ഡൽഹി:
കേന്ദ്ര സർക്കാരിൻ്റെ പുതിയ ഐടി നിയമങ്ങളിലെ ഏറെ വിവാദമായ ആവശ്യങ്ങളിലൊന്നായിരുന്നു വാട്‌സാപ്പ് അടക്കമുള്ള സന്ദേശയമക്കൽ ആപ്പുകളിൽ പ്രചരിക്കുന്ന വിവരങ്ങൾ ആദ്യം പോസ്റ്റ് ചെയ്തയാളെ അതാത് ആപ്പുകൾ തന്നെ കണ്ടെത്തണമെന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു.
ഈ ആവശ്യത്തിൻ്റെ നിയമ സാധുതയെ ന്യായീകരിച്ച കേന്ദ്രം, വ്യാജ വാർത്തകളുടെയും കുറ്റകൃത്യങ്ങളുടെയും ഭീഷണി തടയുന്നതിന് സന്ദേശം ആദ്യം അയച്ചയാളെ വെളിപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയോട് പറഞ്ഞു.
അതേസമയം, സുരക്ഷിതമായ ഒരു സൈബറിടം ഒരുക്കണമെങ്കിൽ, കേന്ദ്രത്തിൻ്റെ ഈ ആവശ്യം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വാട്സ്ആപ്പ് വാദിച്ചത്. കേന്ദ്രം പറയുന്ന രീതിയില്‍ നീങ്ങിയാൽ വാട്‌സാപ്പിലുള്ള എൻഡ് – ടു – എൻഡ് എൻപ്ഷന്‍ തകര്‍ക്കേണ്ടി വരുമെന്നും അത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറലാകുമെന്നും വാട്സാപ്പിനായി ഹാജരായവര്‍ കോടതിയോട് വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള യൂസർമാരുടെ ഡാറ്റ ശേഖരിച്ച് വാട്‌സാപ്പും ഫെയ്‌സ്ബുക്കും അതുപയോഗിച്ച് പണമുണ്ടാക്കുന്നതായി ഐടി മന്ത്രാലയം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് പണമുണ്ടാക്കുന്ന ഇവര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചു പറയാന്‍ അവകാശവുമില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു