Fri. Nov 22nd, 2024
കൊച്ചി:

 
മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ ബിഎസ് 6 ഏപ്രിൽ പ്രാബല്യത്തിലാകുന്നതോടെ ഇപ്പോഴത്തെ പല ഡീസൽ മോഡലുകളും ഇല്ലാതാകുമെന്നതിനാൽ മൊത്തത്തിൽ ഡീസലിന്റെ വിപണിവിഹിതം കുറയുമെങ്കിലും എസ്‌യുവി, എംപിവി വിപണികളിൽ ഡീസൽ ആധിപത്യം തുടരുമെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ.രാജ പറഞ്ഞു.

ഡീസൽ വാഹനങ്ങളുടെ വില ഇപ്പോഴത്തെ നിലയിൽനിന്ന് 15–20% ഉയരും. ബിഎസ്6 സാങ്കേതികവിദ്യ നടപ്പിലാക്കുമ്പോഴുള്ള ഈ വർദ്ധന എല്ലാ നിർമാതാക്കൾക്കും നേരിടേണ്ടിവരും. ടൊയോട്ടയുടെ ഹാച്ബാക്, സെ‍ഡാൻ വിഭാഗങ്ങളിലെ ലിവ, എറ്റിയോസ് എന്നിവ പെട്രോൾ മോഡലുകൾ മാത്രമായിപിന്നെ തുടരുക.

അടുത്ത വർഷം രണ്ടാം പകുതിയിൽ മാരുതി ബ്രെസ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് എസ്‍‌‌യുവി വരുന്നതും പെട്രോളിലായിരിക്കും. എന്നാൽ ഇന്നോവ, ഫോർച്യൂണർ മോഡലുകൾ ബിഎസ്6 ഡീസൽ പതിപ്പുകൾ അടുത്ത വർഷം ആദ്യം, വിപണിയിൽ ബിഎസ്6 ഇന്ധനം ലഭ്യമാകുന്നതനുസരിച്ച് പുറത്തിറക്കും.

ആഡംബര എംപിവി ആയ വെൽഫയർ ജനുവരിയിൽ വിപണിയിലെത്തും. ഇറക്കുമതി നടത്തി വർഷം 2500 എണ്ണം വരെയാണു വിൽക്കുക. ബിഎസ്6 നിലവാരമുള്ള പെട്രോൾ– ഹൈബ്രിഡ് മോഡലാണിത്. ഉൽസവ ദിനങ്ങൾ നിറഞ്ഞ ഈ മാസം കഴിഞ്ഞ വർഷം ഒക്ടോബറിലെക്കാൾ മികച്ചതായിരിക്കും.

വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മികച്ച വിൽപന നടക്കും. ഡിസംബറിൽ വീണ്ടും ഗ്രാഫ് ഉയരും. ടൊയോട്ടയുടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനം യുവതലമുറയ്ക്കു മനസ്സിലാക്കാൻ ‘ഗ്ലാൻസ’ ഉപകരിച്ചു. വാങ്ങുന്നവരിൽ പകുതിയും ആദ്യമായി കാർ വാങ്ങുന്നവരാണ്.ഗ്ലാൻസയുടെ വിജയം മാതൃകയാക്കി ചെറു മോഡലുകളുടെ വിപണനതന്ത്രം പരിഷ്കരിക്കും.