Wed. Jan 22nd, 2025
#ദിനസരികള്‍ 925

ഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത, ഒരിക്കലും സന്ധിചെയ്യാനിടയില്ലാത്ത രണ്ടു പരമാവധികളെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അന്യോന്യം നിഷേധിക്കുന്ന രണ്ടു പക്ഷങ്ങള്‍. എല്ലാം വിധിയാണെന്നും അതുകൊണ്ടുതന്നെ ആ വിധിയെ തിരുത്തുവാനുള്ള ഇടപെടലുകള്‍ വിധാതാവിന്റെ ഇച്ഛയെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഒന്നാമന്റെ പക്ഷം.

‘വിധിയാണെല്ലാം കാര്യം’ വിശ്വസിക്കുന്നൂ പിതാ-
വതിനാല്‍ത്തനിക്കില്ലാ ഭാരമീ യാതൊന്നിലും – എന്നാണ് അയാള്‍ ചിന്തിച്ചു വെച്ചിരിക്കുന്നത്. അതായത് എല്ലാം വിധിയനുസരിച്ച് സംഭവിച്ചു പോകുന്നതായതുകൊണ്ടുതന്നെ ഒന്നിലും തനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് അയാളുടെ ഭാവം. രണ്ടാമനാകട്ടെ ചരിത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നു.

‘ചരിത്രമത്രേ സത്യം’ വാദിപ്പൂ മകന്‍, എല്ലാം
‘ചരിത്രപരമായ സംഭവവികാസങ്ങള്‍’ എന്നാണ് രണ്ടാമന്‍ കരുതുന്നത്. അയാള്‍ക്ക് മാര്‍ക്സിയന്‍ തത്വജ്ഞാനം കരതലാമലകമാണ്.കേവലം യാന്ത്രികതയില്‍ ചെന്നു തൊട്ടുനില്ക്കുന്നുവെന്നല്ലാതെ സാമൂഹികതകള്‍ അയാളെ തീണ്ടുന്നേയില്ല. കല്യാണ പ്രായമായ പെങ്ങള്‍ അയാളെ അലോസരപ്പെടുത്തുന്നില്ല, മറിച്ച് വിവാഹം ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമാണെന്നാണ് അയാള്‍ ചിന്തിക്കുക. അവള്‍ക്കു വേണമെങ്കില്‍ – അതൊരു ചരിത്രപരമായ ആവശ്യമാണെന്ന് അവള്‍ക്കു തോന്നുന്നെങ്കില്‍ – മാത്രം ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കാം.

തറവാട്ടിനു തുമ്പാം തയ്യലോ രണ്ടും കെട്ടി
ട്ടിരിപ്പൂ , നനയറ്റ പടര്‍വാഴത്തൈ പോലെ
ജാതകം പരിശോധിച്ചുത്കണ്ഠ നീക്കി താതന്‍
ജാതയ്ക്ക് യോഗം ചിരം പൂത്തിരിപ്പതിനത്രേ! – ഒരു ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിയാനാണ് പെണ്‍കുട്ടിയുടെ വിധി എന്ന് ജാതകം പരിശോധിച്ച് കണ്ടെത്തി പിതാവ് സമാശ്വസിക്കുന്നു. വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ എന്ന ചോദ്യത്തിന്റെ ‘അപാരമായ സാധ്യത’കളില്‍ ആ പിതാവ് അഭയം കണ്ടെത്തിയിരിക്കുന്നുവെന്ന് കവി നമുക്കു വ്യക്തമാക്കിത്തരുന്നു.

തകരും ബൂര്‍ഷ്വാസിതന്‍ തറവാടുണ്ടോ നില്പൂ
തരുണി വേളിച്ചരക്കാകാമോ കൈമാറീടാന്‍?
ചരിത്രപരമായൊരാവശ്യമാണെങ്കില്‍ സ്വീ
കരിക്കാമവള്‍ക്കല്ലോ ഗാര്‍ഹസ്ഥ്യക്കരാറുകള്‍ – എന്നാണ് രണ്ടാമന്‍ ചിന്തിക്കുന്നത്.

ഇങ്ങനെ രണ്ടു വിരുദ്ധകോടികളില്‍, രണ്ടു പരമാവധികളില്‍ നിന്നു ചിന്തിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരച്ഛനും മകനുമിടയില്‍ പെട്ടുപോയ പെങ്ങളാകട്ടെ, അയഥാര്‍ത്ഥ്യങ്ങളുടെ പിന്നാലെ തൂങ്ങി നിന്ന് തന്റെ ജീവിതം കുത്തിപ്പൊട്ടിക്കാനല്ല, യാഥാര്‍ത്ഥ്യങ്ങളെ സജീവമായി നേരിട്ടുകൊള്ളാനാണ് തീരുമാനിച്ചത്. അവള്‍ക്ക് ജീവിതം കേവലം യാന്ത്രികമായ ആശയങ്ങളുടെ പൂക്കൂലകള്‍ കൊണ്ട് അലങ്കരിച്ച കെട്ടുകാഴ്ചയായിരുന്നില്ല. അതുകൊണ്ടാണ്,

താലികെട്ടിയോരമ്മ ഭദ്രദീപവും കണ്ടു
കേറിവന്നൊരു മണല്‍ പാകിയ മുറ്റത്തൂടെ – ഒരു രാത്രിയുടെ ഇരുളില്‍ ദൂരെ കാണുന്ന അടയാള വെളിച്ചത്തിലേക്ക് ഇറങ്ങിപ്പോയത്.

ജീവിതത്തെ, അതിന്റെ സംത്രാസങ്ങളെ മനുഷ്യപക്ഷത്തു നിന്നുകൊണ്ട് മനസ്സിലാക്കാത്ത യാന്ത്രികതയുടെ പിടിയില്‍ നിന്നുള്ള കുതറിച്ചാടലായിരുന്നു ആ ഇറങ്ങിപ്പോക്ക് എന്ന് എടുത്തു പറയേണ്ടതില്ല.എന്നാല്‍ പുതിയൊരു വെളിച്ചത്തെ തേടി, പുതിയ ആകാശത്തേയും ഭൂമിയേയും തേടി, ആ പെണ്‍കുട്ടിയുടെ ഇറങ്ങിപ്പോക്ക് ഗുണംവരാത്ത കാലത്തിലേക്കാണ് എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. അതിന് ഉപോദ്ബലകമായി

ഇരുളിലിറങ്ങിപ്പോം ബാലികയ്ക്കപ്പോള്‍ കണ്‍കള്‍
നിറഞ്ഞൂ, പദേ പദേ കാല്‍ വെച്ചു കുത്തീ കല്ലില്‍ എന്ന വരികളെ ഉദ്ധരിക്കുന്നു.

ആ വാദം ഒരു തരത്തിലുള്ള യാഥാസ്ഥിതിക മനസ്സിന്റെ ഉത്പന്നമാണ്. ആ വരികളില്‍ നിന്നും വായിച്ചെടുക്കേണ്ടത് ഭാവിയെ കാത്തിരിക്കുന്ന ഇരുള് എന്ന സൂചനയല്ല മറിച്ച്, തനിക്ക് ആകെ പ്രിയപ്പെട്ടതായിട്ടുള്ളവരെ വേര്‍പെട്ടുപോകുന്നവളുടെ മനസ്ഥിതിയുടെ പ്രതിഫലനമാണ് എന്നാണ്. തന്നോട് എങ്ങനെ പെരുമാറിയാലും ഒരു സുപ്രഭാതത്തില്‍ ആ തറവാട്ടിലെ സ്ഥാവര ജംഗമങ്ങള്‍ തനിക്ക് അന്യമായി തീരാവുന്ന വിധത്തിലായിക്കഴിഞ്ഞിട്ടില്ലെന്നതിലെ മമതയാണ് വീടുവിട്ടു പോകുന്നവളെ കണ്ണുനീരണിയിച്ചത്. ആയതിനെ ശകുനമനുസരിച്ച് ദുസ്സൂചനയായി വിലയിരുത്തുന്നത് അപകടകരമാണ്.

തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത രണ്ടു യാന്ത്രികതകളുടെ ഇടയില്‍ പെട്ടുപോകുന്ന സാധാരണ മനുഷ്യന്റെ വേവലാതികളെയാണ് അടയാളപ്പെടുത്തുന്നത്. വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും വിരുദ്ധധ്രവങ്ങളില്‍ നിന്നുകൊണ്ട് യാന്ത്രികമായി വാദിക്കുന്നതിലല്ല, കാലത്തോട് പൊരുതിപ്പൊരുതി പാഠങ്ങള്‍ അഭ്യസിച്ച്, തളം കെട്ടിക്കിടന്ന് ദുഷിച്ച് നാറിയ വ്യവസ്ഥിതികളോട് യുദ്ധം ചെയ്ത്, വീടുവിട്ടിറങ്ങുന്നവനാണ് /വള്‍ക്കാണ് നാളെ എന്നാണ് ഇടശ്ശേരി പ്രഖ്യാപിക്കുന്നത്.

സമുദായം കേള്‍ക്കുന്നു പൂതലോടും
തനതസ്ഥിവാരത്തകര്‍ച്ച നീളെ എന്നും
കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍ എന്നുമെഴുതിയ ഇടശ്ശേരിയില്‍ നിന്നും മറ്റെന്താണ് നാം വായിച്ചെടുക്കുക?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.