Fri. Nov 22nd, 2024

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമാകുകയും ചെയ്തു. സംസ്ഥാനത്തെ കരുത്തുള്ള സംഘടനയായി സിപിഎം മാറുകയും വലതുപക്ഷം ശോഷിക്കുകയും ചെയ്തിരിക്കുന്നു. ഈയവസരത്തിൽ സമൂഹത്തിലെ കരുത്തരായ സ്ഥാപനങ്ങളും സാമൂഹിക മാറ്റങ്ങളും തമ്മിലുള്ള ബന്ധവും സാമൂഹ്യ ശാസ്‌ത്രപരമായി പരിശോധിക്കുകയാണ് ലേഖനം.

സമൂഹത്തിലെ കരുത്തരായ സ്ഥാപനങ്ങൾ എന്താണ് എന്ന് നിർവചിക്കുന്നതിന് മുൻപ് നമുക്ക് ഏവർക്കും പരിചിതമായ രണ്ട് പ്രധാന സംഭവങ്ങൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. കരുത്തരായ സാമൂഹിക സ്ഥാപനങ്ങളുടെ സാമൂഹ്യ ശാസ്ത്രം പരിശോധിക്കുന്നതിന് അനിവാര്യമായ ഉദാഹരണങ്ങളാണിവ. ആ രണ്ട് സംഭവങ്ങൾ വായനക്കാരുടെ ശ്രദ്ധയിലേക്കായി കൊണ്ടു വരുന്നു.

ഒന്ന്, കൂടത്തായി കൊലപാതക പരമ്പരയുമായി മാധ്യമ സെൻസേഷണലിസത്തിന്റെ ഇരയാകേണ്ടി ഒരു കുടുംബത്തിന്റെ വിധി. കൂടത്തായി കൊലപാതക പരമ്പരയുമായി ചേർന്ന് അതിനോട് ചേർന്നു നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ഒരു സാധാരണ കുടുംബത്തിനകത്തു നടന്ന സംഭവം പൊടിപ്പും തൊങ്ങലും വച്ച് മലയാള മനോരമ, മറുനാടൻ മലയാളി, മലയാളം വാർത്ത എന്നീ പത്ര സംരംഭങ്ങൾ വാർത്തയാക്കുന്നു. കൂടത്തായി കൊലപാതക പരമ്പരയുടെ വാർത്തകളെ തുടർന്ന് ആ കുടുംബത്തിൽ നടന്ന ഒരു മരണം സംശയകരമാണെന്ന് മരിച്ച ആളുടെ കുടുംബം സംശയം പ്രകടിപ്പിക്കുകയും അതൊരു കേസ് ആകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയെയും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനെയും സംശയത്തിൽ നിറുത്തി മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്.

മാധ്യമങ്ങൾക്ക് അവരുടെ റീച്ചും വായനക്കാരുടെ ശ്രദ്ധയുമാണ് ലക്‌ഷ്യം. എന്നാൽ ആരോപിക്കപ്പെട്ട കേസിനേക്കാൾ മരണപ്പെട്ടയാളുടെ ഭാര്യയെയും അവരുടെ മകനായ അലൻ സ്റ്റാൻലിയെയും തകർത്തു കളയാൻ ആ വാർത്തകൾക്ക് കഴിഞ്ഞു. ആദ്യമൊക്കെ കേസിനെ നിയമപരമായി നേരിടാം എന്ന് കരുതിയ അവർ ഒരാഴ്ചയ്ക്കു മുൻപ് ആത്മഹത്യ ചെയ്തു.

അലൻ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ സെന്റ് സ്റ്റീഫൻസ് കോളേജ് അധ്യാപകനായിരുന്നു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ, അദ്ദേഹത്തിന്റെ സഹപാഠികൾ ഓൺലൈൻ പ്രതിഷേധം നടത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ ഒരു മാപ്പപേക്ഷ പോലും ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചില്ല.

രണ്ടാമത്തെ സംഭവം, ബംഗളൂരു സ്ഫോടനക്കേസിൽ പത്തുവർഷത്തോളമായി വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കരിയ രണ്ടു ലക്ഷം രൂപ കെട്ടിവച്ചു സ്വന്തം ഉമ്മയെ കാണാൻ വന്നതാണ്. ഇവിടെയും മലയാള മനോരമ പോലെയുള്ള പത്രങ്ങൾ വാർത്ത കൊടുക്കുന്ന രീതി പരിശോധിക്കണം. സ്‌ഫോടനക്കേസ് പ്രതി മാതാവിനെ കാണാൻ എത്തി എന്നതാണ് വാർത്ത.

അയാൾ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണെന്നും പത്തുവർഷമായി വിചാരണ പോലും നടപ്പാക്കാതെ ഇന്ത്യൻ ദേശ രാഷ്ട്രത്തിനു കീഴിൽ നരകിക്കുന്ന ഒരു മനുഷ്യ ജീവിയാണെന്നുമുള്ള പരിഗണന പോലുമില്ലാതെ മനോരമ അയാളെ ഒരു തീവ്രവാദി ആക്കി മാറ്റിയിരിക്കുന്നു.

നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന തീർത്തും അനീതി നിറഞ്ഞ പൊതു ബോധങ്ങളെ വീണ്ടും വീണ്ടും വളർത്തി വലുതാക്കുന്ന ഒരു സമൂഹ നിർമ്മിതിയാണ് ഈ മാധ്യമങ്ങൾ ഈ രണ്ട് സംഭവങ്ങളിലുമായി ചെയ്തത്. കൂടത്തായി കൊലപാതകക്കേസിൽ ആ സ്ത്രീയുടെ ലൈംഗികതയിലേക്ക് എല്ലാ കണ്ണുകളും കൂർപ്പിച്ച് ഈ മലയാള മാധ്യമങ്ങൾ നോക്കുന്നത് നാമെല്ലാം കണ്ടതാണ്. മലയാളി വായനക്കാരനെ സുഖിപ്പിക്കുവാൻ സരിത നായർക്ക് ശേഷം മലയാള മാധ്യമങ്ങൾക്ക് കിട്ടിയ സ്ത്രീ ശരീരമാണ് സത്യത്തിൽ ജോളി.

ആ കുടുംബത്തിന്റെ നിർഭാഗ്യവശാൽ മാധ്യമങ്ങൾക്ക് വേണ്ടത് കിട്ടിയില്ല. അതോടെ സമാനമായ മറ്റു മരണങ്ങളിലേക്ക് അവർ ശ്രദ്ധ കേന്ദ്രീകരിച്ചു മാധ്യമ സെൻസേഷനലിസത്തിന്റെ രക്തസാക്ഷികളാണ്, സത്യത്തിൽ ആത്മഹത്യ ചെയ്ത യുവഅധ്യാപകനും അമ്മയും. അതുപോലെ തന്നെ മാധ്യമങ്ങളുടെ ഇസ്ലാമികവിരുദ്ധതയുടെ ഇരയാണ് സക്കരിയ.

സോളാർ തട്ടിപ്പ് കേസിൽ, കൂടത്തായി കേസിൽ എല്ലാം പുരുഷ കാമനകളെ സംതൃപ്തിപ്പെടുത്തുന്ന മസാലക്കഥകൾ എഴുതുന്ന വികാരത്തിലാണ് മാധ്യമ മുതലാളിമാർ മുഴുവനും അവരുടെയും പോലീസ് വകുപ്പിലെ വികാര ജീവികളുടെയും ആഗ്രഹത്തിനനുസരിച്ചു കഥകൾ മാറി മാറി പ്രസിദ്ധീകരിച്ചത്. ഇപ്പോഴും അതിന്റെ ഒഴുക്ക് നിന്നിട്ടില്ല. അതിനിടയിലാണ് ഡൽഹിയിലെ അധ്യാപകന്റെ കുടുംബത്തിൽ നടന്ന ഒരു ദാരുണ മരണത്തെയും അവർ കച്ചവടച്ചരക്കാക്കിയത്.

നമ്മുടെ സമൂഹത്തിലെ ആൺബോധ കൊതികളെ തങ്ങൾക്ക് ഒരിക്കലും സംതൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് മാധ്യമമുതലാളിമാർക്ക് അറിയുന്നതുകൊണ്ട്, ആ അമ്മയെയും മകനെയും പ്രതിക്കൂട്ടിൽ നിർത്തി അവർ കഥകൾ മെനഞ്ഞു. അതുപോലെ തന്നെയാണ് സക്കരിയയുടെ വാർത്തയും പുറത്തുവരുന്നത്. ഈ രാജ്യത്തെ ഇസ്ലാമിക വിരുദ്ധതയെ എത്ര മുസ്ലിം വിരുദ്ധ വാർത്തകൾ നൽകിയാലും സംതൃപ്തിപ്പെടുത്തി തീരില്ലെന്നു മനോരമ പത്രത്തിനും ശിങ്കിടികൾക്കും ബോധ്യമുണ്ട്.

ഈ മാധ്യമ സ്ഥാപനങ്ങൾ മാത്രമല്ല സാമൂഹികമായി പരിശോധിക്കുമ്പോൾ സമൂഹത്തിലെ വലിയ സ്ഥാപനങ്ങൾ മുഴുവനും ഈ സ്വഭാവം പ്രദർശിപ്പിക്കാറുണ്ട്. വലിയ സ്ഥാപനങ്ങൾ എന്നാൽ ഒരു വലിയ സംഖ്യയോളം ജനങ്ങൾ പല മേഖലകളിൽ ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക സാമൂഹിക നിലനില്പിനു വേണ്ടി പ്രവർത്തിക്കുന്നു. അതിന് ഒരു അധികാര കേന്ദ്രവും, അധികാരത്തിന് ഒരു ഹയരാർക്കിയും ഉണ്ടാകും.

പ്രവർത്തനത്തിനായി പ്രത്യയശാസ്ത്രവും ഉണ്ടാകും. അതൊരു വ്യവസായ സ്ഥാപനമാകാം, പത്രസ്ഥാപനമാകാം, സംഘടനയാകാം, ഒരു പ്രദേശത്തിന്റെ ഭരണകൂടം തന്നെയുമാകാം. അതിനകത്ത് പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണവും അതിന്റെ പരപ്പും സമൂഹത്തിൽ ആ സ്ഥാപനത്തിന് ചെലുത്താൻ കഴിയുന്ന സ്വാധീനവുമാണ് അതിന്റെ മുഖ്യ ഘടകങ്ങൾ. ഇത്തരം സ്ഥാപനങ്ങളെ നമുക്ക് സ്ഥൂല ഘടനകൾ (Macro Structures)എന്ന് വിളിക്കാം.

ഈ സ്ഥൂല ഘടനകൾക്ക് മുഴുവനും സമൂഹത്തിലെ ഈ ആധിപത്യത്തെ (Hegemony)നിലനിർത്താനാണ് താല്പര്യം എന്നതാണ് സാമൂഹ്യശാസ്ത്രസത്യം. പൊതുവിൽ രാഷ്ട്രീയ സംഘടനകൾ അടക്കമുള്ള എല്ലാ സ്ഥൂലഘടനകളും തന്നെ അവരുടെ പ്രവർത്തനത്തിലൂടെ സാമൂഹിക മാറ്റം പ്രവചിക്കുമെങ്കിലും അതിനവർക്ക് സാധിക്കില്ല. നയപരമായും പ്രായോഗികമായും സാമൂഹിക മാറ്റമുണ്ടാക്കുന്നുണ്ടെന്ന് ഈ സ്ഥൂല ഘടനകൾ അവകാശപ്പെടുമെങ്കിലും അത് വസ്തുതാപരമായി ശരിയല്ല.

സാമൂഹിക മാറ്റം എത് ദിശയിൽ സംഭവിക്കണമെന്നോ സാമൂഹികനീതി എന്താണ് എന്നോ സ്ഥൂല ഘടനകൾക്കുള്ളിൽ പൊതുബോധമായി രൂപപ്പെടുകയില്ല എന്നതാണ് അതിന്റെ അടിസ്ഥാന സാമൂഹ്യ ശാസ്ത്ര വസ്തുത. സാമൂഹിക ഘടനയിലെ എല്ലാ ആധിപത്യങ്ങളേയും അലോസരപ്പെടുത്താതെയേ അതിന് നിലനിൽക്കാൻ കഴിയൂ. ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വ പുരുഷ ബോധവും ഇസ്ലാമിക വിരുദ്ധതയും ശക്തമായ ഈ ആധിപത്യത്തെ ഉപയോഗിച്ചു കൊണ്ട് അവർക്ക് എങ്ങനെ നിലനില്പും കരുത്തും ഉണ്ടാക്കാം എന്നാണ് ഈ സ്ഥൂല ഘടനകൾ ശ്രമിക്കുന്നത്.

അതിനെ നോവിക്കുവാൻ ഇവർക്ക് കരുത്തില്ല. ഈ ആധിപത്യം കേവലം സാമൂഹികമായ മൂല്യബോധങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല, അത് സമൂഹത്തിലെ വിഭവങ്ങളുടെയും, രാഷ്ട്രീയ അധികാരത്തിന്റെയും സാമൂഹിക അധികാരത്തിന്റെയും, സാമൂഹിക വിഭാഗങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളുടെയും ജാതീയമായ വിഭജനമാണ്, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായുള്ള സാമൂഹികമായ മത്സരത്തിന്റെ ജാതീയമായ അടിച്ചമർത്തൽ ആണ്. അതിനെയാണ് ഈ സ്ഥൂല ഘടനകൾ നിലനിർത്തുന്നത്.

ഈ ആധിപത്യത്തെ നോവിക്കാൻ കരുത്തില്ലാത്തതുകൊണ്ടാണ് മനോരമയെപ്പോലുള്ള പത്ര സംരംഭങ്ങൾ ഇത്തരത്തിൽ വാർത്തകൾ നൽകുന്നത്. മാതൃഭൂമിയെ ഈ സാഹചര്യത്തിൽ ഉപമിക്കാത്തത് സ്ഥൂല ഘടനകൾക്കുള്ളിൽത്തന്നെ അത് മറ്റൊരു രീതിയിൽ പരിശോധിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ്. ആധിപത്യത്തെ നോവിക്കാൻ ഒരു സ്ഥാപനത്തിന് കഴിയാത്ത സാഹചര്യവും ആധിപത്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ ഒരു സ്ഥാപനം ഇടപെടുന്നതും രണ്ടും രണ്ടാണ്.

അവിടെയാണ് ഈ തിരഞ്ഞെടുപ്പും, സിപിഎം എന്ന സംഘടന ഉപതിരഞ്ഞെടുപ്പായപ്പോൾ ശബലിമല വിഷയത്തിൽ മലക്കം മറിഞ്ഞതും പ്രധാനമാകുന്നത്. എണ്ണപ്പെട്ട ആളുകൾ ഒഴിച്ച് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പാർട്ടിയിൽ ആരും തന്നെ അനുകൂലിച്ചിരുന്നില്ല. കേരളത്തിൽ താഴെത്തട്ടിൽ വരെ കമ്മിറ്റികളും അതിൻമേൽ നിയന്ത്രണവുമുള്ള പാർട്ടിയാണ് സിപിഎം. മറ്റൊരു സംഘടനയ്ക്കും അതിനെ നിയന്ത്രിക്കാൻ ഇത്ര വലിയ ഉദ്യാഗസ്ഥവൃന്ദവും നെറ്റ് വർക്കും ഇല്ല.

സിപിഎം എന്ന സംഘടനയുടെ കൈവശമുള്ള അനേകമനേകം ക്ലബ്ബുകൾ, സൊസൈറ്റികൾ, സഹകരണ ബാങ്കുകൾ, മെഡിക്കൽ കോളേജ്, ചാനൽ, പത്രസ്ഥാപനം, കെട്ടിട നിർമാണക്കമ്പനി അങ്ങനെ അനേകമനേകം സംരംഭങ്ങൾ. ഏതോ സിനിമയിൽ പറയുന്നതുപോലെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഈ പാർട്ടി. അതുകൊണ്ടു തന്നെ ഏറ്റവും വലിയ മനുഷ്യ വിഭവവും ഈ പാർട്ടിക്ക് സ്വന്തമായുണ്ട്.

ഈ ബന്ധമാണ് സിപിഎം ന്റെ അടിത്തറ. ഈ ധനവിനിമയ, തൊഴിൽ വിതരണ, മനുഷ്യ വിഭവ ശൃoഖലയാണ് അതിനെ സംസ്ഥാനത്തെ എറ്റവും വലിയ സ്ഥൂല ഘടനയായി പരിഗണിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനുള്ളിലെ അധികാര സ്ഥാനങ്ങളിലേക്ക് എല്ലാ സാമൂഹിക വിഭാഗങ്ങളിലുള്ളവർക്കും ഒരുപോലെ സാമൂഹികമായി മത്സരിച്ച് എത്താൻ കഴിയില്ല.

സംഘടനയ്ക്കുള്ളിൽ പല സാമൂഹിക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതത്തിലുള്ള പ്രാതിനിധ്യം അംഗീകരിക്കാത്തതു കൊണ്ടും, പല സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, സംഘടന സൈദ്ധാന്തികമായി അംഗീകരിക്കാത്തതു കൊണ്ടും സ്ത്രീകൾ, ദളിതുകൾ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ലോക്കൽ തലം മുതൽ സംസ്ഥാന തലം വരെ ഈ സംഘടനയിൽ ശോഷിച്ചിരിക്കുന്നു. അതിന്റെ മറുവശമായി സമൂഹത്തിലെ ഹിന്ദുത്വ പുരുഷ ഘടന ഇതിന്റെ ലോക്കൽ കമ്മിറ്റി മുതൽ കേന്ദ്ര കമ്മിറ്റിയിൽ വരെ രൂപപ്പെടും.

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് നേതൃത്വങ്ങളിൽ അർഹമായ പ്രാതിനിധ്യം നഷ്ടമാകുന്നതുകൊണ്ടു തന്നെ ഈ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടേതായ പ്രശ്നങ്ങൾ സംഘടനയിൽ ഒരു പൊതു ബോധമായി ഉയർന്നു വരികയില്ല. മറിച്ച് സമൂഹത്തിലെ ആധിപത്യ വ്യവസ്ഥയുടെ ഭാഗമായ പൊതുബോധം സാമൂഹിക പ്രശ്ശങ്ങളായി ഉയർന്നുവരും. പാർശ്വവത്കൃതരുടെ ഒരു ശബ്ദം പോലും ഉയർന്നു വരികയില്ല.

ശബരിമലയിൽ സ്ത്രീ പ്രവേശനമാകുമ്പോൾ പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണ് എന്ന് നിരന്തരം സിപിഎം എന്ന സംഘടനയ്ക്ക് പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. അതിന്റെ ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന തലം വരെയുള്ള നേതൃത്വത്തിൽ ഇങ്ങനെ ബ്രാഹ്മണ്യത്തിന് അനുകൂലമായ പൊതുബോധമേ രൂപപ്പെടുകയുള്ളൂ. അത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമല്ല മറിച്ച് സാമൂഹ്യശാസ്ത്രപരമായി ആ സംഘടനയ്ക്ക് അങ്ങനെയേ നിലനിൽക്കാൻ കഴിയുകയുള്ളൂ.

കോടിയേരി ബാലകൃഷ്ണൻ, അഗ്രഹാരങ്ങളിലെ ദാരിദ്യത്തെക്കുറിച്ച് ചർച്ച മുന്നോട്ടു വയ്ക്കുന്നതും കേരളത്തിലെ 26000 വരുന്ന നാല് സെന്റ് ദളിത് കോളനികളെക്കുറിച്ച് ആ സംഘടന മൗനം പാലിക്കുന്നതും ഇതുകൊണ്ടാണ്. കേരളത്തിൽ ഇനി ഒരു ഭൂവിതരണം വേണ്ടെന്നും പകരം ഒറ്റമുറി ഫ്ലാറ്റ് കോളനി പദ്ധതികൾ മതിയെന്നും സിപിഎം തീരുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്. മൂലമ്പള്ളിയിലെ സർക്കാർ വികസനത്തിനായി കുടിയിറക്കിയ 345 ഓളം കുടുംബങ്ങളിൽ 35 കുടുംബങ്ങൾക്കേ നഷ്ടപരിഹാരമായി ലഭിച്ച 4 സെന്റ് ഭൂമിയിൽ തുടരാനുള്ളൂ എന്നും, ഏറെ പേർക്കും ലഭിച്ചത് ചതുപ്പു ഭൂമി ആണെന്നും ബാക്കിയുള്ളവർ ഇപ്പോഴും അനാഥരാണെന്നും ഈ സംവിധാനങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ചയത്തിൽ കുടി ഒഴിപ്പിക്കപ്പെട്ടവർക്ക് കോടിക്കണക്കിനു രൂപ, പൊളിക്കുന്നതിനു മുൻപ് വിതരണം ചെയ്തു തീർക്കാൻ കഴിയുന്ന പരിഗണന, മൂലമ്പിള്ളിക്കാർക്ക് ലഭിക്കാത്തതിനും കാരണം ഇത് തന്നെയാണ്.

സിപിഐ നടത്തുന്ന ഉപനിഷത് പ്രചാരണ പരിപാടി ഇതിന്റെ സമകാലീന ഉദാഹരണമാണ്. ഇത് സ്ഥൂലഘടനകളുടെ അടിസ്ഥാന തത്വമാണ്. സംസ്ഥാനത്തെ ഏതു സ്ഥൂല ഘടനകൾ പരിശോധിച്ചാലും ഈ സവിശേഷത നമുക്ക് കാണാനാകും. ദേശീയ തലത്തിൽ ബിഎസ്‌പി എന്ന ബഹുജന സoഘടനയ്ക്കു പോലും സവർണ്ണ സംവരണ നയത്തിലും കാശ്മീർ വിഷയത്തിലും ഭീകരനിയമ വിഷയത്തിലും ഈ ബ്രാഹ്മണ്യ ആധിപത്യത്തെ നിലനിർത്തുന്ന നയസമീപനങ്ങൾ സ്വീകരിക്കേണ്ടി വരുന്നത് അതും ഒരു സ്ഥൂല ഘടനയായി രൂപാന്തരം പ്രാപിച്ചതുകൊണ്ടാണ്.

ചരിത്രാതീതമായി സമൂഹത്തിലെ സ്ഥൂല ഘടനകളായ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും എന്നല്ല ഭരണകൂടവും മതവും കുത്തകകളും പോലും ഇതിൽ നിന്ന് വിഭിന്നമല്ല. സ്ഥൂല ഘടനകളുടെ സാമൂഹ്യ ശാസ്ത്ര സവിശേഷതയാണ് അത്. സത്യത്തിൽ ഇത്തരം ഘടനകൾക്ക് സമൂഹത്തിലെ മാറ്റത്തിന്റെ ചാലകശക്തിയാകാൻ കഴിയുമെങ്കിലും പൊതുവിൽ ഇത്തരം ഘടനകൾക്കകത്ത് സമൂഹത്തിലെ പ്രശ്നബാധിതരല്ലാത്ത ഉപരിവർഗ്ഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം എണ്ണത്തിൽ കൂടുതൽ ആകുകയും ചെയ്യും.

അതുകൊണ്ടു തന്നെ പ്രശ്നബാധിതരുടെ സാഹചര്യങ്ങൾ ഈ ഘടനകൾക്കകത്ത് അഡ്രസ് ചെയ്യപ്പെടാതെ പോകുകയും ചെയ്യും. ഇക്കാരണങ്ങൾ കൊണ്ട് മുൻപ് സൂചിപ്പിച്ചതു പോലെ സാമൂഹിക മാറ്റം എത് ദിശയിൽ സംഭവിക്കണമെന്നോ സാമൂഹികനീതി എന്താണ് എന്നോ സ്ഥൂല ഘടനകൾക്കുള്ളിൽ പൊതുബോധമായി രൂപപ്പെടുകയില്ല. സ്ഥൂല ഘടനയുടെ വളർച്ചയ്ക്ക് വേണ്ടി മാത്രമേ അതിന് നിൽക്കാൻ കഴിയൂ. നീതിയുക്തമായ ഒരു സാമൂഹിക മാറ്റത്തിനു വേണ്ടി അവയ്ക്ക് സമൂഹത്തിൽ സമ്മർദ്ദം ചെലുത്താനാകില്ല.

മറിച്ച്, പ്രശ്നബാധിതരുടെ പ്രാതിനിധ്യം താരതമ്യേന കൂടുതലുള്ള സൂക്ഷ്മഘടനകൾക്ക് സമൂഹത്തിലെ പ്രശ്നബാധിതരുടെ ശബ്ദമാകുവാനും ആധിപത്യത്തിന്റെ അരികുകളിൽ നിന്ന് ഒരു അപനിർമ്മാണം സാധ്യമാകുകയും ചെയ്യും. ചരിത്രം പരിശോധിച്ചു നോക്കുമ്പോൾ നവോത്ഥാന കാലഘട്ടം മുതൽ ഇങ്ങോട്ട് സാമൂഹിക മാറ്റമുണ്ടാക്കിയത് ഇതുപോലുള്ള സ്ഥൂല ഘടനകൾ ആയിരുന്നില്ല. വലിയ രീതിയിൽ അണികളോ വലിയ ഉദ്യോഗസ്ഥ സംവിധാനമോ അതിനെ ചുറ്റിപ്പറ്റി അധികാര കേന്ദ്രമോ അതിന്റെ ശ്രേണി ബന്ധമോ ഉണ്ടായിരുന്നില്ല.

എല്ലാം ചെറു മുന്നേറ്റങ്ങൾ ആയിരുന്നു. അയ്യൻ കാളിയുടെ മുന്നേറ്റവും, കുമാര ഗുരു മുന്നേറ്റവും, പണ്ഡിറ്റ് കറുപ്പന്റെയും, പൊയ്കയിൽ അപ്പച്ചന്റെയും, ശ്രീ നാരായണ ഗുരുവിന്റെയും, സഹോദരൻ അയ്യപ്പന്റെയും മുന്നേറ്റവും എല്ലാം തന്നെയും ചെറു മുന്നേറ്റങ്ങൾ ആയിരുന്നു. എന്തിനേറെ പറയുന്നു ചരിത്രത്തിൽ സിപിഎം എന്ന സംവിധാനം പോലും ഒരു ചെറു മുന്നേറ്റമായി വേണം പരിഗണിക്കാൻ.

ഭൂപരിഷ്കരണത്തിലും വികസന നയങ്ങളിലും ദളിതുകളും ആദിവാസികളും സിപിഎമ്മിനാൽ വഞ്ചിക്കപ്പെട്ടു എങ്കിലും ഈഴവരടക്കമുള്ള പിന്നോക്ക ജനതയ്ക്ക് ഭൂമിയിൽ അധികാരം ലഭ്യമായത്, ഈ സംഘടന അക്കാലത്ത് ഒരു ചെറു മുന്നേറ്റമായിരുന്നതുകൊണ്ടും ഈഴവരുടെ പ്രാതിനിധ്യം കൊണ്ട് ആ സംഘടനയിൽ അവർക്കനുകൂലമായ ഒരു പൊതുബോധമുയർത്താൻ കഴിഞ്ഞതുകൊണ്ടുമാണ്. 1957 ലെ ആ ചെറു മുന്നേറ്റത്തെ തകർത്തത് അക്കാലത്തെ സ്ഥൂല ഘടനകളായിരുന്ന കോൺഗ്രസും ക്രൈസ്തവ സഭയും എൻഎസ്എസ്സും ചേർന്നായിരുന്നു എന്നതാണ് വാസ്തവം.

1967 കൾക്ക് ശേഷം ഉയർന്നു വന്ന മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ. ജനകീയ വിചാരണ കോടതികൾ, ജനകീയ സാംസ്കാരിക വേദി ഇതെല്ലാം ചെറു മുന്നേറ്റങ്ങൾ ആയിരുന്നു. അനേകമനേകം ചെറു മുന്നേറ്റങ്ങളുടെ തുടർച്ചയായ ഇടപെടലുകൾ തന്നെയാണ് നമ്മുടെ ചരിത്രം. പ്ലാച്ചിമട സമരം നമ്മുടെ ഓർമ്മകളിൽ നിന്നു മായാത്ത ഒന്നാണ്.

ചെങ്ങറ ഭൂമി പിടിച്ചെടുക്കൽ പോലൊരു ഐതിഹാസികമായ സമരം സിപിഎം നെ പോലെ ഒരു സംഘടനയ്ക്ക് സങ്കല്പിക്കാൻ പോലും കെല്പില്ല. അതാണ് ഈ ചെറു മുന്നേറ്റങ്ങളുടെ കരുത്ത്. അങ്ങനെ ചരിത്രത്തിന്റെ വീഥികളിൽ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര ചെറു സമര മുന്നേറ്റങ്ങൾ.

നവ മാധ്യമങ്ങൾ വന്നതിനു ശേഷം വിജയിച്ച, ഇപ്പോഴും വിജയിച്ചു കൊണ്ടിരിക്കുന്ന സമരങ്ങൾ. ആദിവാസികളുടെ ഭൂമിപ്രശ്നം മുന്നോട്ട് വച്ച മുത്തങ്ങ, അരിപ്പ എന്നീ സമരങ്ങൾ, നില്പ് സമരം, ടെക്സ്റ്റയിൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുത്ത ഇരിപ്പ് സമരം, നഴ്സുമാരുടെ അവകാശങ്ങൾ നേടിയെടുത്ത സമരം, തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവിന് കാരണമായ വിഖ്യാതമായ പൊമ്പിളൈ ഒരുമൈ, വിദ്യാർത്ഥിനികൾ ഹോസ്റ്റൽ സമയക്രമം പുനഃക്രമീകരിക്കുന്നതിനായി നടത്തിയ ബ്രേക്ക് ദി കർഫ്യൂ, വടയമ്പാടി ജാതിമതിൽ തകർക്കൽ, ഹാദിയയുടെ പോരാട്ടം, വിനായകന് നീതിക്കായി നടത്തിയ മുന്നേറ്റം, ഐതിഹാസികമായ അംബേദ്കറൈറ്റ് ഉയിർത്തെഴുന്നേൽപ്പ്, അനേകമനേകം പ്രൈഡ് മാർച്ചുകൾ, കിസ് ഓഫ് ലവ്, എയിഡഡ് വിദ്യഭ്യാസ മേഖല നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടാനായി നടത്തുന്ന പോരാട്ടങ്ങൾ… എല്ലാം തന്നെയും ചെറു മുന്നേറ്റങ്ങൾ ആയിരുന്നു.

അവയെല്ലാം ഈ ആധിപത്യത്തെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തകർത്തിട്ടുണ്ട്. ഇവയിലൊന്നിലും ഈ സ്ഥൂലഘടനകൾ ഒരിക്കൽ പോലും ഈ ആധിപത്യത്തിന് എതിരായി നിന്നിട്ടില്ല. ഏറ്റവും പ്രധാന ഘടകം ഈ മുന്നേറ്റങ്ങൾ നയിച്ചവരെല്ലാം പ്രശ്നബാധിതരായ ചെറുകൂട്ടങ്ങൾ ആണ് എന്നതാണ്. അങ്ങനെ അല്ലാത്ത മുന്നേറ്റങ്ങളിൽ ചിലത് സിപിഎം ഉം പിന്നെ മാവോയിസ്റ്റ് ഗ്രൂപ്പുകളും ആണ്. അതിൽ സിപിഎം ന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ലേഖനത്തിൽ മുൻപ് വ്യക്തമാക്കിയത്. മാവോയിസ്റ്റ് ഗ്രൂപ്പുകൾ ഇപ്പോൾ വംശനാശം വന്നു പോയിരിക്കുന്നു.

ഈ വ്യക്തമാക്കിയ ആധിപത്യത്തെ (Hegemony) ഭരണകൂടത്തിന്റെ ഔദ്യോഗിക നിയമ വ്യവസ്ഥയാക്കുവാനും ഇതൊരു ഹിന്ദുത്വ രാഷ്ട്രമാക്കി പുനഃസ്ഥാപിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ ഈ ആധിപത്യം (Hegemony) കേവലം സാമൂഹികമായ മൂല്യബോധങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല, അത് സമൂഹത്തിലെ വിഭവങ്ങളുടെയും, രാഷ്ട്രീയ അധികാരത്തിന്റെയും സാമൂഹിക അധികാരത്തിന്റെയും, സാമൂഹിക വിഭാഗങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളുടെയും ജാതീയമായ വിഭജനമാണ്, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായുള്ള സാമൂഹികമായി മത്സരത്തിന്റെ ജാതീയമായ അടിച്ചമർത്തൽ ആണ്. അതിനെയാണ് ഇവർ നിലനിർത്താൻ ശ്രമിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ സംഘപരിവാർ നടപ്പാക്കാനുദ്ദേശിക്കുന്ന സാമൂഹിക ക്രമത്തിന് അനുകൂലമായൊരു സാമൂഹിക സാഹചര്യം സൃഷ്ടിക്കുക എന്ന കർത്തവ്യമാണ് ഈ സ്ഥൂലഘടനകൾ ചെയ്യുന്ന പ്രവർത്തനം.

മാതൃഭൂമി പത്രം ഇതിന്റെ ഏറ്റവും അപകടകരമായ ഉദാഹരണമാണ്. മാതൃഭൂമി പത്രം രണ്ടു ദിവസം കൂടുമ്പോൾ സംസ്ഥാനത്തു നടക്കുന്ന ഗോപൂജയെക്കുറിച്ചു നാട്ടുവർത്തമാനം പേജിൽ കൃത്യമായി വാർത്തകൾ കൊടുക്കുന്നുണ്ട്. ശ്രദ്ധിക്കണം, നാട്ടുവർത്തമാനം പേജിൽ ആണ്. അല്ലാതെ വലിയ രാഷ്ട്രീയ ചർച്ച നടത്തുന്ന എഡിറ്റോറിയൽ പേജിൽ ഹിന്ദുത്വം വിളമ്പുകയല്ല. വളരെ പതുക്കെ ഓരോ കുടുംബങ്ങളിലേക്കും ഗോക്കളെ പൂജിക്കേണ്ടതുണ്ട് എന്ന ബോധ്യമാണ് അവർ പതുക്കെ നൽകുന്നത്. അവരാണ് ഇവിടെ സംഘപരിവാറിനേക്കാൾ വേഗത്തിൽ ഹിന്ദുത്വത്തിന്റെ വേരുറപ്പിക്കുന്നത്.

സവർണ്ണ സമുദായ സംഘടനകളും ഇവയുടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടുന്ന രാഷട്രീയ പാർട്ടികളും ഫലത്തിൽ ഈ ആധിപത്യത്തെ (Hegemony) നിലനിർത്തുകയാണ് ചെയ്യുന്നത്. ഈ സവർണ്ണരുടെ പ്രാതിനിധ്യം കൂടുതലുള്ള നേതൃത്വങ്ങൾ ഭരിക്കുന്ന സർക്കാർ നയങ്ങളിൽ ഈ സ്ഥൂല ഘടനകളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകളാണ്, സവർണ്ണ സംവരണവും, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിയ്ക്ക് വിടണ്ട എന്ന സർക്കാർ തീരുമാനവും.

കോൺഗ്രസ് പോലുള്ള സവർണ്ണ സംഘടനകളെ ഏറ്റവുമധികം ഭയപ്പെടേണ്ടത് ഈ സാഹചര്യത്തിലാണ്. സമൂഹത്തിലെ ആധിപത്യത്തെ (Hegemony) ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നയപരമായും രാഷ്ട്രീയമായും ആ സംഘടന ചരിത്രപരമായി ചെയ്തു പോന്നത്. ഭൂപരിഷ്കരണ നിയമം മുതൽ വിദ്യാഭ്യാസ ബിൽ മുതൽ ചരിത്രത്തിൽ ഒരിടത്തും കോൺഗ്രസ് സാമൂഹിക മാറ്റത്തിന് അനുകൂലമായി നിന്നിട്ടില്ല. അവസാനം ശബരിമലയിൽ സവർണ്ണ കലാപം അഴിച്ചുവിടുന്നതിൽ പോലും ഈ സംഘടനയ്ക്ക് പങ്കുണ്ടായി.

ഈ സാമൂഹിക വസ്തുതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ജനാധിപത്യത്തിന്റയും സാമൂഹിക നീതിയുടെയും ചാലകശക്തിയാവാൻ ചെറു മുന്നേറ്റങ്ങൾക്ക് മാത്രമേ സാധിക്കൂ എന്നതാണ്. അതുകൊണ്ട് സ്ഥൂലഘടനകൾ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് ഒരു പ്രതീക്ഷയല്ല.

അരവിന്ദ് വി.എസ്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ. സോഷ്യോളജി കഴിഞ്ഞു. ഇപ്പോൾ ദി ക്രിട്ടിക് എന്ന ഓൺലൈൻ പോർട്ടലിൽ ജോലി ചെയ്യുന്നു.