Mon. Dec 23rd, 2024
പ്രയാഗരാജ്:

 
മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നിയമ വിദ്യാർത്ഥിനി എഫ്‌ഐ‌ആറിൽ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി അലഹബാദ് കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനി സമർപ്പിച്ച വിവിധ അപേക്ഷകൾക്ക് കോടതി സംസ്ഥാന സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ചിന്മയാനന്ദിനെതിരായ എഫ്‌ഐ‌ആറിൽ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ, ഇത് കൂട്ടി ചേർക്കണം എന്നാണ് വിദ്യാർത്ഥിനിയുടെ ആവശ്യം.
അതേസമയം, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിലെ പുരോഗതി റിപ്പോർട്ട് മുദ്രയിട്ട കവറിൽ കോടതിയിൽ സമർപ്പിച്ചു. വീഡിയോ ക്ലിപ്പുകളെക്കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ലഭ്യമാകാൻ നാല് ആഴ്ചകൾ കൂടി എടുക്കുമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് കേസിലെ പുരോഗതി നിരീക്ഷിക്കുന്നത്. ചിന്മയാനന്ദ് നടത്തുന്ന ഷാജഹാൻപൂരിലെ എസ്എസ് കോളേജിൽ നിയമ വിദ്യാർത്ഥിനിയായ യുവതി ഓഗസ്റ്റ് 23നാണ്, മുൻ കേന്ദ്രമന്ത്രി ലൈംഗികമായി പീഡിപ്പിച്ചതായും ബ്ലാക്ക് മെയിൽ ചെയ്തതായും ആരോപിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അടുത്ത ദിവസം കാണാതായ വിദ്യാർത്ഥിനിയെ രാജസ്ഥാനിലെ ദൗസയിൽ വച്ചാണ് കണ്ടെത്തിയത്.

ചിന്മയാനന്ദിൽ നിന്നുണ്ടായ ലൈംഗിക പീഡനത്തേയും, ഭീഷണികളെയും കുറിച്ച് വിദ്യാർത്ഥിനി ജഡ്ജിമാരുടെ ചേംബറിൽ വിളിപ്പിച്ചപ്പോൾ വിശദമായി പറഞ്ഞിരുന്നു. പിന്നീട് ഡൽഹിയിൽ എഫ്‌ഐആർ ഫയൽ ചെയ്തു. അതോടൊപ്പം, വിദ്യാർത്ഥിനിയിൽ നിന്നും അവരുടെ മൂന്ന് പുരുഷ സുഹൃത്തുക്കളിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ഭീഷണികൾ ഉണ്ടായി എന്നാരോപിച്ച് ചിന്മയാനനന്ദ് മറ്റൊരു എഫ്‌ഐആർ ഫയൽ ചെയ്തു.

പീഡനത്തിനിരയായ പെൺകുട്ടി ചിന്മയാനന്ദിനു മസാജ് ചെയ്തു നൽകുന്ന വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതെ സമയം, കൊള്ളയടിക്കൽ വിഷയം ചർച്ച ചെയ്യുന്ന യുവതിയുടെയും അവളുടെ കൂട്ടാളികളുടെയും മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

പ്രസ്തുത കേസിൽ, സെപ്റ്റംബർ 20 നാണു ചിന്മയാനന്ദ് അറസ്റ്റിലായത്. അഞ്ച് ദിവസത്തിന് ശേഷം നിയമ വിദ്യാർത്ഥിയെയും അവളുടെ കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. എല്ലാവരെയും ഇപ്പോൾ ഷാജഹാൻപൂർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.