Tue. Nov 5th, 2024
 പാലക്കാട്:

വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.

കുറ്റപത്രത്തില്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രതിഷേധാര്‍ഹം. മൂത്ത കുട്ടി മരണപ്പെട്ടപ്പോള്‍ മുഖം മൂടിയിട്ട രണ്ടുപേരുടെ സാന്നിദ്ധ്യം സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന്, ഇളയകുട്ടി ബന്ധുക്കളോടും പോലീസിനോടും പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇളയപെണ്‍കുട്ടിയുടെ നിര്‍ണ്ണായകമായ ഈ മൊഴിയെപ്പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് ദുരൂഹതകള്‍ ഊട്ടിയുറപ്പിക്കുന്നു.

പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് ഇരയാകുന്നത് പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും വച്ചാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ കുട്ടി മരിക്കുന്നതുവരെ ലൈംഗികാക്രമണത്തിന് ഇരയായതായും സൂചിപ്പിക്കുന്നുണ്ട്.

കേസില്‍ മൊഴി നല്‍കിയ 57 സാക്ഷികളില്‍ ഏഴ് പേരാണ്, പെണ്‍കുട്ടികള്‍ ലൈംഗികാക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.

പെണ്‍കുട്ടികളുടെ വീട്ടില്‍ പ്രതികള്‍ പലതവണ പോകുന്നത് കണ്ടിട്ടുണ്ടെന്ന് 10 പേര്‍ മൊഴി കൊടുത്തിട്ടുണ്ട്. കുട്ടി ആക്രമത്തിന് ഇരയായത് കണ്ടതായി രണ്ടാനച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു.

2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് മൂത്ത പെണ്‍കുട്ടി തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

കേസ് സിബിഐക്ക് വിടണമെന്നും, കേരളപോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം മുറുക്കി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് അട്ടപ്പളത്ത് 100 മണിക്കൂര്‍ സമരം നടക്കും. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സമരം ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് സംഘം ഇന്ന് പാലക്കാട് അട്ടപ്പളത്തുള്ള പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം, കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എന്‍ രാജേഷിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. പ്രതികള്‍ക്ക് വേണ്ടി രാജേഷ് ഹാജരായത് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.