Sun. Dec 22nd, 2024
ന്യൂ ഡൽഹി:

കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. റോസ് അവന്യുവിലെ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.

സെപ്തംബർ 3നായിരുന്നു കള്ളപ്പണ കേസിൽ ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഡൽഹിയിലുള്ള ഫ്ലാറ്റിൽ നിന്ന് 8.83 കോടിയുടെ കണക്കിൽ പെടാത്ത പണം ഇൻകം ടാക്സ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 1961 ലെ ഇൻകം ടാക്സ് നിയമ പ്രകാരം സെക്ഷൻ 277, 278, ഐപി സി സെക്ഷൻ120, 193, 199 എന്നിവയാണ് ശിവകുമാറിന്റെ മേലുള്ള കുറ്റങ്ങൾ. കേസിനാസ്പദമായ തെളിവുകൾ ശേഖരിക്കാൻ ശിവകുമാറുമായി ബന്ധമുള്ള ആളുകളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വരികയാണ്. അദ്ദേഹത്തിന്റെ ഭാര്യയെയും അമ്മയെയും ഈ മാസം പതിനേഴാം തീയതി ഡൽഹിയിൽ വച്ച് ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

പ്രസ്തുത കേസിൽ ശിവകുമാറിന്റെ മകൾ ഐശ്വര്യ, അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡികെ സുരേഷ്, ബെലഗാവി റൂറൽ എംഎൽഎ ലക്ഷ്മി ഹെബ്ബാൾകർ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2018ലെ അസംബ്ലി ഇലക്ഷനിൽ ശിവകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 108 കോടിയാണ് മകൾ ഐശ്വര്യയുടെ ആസ്തിയായി കാണിച്ചിരുന്നത്. എന്നാൽ 2013 ൽ ഇത് 1.09 കോടി ആയിരുന്നു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐശ്വര്യയെ ചോദ്യം ചെയ്തത്.