Tue. Nov 5th, 2024
#ദിനസരികള്‍ 915

 
ചിലരുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് വളരെ പെട്ടെന്നായിരിക്കും അവര്‍ വന്നു കയറുക. ചില നിമിഷങ്ങള്‍ മാത്രമേ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചുള്ളുവെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ഒരടയാളം അവശേഷിപ്പിച്ചുകൊണ്ടായിരിക്കും നിഷ്ക്രമിക്കുക. ഇടക്കിടയ്ക്ക് നാം ആ സ്നേഹസാമീപ്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു. ഇനിയെന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാനാകുമോ എന്ന സംശയത്തില്‍ നെടുവീര്‍പ്പിടുന്നു. വീണ്ടും നാം ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു കയറുന്നു.

പ്രളയകാലം അത്തരം സഹവര്‍ത്തിത്വത്തിന്റേതായ നിരവധി കൂട്ടാളികളെ സൃഷ്ടിച്ചു തന്നിട്ടുണ്ട്. ചിലരെ ഓര്‍മ്മിച്ചെടുക്കട്ടെ. പ്രളയജലം വാര്‍ന്നു പോയതിനു ശേഷമുളള ഒരു പ്രഭാതം. രാവിലെ എനിക്കൊരു ഫോണ്‍‌ വരുന്നു. സഖാവേ ഞങ്ങള്‍ എറണാകുളത്തു നിന്നുമാണ്. ഞങ്ങള്‍ കുറച്ചു പേര്‍ വയനാട്ടിലേക്ക് വന്നിട്ടുണ്ട്. വെള്ളം കയറിയ കിണറുകള്‍ വൃത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ പറയണം.

എന്റെ വീടിനു ചുറ്റിനുമുള്ള കിണറുകളിലെല്ലാം പുഴവെള്ളം കയറിയതാണ്. അത് തേകിക്കളഞ്ഞ് ശുദ്ധീകരിച്ചെടുക്കാതെ ഉപയോഗിക്കാന്‍ കഴിയില്ല. കുപ്പിവെള്ളത്തില്‍ എത്രനാള്‍ ജീവിച്ചു പോകാനാകും. അതുകൊണ്ട് ആരെയെങ്കിലും കണ്ടെത്തണമെന്ന് അയല്‍വാസികളെല്ലാംകൂടി ആലോചിച്ചിരുന്നത് തലേദിവസം വൈകീട്ടാണ്. പിറ്റേന്നാണ് ഈ വിളിവരുന്നത്. മാനന്തവാടിയിലെ ഒരു സഖാവു വഴിയാണ് അവര്‍ എന്നിലേക്കെത്തുന്നത്.

ഒട്ടും ആലോചിക്കാതെ ഞാന്‍ ക്ഷണിച്ചു. അവര്‍ വന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍. ഊര്‍ജ്ജ്വസ്വലര്‍. എന്തിനും മടികാണിക്കത്തവര്‍. കിണര്‍ തേവാനുള്ള സാധനസാമഗ്രികളുമായാണ് അവര്‍ വന്നത്. ഞാനവരെ പരിചയപ്പെട്ടു. ഒന്നോ രണ്ടോ പേര്‍ക്കുമാത്രമേ കിണറുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ പരിചയമുള്ളു. ബാക്കിയെല്ലാവരും ആദ്യമായാണ്.എന്നാലും പരിചയക്കുറവിന്റെ അങ്കലാപ്പൊന്നും അവരുടെ നീക്കങ്ങളിലുണ്ടായിരുന്നില്ല.അവര്‍ ജോലി ചെയ്തു. ചടുലമായി. രണ്ടു ദിവസം കൊണ്ട് ഏകദശം ഇരുപതോളം കിണറുകള്‍ അവര്‍ വൃത്തിയാക്കി.

ഈ സമയം കൊണ്ട് ഞങ്ങളൊരു കുടുംബം പോലെയായി. പിറ്റേദിവസം വൈകുന്നേരം കൈകൊടുത്തു പിരിഞ്ഞു. സഖാവേ , യാത്ര ! ഇനി എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം എന്നു പറഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ ഒരു വേദന സൂചിനീട്ടുന്നത് ഞാനറിഞ്ഞു. ഇനി എന്നെങ്കിലും കാണുമോ എന്നറിയില്ലെങ്കിലും സുഹൃത്തുക്കളേ ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുന്നു.

പ്രളയത്തിനു ശേഷം ചിലര്‍ വന്നത് ഭക്ഷണ സാധനങ്ങളുമായാണ്. ചിലര്‍ ബെഡ്ഡും പായയുമൊക്കെ കൊണ്ടുവന്നു. ചിലരാകട്ടെ പാത്രങ്ങള്‍, മറ്റു ചിലര്‍ വീടു വൃത്തിയാക്കാനും മറ്റുമുള്ള സാധനങ്ങള്‍ വിതരണം ചെയ്തു. ആവശ്യമുള്ളത് ആവശ്യമുള്ളവര്‍‌ക്കൊക്കെ നല്കി. നിറഞ്ഞ മനസ്സും കാലിയായ വാഹനങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയത്. ഇങ്ങനെ ഓരോ ദിവസവും ആളുകളെത്തി. എന്തൊരു സ്നേഹമാണ്, കരുതലാണ് അവര്‍ മനുഷ്യരോട് പ്രകടിപ്പിക്കുന്നത്? ചെറിയ മണിക്കൂറുകള്‍ കൊണ്ട് ഒരു ജീവിതകാലത്തെ സൌഹൃദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മനുഷ്യന്‍ മനുഷ്യന്റെ കൈകളെ ചേര്‍ത്തു പിടിക്കുന്നുവെന്നല്ലാതെ ഒരുത്തന്‍ കൊടുക്കുന്നവനെന്നോ മറ്റവന്‍ വാങ്ങുന്നവനെന്നോ ഉള്ള ഏറ്റക്കുറച്ചിലുകള്‍ ഞങ്ങളെ തീണ്ടിയതേയില്ലെങ്കിലും ചില കള്ളനാണയങ്ങളും കൂട്ടത്തിലുണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കുക വയ്യ.

പാലക്കാടുനിന്നും തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും ചെന്നൈയില്‍ നിന്നുമൊക്കെ സുഹൃത്തുക്കള്‍ വിളിച്ചു. വയനാട്ടിലേക്ക് എന്താണ് വേണ്ടതെന്നായിരുന്നു ചോദ്യം. സര്‍‌ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് അവര്‍ കൊടുത്തയച്ച സാധനങ്ങള്‍ ശേഖരിക്കപ്പെട്ടു. നിജപ്പെടുത്തപ്പെട്ട ആളുകള്‍ അവയെല്ലാം തന്നെ കൃത്യമായും തുല്യമായും ആവശ്യക്കാരിലേക്ക് വിതരണം ചെയ്തു. സാധനങ്ങള്‍ എത്തിച്ചുതന്നവരില്‍ ആരേയും തന്നെ ഇനി എന്നെങ്കിലും കാണുമെന്ന് പറയുക വയ്യ. അത്തരമൊരു പ്രതീക്ഷയുമില്ല. എന്നാലും കുറഞ്ഞ സമയത്തിനുള്ളില്‍ ജീവിതത്തിന്റെ മച്ചകങ്ങളില്‍ അവര്‍ കോറിയിട്ട ചിത്രങ്ങള്‍ ഇനിയെത്രകാലം കഴിഞ്ഞാലും മാഞ്ഞു പോകുവതെങ്ങനെ?

ഇരുള്‍ക്കുഴികളില്‍ ഒറ്റപ്പെട്ടുപോയവന് താങ്ങാകാന്‍ ഒരു കൈ എത്തിച്ചേരാതിരിക്കില്ലെന്ന് മിന്നിപ്പൊലിഞ്ഞു പോയവര്‍ സാക്ഷ്യപ്പെടുത്തുന്നില്ലേ? അതുതന്നെയാണ് നമ്മുടെയൊക്കെ ജീവിതങ്ങളെ സാര്‍ത്ഥകമാക്കുന്നതും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.