കൊച്ചി:
ലോകത്തിലെ ആദ്യത്തെ മൊബൈൽ അണ്ടർവാട്ടർ ടണൽ അക്വേറിയമാണ് എറണാകുളത്തപ്പന്‍ ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്. നീൽ എന്‍റര്‍ടെയിന്‍മെന്‍റ് സംഘടിപ്പിക്കുന്ന ഓഷ്യാനോസ്- 2019 പതിനായിരത്തിലധികം ജലജീവികളെയാണ് ഒരു അണ്ടർവാട്ടർ ടണൽ അക്വേറിയത്തിൽ അവതരിപ്പിക്കുന്നത്.
“200 അടി നീളമുള്ള അക്രിലിക് ഗ്ലാസ് ടണലാണ് അക്വേറിയത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 18 രാജ്യങ്ങളിൽ നിന്ന് 300 ലധികം ഇനം സസ്യങ്ങളെയും പതിനായിരത്തിലധികം ജലജീവികളെയും ഈ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊച്ചിക്കാർക്ക് ഒരു ലോകോത്തര അനുഭവം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്” ഓഷ്യാനോസ്-2019 ന്‍റെ സംഘാടക സമിതി അംഗം വോക്ക് ജേര്‍ണലിനോട് പറഞ്ഞു.
എറണാകുളം സ്വദേശിയായ കെ കെ നിമില്‍, ഭാര്യ ആർച്ച എന്നിവരുടെതാണ് ഓഷ്യാനോസ് എന്ന ആശയം. ഈ അക്വേറിയം സ്ഥാപിക്കാൻ അവർ ആറുവർഷത്തിലേറെ ചെലവഴിച്ചു.
അക്വേറിയം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന, യുവി കോട്ടഡ് ഗ്ലാസ് ടണലിന് ഏകദേശം 2 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയും. എക്‌സിബിഷൻ പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണ്.
ഒക്ടോബർ 17 ന് ആരംഭിച്ച എക്‌സ്‌പോ സിനിമാ താരങ്ങളായ ടോവിനോ തോമസും സംയുക്ത മേനോനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 60 രൂപയും മുതിർന്നവർക്ക് 120 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നവംബർ 17 വരെ എക്സ്പോ തുടരും.
പോർട്ടബിളായ ഈ അണ്ടർവാട്ടർ ടണൽ അക്വേറിയം ഇതിനോടകം തന്നെ പ്രശസ്‌തമായ അറേബ്യൻ ലോക റെക്കോർഡും നേടി. ലോകത്തിലെ പ്രമുഖ വിനോദ കമ്പനികളിലൊന്നാകുക, എന്ന ലക്ഷ്യത്തോടെ കെകെ നിമിലാണ് 2010 ല്‍ നീല്‍ എന്‍റര്‍ടെയിന്‍മെന്‍റിന് രൂപം നല്‍കുന്നത്.