Wed. Jan 22nd, 2025

അറുപതുപിന്നിട്ടവരില്‍ വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുമെന്ന് പഠനം. ജീവിതത്തിലുടനീളം അസ്ഥിപേശികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത് സഫലമായ വാര്‍ധക്യത്തിനു നിര്‍ണായകമായ ഘടകമാണ്. 

ശരീരചലനം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വീഴ്ചയും ക്ഷീണവും കുറയ്ക്കുന്നതിനും അസ്ഥിപേശികളുടെ ഗുണനിലവാരം പ്രാധാന്യമര്‍ഹിക്കുന്നു. പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമമുറകള്‍ പേശീപ്രവര്‍ത്തനത്തിനു ഗുണകരമാകുന്നതിനൊപ്പം വിറ്റാമിന്‍-ഡിയുടെ അളവും ഇതില്‍ നിര്‍ണായകമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

അറുപതുവയസ്സിനുമുകളിലുള്ള 4000 പേരിലാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ഏജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വിറ്റാമിന്‍-ഡി കുറവുള്ളവരില്‍ പേശീക്ഷയം മൂന്നുമടങ്ങുവരെ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. വിറ്റാമിന്‍-ഡിയുടെ കുറവ് പേശികളുടെ ശക്തിയും പ്രകടനവും  ദുര്‍ബലമാക്കുന്നതിനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നതായും പഠനം കൂട്ടിച്ചേര്‍ത്തു.