Wed. Nov 6th, 2024
പാരീസ്:

 

അടുത്ത ഫെബ്രുവരി വരെ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽപ്പെടുത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. ഇതോടൊപ്പം തന്നെ തീവ്രവാദത്തിനുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവ പൂർണമായും ഇല്ലാതാക്കുന്നതിനായുള്ള കർശന നടപടികൾ കൈക്കൊള്ളാൻ  ഇസ്ലാമാബാദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാരീസിൽ ചേർന്ന എഫ്എടിഎഫ് യോഗത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കാൻ ഇസ്ലാമാബാദ് സ്വീകരിച്ച നടപടികൾ അവലോകനം ചെയ്‌തിരുന്നു. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ വിഷയത്തിൽ കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നത്തിനുള്ള  നടപടികൾ തൃപ്തികരമല്ലാത്തതിനാൽ, പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താനുള്ള കാര്യത്തിൽ അന്തിമ തീരുമാനം 2020 ഫെബ്രുവരിയോടുകൂടി എഫ്എടിഎഫ് കൈക്കൊള്ളുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഈ മാസം 18 ഓടു കൂടി ഉണ്ടാകും. എന്നാൽ ഈ വാർത്ത നിഷേധിച്ചുകൊണ്ടായിരുന്നു പാക്കിസ്ഥാൻ ധനകാര്യ വകുപ്പ് വക്താവ് ഒമർ ഹമീദ് ഖാന്റെ പ്രതികരണം.

അതേസമയം, ഇസ്ലാമബാദ് ഇരുപത്തിയേഴ് പോയിന്റുകളിൽ ഇരുപതിലും മികച്ച പുരോഗതി കൈവരിച്ചതായി സാമ്പത്തിക കാര്യ മന്ത്രി ഹമ്മദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ പ്രതിനിധി സംഘം യോഗത്തിൽ പറഞ്ഞു. എന്നാൽ, വിവിധ മേഖലകളിൽ പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും യോഗം നിരീക്ഷിച്ചു.

ചൈനയും, തുർക്കിയും, മലേഷ്യയും പാക്കിസ്ഥാൻ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ചിരുന്നു. എന്നാൽ, ഹഫീസ് സയിദിനെ അദ്ദേഹത്തിന്റെ മരവിപ്പിച്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചു.

ചൈനയും, തുർക്കിയും, മലേഷ്യഎന്നീ രാജ്യങ്ങളുടെ പിൻ ബലമുള്ളതുകൊണ്ട് പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താതെ ശേഷിക്കുന്ന നടപടികൾ സ്വീകരിക്കാമെന്ന് എഫ്എടിഎഫ് തീരുമാനിക്കുകയായിരുന്നു. 36 രാജ്യങ്ങൾ അടങ്ങുന്ന എഫ്എടിഎഫ് ചാർട്ടർ അനുസരിച്ച് ഒരു രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കുറഞ്ഞത് മൂന്നു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്.