Wed. Jan 22nd, 2025

പല്ല് എല്ലാവരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അതിനാല്‍ തന്നെ പല്ലിനെ ഭംഗിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി രണ്ടു നേരവും പല്ല് തേക്കുന്നവരും, പല്ല് വെളുത്തിരിക്കാന്‍ വേണ്ടി എന്തെങ്കിലും ഫ്‌ളൂയിഡുകളോ മറ്റോ ഉപയോഗിക്കുന്നവരും ധാരാളമാണ്. എങ്കില്‍ പോലും ചെറിയ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം.

1) പുകവലി പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തും.

2) മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. തൊണ്ടവേദന പോലുളള പ്രശ്നങ്ങള്‍ക്ക് വേണ്ടി കഴിക്കുന്ന മിഠായിയില്‍ പോലും പഞ്ചസാരയുടെ അംശമുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം.

3 ) ഐസ് വായിലിട്ട് ചവയ്ക്കരുത്. അത് പല്ലിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത കൊണ്ട് ഐസ് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഐസ് പല്ലിന്റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം.

4) ചിലര്‍ക്കുള്ള ശീലമാണ് പല്ല് ഉരയ്‌ക്കുന്നത്. മാനസിക പിരിമുറുക്കം തോന്നുന്ന വേളകളില്‍ കൈ കൊണ്ടോ മറ്റ് എന്തെങ്കിലും കൊണ്ടോ പല്ലുകള്‍ ഉരയ്ക്കുന്ന സ്വഭാവം പൂര്‍ണ്ണമായി ഒഴിവാക്കുക. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.

5 ) പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലു പൊട്ടാൻ വരെ സാധ്യതയുണ്ട്.