Thu. Dec 19th, 2024
കൊച്ചി:

വാളയാര്‍ കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് ജോസഫൈന്‍ പറഞ്ഞു.

എന്നാൽ സംഭവത്തില്‍ കമ്മിഷന് അതീവ ആശങ്കയുണ്ടെന്നും സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം അവിടെ എത്തുകയും കുട്ടികളുടെ അമ്മയെ കാണുകയും ചെയ്തിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോക്സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കുകയാണ് വനിതാ കമ്മീഷന്‍ ചെയ്യുന്നത്. എന്നാൽ പോക്‌സോ കേസുകളില്‍ ഇടപെടാന്‍ വനിതാ കമ്മിഷന് പരിമിതികളുണ്ട്, ജോസഫൈന്‍ വ്യക്തമാക്കി.

എടപ്പാള്‍ പീഡനക്കേസില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടിരുന്നു. കേസില്‍ കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടായ സാഹചര്യത്തിലാണ് ഇതു സംഭവിച്ചതെന്ന് ജോസഫൈന്‍ പറഞ്ഞു. വാളയാര്‍ കേസില്‍ കേസന്വേഷണത്തിലോ പ്രോസിക്യൂഷന്‍റെ ഭാഗത്തോ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

“രാജ്യത്തെ തെളിവ്, ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ട്. തെളിവ് നിയമത്തിന്‍റെ ആനുകൂല്യത്തില്‍ പ്രതികള്‍ വിട്ടയയ്ക്കപ്പെടുന്ന സാഹചര്യം മാറണം. രാജ്യവ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വിധി പറയുന്നത് പതിനെട്ട് ശതമാനം കേസുകളില്‍ മാത്രമാണെന്നതാണ് നിയമത്തിന്‍റെ ദൗര്‍ബല്യം” അവര്‍ പറ‍ഞ്ഞു.