പി, അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണര്‍, അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ പ്രമുഖരെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. തന്റെ മുന്നിലെത്തിയവരോട് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു :- “ഹിന്ദു ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൌര്‍ഭാഗ്യകരവും വേദനാ ജനകവുമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ നിങ്ങള്‍ പോലീസുകാര്‍ ഒരു വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അറസ്റ്റു ചെയ്യും. അതിവിടെ പറ്റില്ല. മൂന്നു ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്. ഇത് നിങ്ങളോട് ഞാന്‍ പ്രത്യേകമായി നിര്‍‌ദ്ദേശിക്കുകയാണ്.” (ഗുജറാത്ത് – ഇരകള്‍ക്കു വേണ്ടിയുള്ള ഒരു പോരാട്ടം, ആര്‍ ബി ശ്രികുമാര്‍, ഡി സി ബുക്സ്)

പിന്നീടങ്ങോട്ട് നടന്നതെന്താണെന്ന് ലോകം ഞെട്ടലോടെയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായി മുസ്ലീംങ്ങള്‍‌ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങള്‍ നടന്നു. അവരുടെ ജീവനും സ്വത്തുക്കളും ആക്രമിക്കപ്പെട്ടു. സ്ത്രീകള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. പിഞ്ചുകുട്ടികളോടുപോലും ദയ കാണിക്കപ്പെട്ടില്ല. അഞ്ചു ദിവസംകൊണ്ട് രണ്ടായിരത്തില്‍പ്പരം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കായവര്‍ ആക്രമിക്കപ്പെട്ടു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ താമസിച്ചിരുന്ന കോണ്‍‌ഗ്രസ് എം പി എഹ്സാന്‍ ജഫ്രി ക്രൂരമായി വധിക്കപ്പെട്ടു. അദ്ദേഹത്തെ വെട്ടിവീഴ്ത്തിയതിനു ശേഷം ശരീരം ചുട്ടുകരിച്ചു. സമീപവാസികളായ മുപ്പത്തഞ്ചോളം മുസ്ലിം കുടുംബങ്ങളെ തീയിട്ടു കൊന്നു. കൊല്ലും മുമ്പ് സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ശൂലത്തില്‍ കോര്‍‌ത്തെടുത്തും ജീവനോടെ തീയിലെറിഞ്ഞും ആളുകളെ കൊന്നൊടുക്കി. അങ്ങനെ ഹിന്ദുത്വതീവ്രവാദികള്‍ ഇല്ലാതാക്കിയ എത്രയോ ജീവിതങ്ങള്‍! എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും നാളിതുവരെ അവര്‍ക്ക് നീതി കിട്ടിയിട്ടില്ലെന്നു മാത്രവുമല്ല ഗുജറാത്തില്‍ നടന്ന സംഭവങ്ങളെ നാം സൌകര്യപൂര്‍വ്വം മറക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ എല്ലാത്തരം തെമ്മാടിത്തരങ്ങള്‍ക്കും വംശഹത്യയ്ക്കും നേതൃത്വം കൊടുത്തിരുന്നവര്‍ ഇന്ന് നിയമത്തേയും ഭരണഘടനയേയും നിയന്ത്രിക്കുന്ന അധികാരികളായി മാറിക്കഴിഞ്ഞു. ഈ കലാപത്തിലെ ജീവിക്കുന്ന ഇരയാണ് ബില്‍ക്കീസ് ബാനു.

മാര്‍ച്ച് മൂന്നിനാണ് ഒരു ട്രക്കില്‍ കയറി കലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബില്‍ക്കീസ് ബാനു എന്ന പത്തൊമ്പതുവയസുകാരിയടക്കം പതിനാലുപേര്‍ കലാപകാരികളുടെ പിടിയില്‍ പെടുന്നത്. ബില്‍ക്കീസിനൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരിയായ മകള്‍ സാലിഹയെ കണ്‍മുന്നില്‍ വെച്ചാണ് തീവ്രവാദികള്‍ കല്ലിലടിച്ചുകൊല്ലുന്നത്. പുരുഷന്മാരെ എല്ലാം തന്നെ കൊന്നുകഴിഞ്ഞിരുന്നു. സ്ത്രീകളെ വിവസ്ത്രരാക്കിയ ശേഷം ബലാല്‍സംഗം ചെയ്തു. അവരെ കഠിനമായി മര്‍‌ദ്ദിച്ചു. ശരീരത്തിലേക്ക് കൂര്‍ത്ത ആയുധങ്ങള്‍ കുത്തിക്കയറ്റി. ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടു. ഒന്നനങ്ങാന്‍ കഴിയാത്ത വിധത്തില്‍ അവളുടെ ശരീരത്തെ തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞു. അവസാനം മരിച്ചുവെന്ന് കരുതി അവള്‍ ഉപേക്ഷിക്കപ്പെട്ടു. അന്ന് നാലുവനിതകളും നാലുകുട്ടികളും ആറു പുരുഷന്മാരുമടക്കം പതിനാലു പേരെയാണ് ഹിന്ദുത്വഭ്രാന്തന്മാര്‍ വകവരുത്തിയത്.

ഹിന്ദുവാണെന്ന് അഭിനയിച്ചുകൊണ്ട് രക്ഷപ്പെട്ട ബില്‍ക്കീസ് ബാനു തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ നീണ്ട പതിനേഴു വര്‍ഷമായി നിയമപോരാട്ടത്തിലാണ്. അക്രമികളും പോലീസുകാരുമടക്കം പതിനൊന്നു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ബോംബെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ലോകത്തെ നടുക്കിയ ക്രൂരമായ അക്രമത്തില്‍ ഒരാള്‍ പോലും ഇതുവരെ ജയിലിലേക്ക് അയക്കപ്പെട്ടിട്ടില്ല. ബല്‍ക്കീസിന് രണ്ടാഴ്ചക്കുള്ളില്‍ അമ്പതുലക്ഷം രൂപയും ജോലിയും നല്കണമെന്നുമുള്ള സുപ്രിംകോടതി വിധി 2019 ഏപ്രില്‍ 23 നാണ് പുറത്തുവരുന്നത്. എന്നാല്‍ നാളിതുവരെ സുപ്രിംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഗുജറാത്തു ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അവര്‍ നിരന്തരം ഈ കാര്യത്തില്‍ കോടതിയെ അവഗണിക്കുന്നു. സഹികെട്ട കോടതി രണ്ടാഴ്ചക്കുള്ളില്‍ വിധി നടപ്പിലാക്കണമെന്ന് കര്‍ശനമായ നിര്‍‌‌ദ്ദേശമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് നല്കിയിരിക്കുന്നത്. എന്നാല്‍ സാങ്കേതികത്വങ്ങളില്‍ തൂങ്ങി വിധി നടപ്പിലാക്കാതിരിക്കാനുള്ള സാധ്യതയാണ് സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നത്.

ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. ഭരണഘടനാപരമായ വ്യവസ്ഥ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട മുഖ്യമന്ത്രിയടക്കമുള്ളവരാണ് 2002 ലെ ഈ വംശഹത്യയ്ക്ക് പുറകില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ സര്‍ക്കാറിന് ഒരു തരത്തിലും ഒഴിഞ്ഞു മാറുവാന്‍ കഴിയുകയില്ല. മുസ്ലീമായിപ്പോയി എന്നതുകൊണ്ട് തന്റെ ജീവിതം പകരംകൊടുക്കേണ്ടി വന്ന ഒരു സ്ത്രീയുടെ ഒരമ്മയുടെ വിലാപത്തിന് ഇനിയും നമ്മുടെ രാജ്യം ചെവി കൊടുക്കാതിരുന്നു കൂടാ. അത്രയെങ്കിലും അവര്‍ക്കുവേണ്ടി ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇനിയുമൊരു തര്‍ക്കവാദം ഉന്നയിക്കാതെ ബില്‍ക്കീസ് ബാനു കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *