കൊച്ചി:
അടുത്ത മാസം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ദെയ്ഹാറ്റ്സുവിന്റെ ചെറു എസ്‍യുവി റോക്കിയുമായി ഏറെ സാമ്യമുണ്ട് റെയ്സിന്.
ആഗോളതലത്തിൽ വിൽപനയ്ക്കുള്ള റഷിന്റെ പിൻഗാമിയെന്നാണ് പുത്തൻ എസ്‌യുവിയെ കണക്കാക്കുന്നത്. മസ്കുലർ രൂപകൽപ്പനാ ശൈലിയോടെ എത്തുന്ന എസ്‌യുവിയിൽ എൽഇഡി ഹെഡ്‌ലാംപ്, എൽഇഡി ഫോഗ്‌ലാംപ്, ബ്ലാക്ക് റൂഫ്, ബംപറിനും വശങ്ങളിലും ബ്ലാക്ക് ക്ലാഡിങ് തുടങ്ങിയവയൊക്കെയുണ്ട്.
ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം ആധാരമാക്കി ഡയ്ഹാറ്റ്സു വികസിപ്പിച്ച ഡയ്ഹാറ്റ്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ(ഡിഎൻജിഎ) ആണ് പുത്തൻ എസ്‌യുവിയുടെ അടിത്തറ. 3995 എംഎം നീളവും 1695 എംഎം ഉയരവും 1620 എംഎമ്മാണ് വീൽ ബെയ്സ്. 98 ബിഎച്ച്പി കരുത്തുള്ള 1 ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. നാലു വീൽ ഡ്രൈവ് മോഡലും ലഭിക്കും.
രാജ്യാന്തര വിപണികളിൽ സുസുക്കി ജിംനിയോടാകും ഈ എസ്‌യുവിയുടെ മത്സരം. എന്നാൽ നീളം നാലു മീറ്ററിൽ താഴെയെന്നതിനാൽ ഇന്ത്യയിലെത്തിയാൽ ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്‌യുവി 300, ഹ്യുണ്ടേയ് വെന്യൂ തുടങ്ങിയവയോടാവും ഈ കോംപാക്ട് എസ്‌യുവിയുടെ പോരാട്ടം. പക്ഷേ ഈ കോംപാക്ട് എസ്‌യുവി ടൊയോട്ട ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുമോ എന്നു വ്യക്തമല്ല.