Sun. Nov 24th, 2024
ന്യൂ ഡല്‍ഹി:

കൂടംകുളം ആണവ റിയാക്ടറില്‍, അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം നടന്നന്നതായി എന്‍പിസിഐഎല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അസോസിയേറ്റ് ഡയറക്ടര്‍ എകെ നേമ അറിയിച്ചു.

എന്നാല്‍ റഷ്യന്‍ നിര്‍മിത റിയാക്ടറുകളില്‍ സൈബര്‍ ആക്രമണം നടന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ എന്‍പിസിഐഎല്‍ നിരസിച്ചിരുന്നു.

സ്വതന്ത്ര സെക്യൂരിറ്റി വിദഗ്ധനായ പുഖിരാജ് സിംഗ്, കൂടംകുളം ആണവ റിയാക്ടറുകളുടെ സുരക്ഷയില്‍ സംശയമുള്ളതായി സെപ്റ്റംബര്‍ നാലിന് ഗവണ്‍മെന്‍റിന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സൈബര്‍ ആക്രമണം നടന്നത്.

ഭരണപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടർ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. ഇതുവഴിയാണ് അപകടകരമായ മാൽവെയർ കടന്നുകയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാക്ടറുകളിലെ എല്ലാ കമ്പ്യൂട്ടര്‍ ശൃംഖലകളും നിരീക്ഷണത്തിലാണ്. ആണവ പ്ലാന്‍റിനെ ആക്രമണം ഇതുവരെ ബാധിച്ചിട്ടില്ല.

ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക് (Dtrack) എന്ന വൈറസാണ് കൂടംകുളത്തു  കണ്ടെത്തിയതെന്നാണു സൂചന. ഡിട്രാക് ആക്രമണത്തിലൂടെ ഒരു കംപ്യൂട്ടറിന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. 2018 ൽ എടിഎമ്മുകളിൽ നിന്നു കാർഡ് വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച എടിഎം ഡിട്രാക് (ATMDtrack) എന്ന മാൽവെയറിന്‍റെ വകഭേദമാണ് ഇപ്പോഴത്തെ ഡിട്രാക്.

ഒരു മാസത്തിനിടെ ഇന്ത്യയിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ഡിട്രാക്കിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

സൈബർ സുരക്ഷാ കമ്പനിയായ കാസ്‍പെർസ്കിയുടെ റിപ്പോർട്ട് പ്രകാരം, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഡിട്രാക് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കേരളം, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവയുടെ സ്ഥാനം തൊട്ടു പിന്നിലാണ്.

ആകെ 6780 മെഗാവാട്ട് കപ്പാസിറ്റിയുള്ള 22 ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്കാണ് രാജ്യത്ത്, എന്‍പിസിഐഎല്‍ നേതൃത്വം വഹിക്കുന്നത്.