Mon. Dec 23rd, 2024
കൊച്ചി:

 

പ്ലാസ്റ്റിക് സ്ട്രോകൾ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ക്യാമ്പസ് എന്ന പട്ടം ഇനി കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക്. പ്ലാസ്റ്റിക് മുക്ത ഭാരതം എന്ന സ്വപ്ന സാഫല്യത്തിന്റെ ഭാഗമായി കുസാറ്റിലെ അധ്യാപകരും, വിദ്യാർത്ഥികളും അംഗങ്ങളായ സ്മൈൽ മേക്കേഴ്‌സ് എന്ന സംഘടനയാണ് പുതിയ മാറ്റത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.

“കാലങ്ങളായി യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ പ്ലാസ്റ്റിക് സ്ട്രോകളാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ പ്രായോഗികമായ മാർഗങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സ്റ്റീൽ സ്ട്രോകൾ എന്ന ആശയത്തിലേക്കെത്തുന്നത്” സ്മൈൽ മേക്കേഴ്സിന്റെ പ്രസിഡന്റ് സനൂപ് സിദ്ദിഖ് വോക്ക് ജേർണലിനോട് പറഞ്ഞു.

പ്ലാസ്റ്റിക്കിനു പകരം പേപ്പർ സ്ട്രോകൾ ഉപയോഗിക്കാം എന്ന അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ അപ്പോഴും മാലിന്യ സംസ്കരണം ഒരു പ്രശ്നമാണ്,കൂടാതെ പേപ്പർ സ്ട്രോകൾക്ക് ചിലവും അധികമാകും,അതിനാലാണ് സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. സനൂപ് സിദ്ദിഖ് കൂട്ടിച്ചേർത്തു.

സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കാനുള്ള  ആവശ്യവുമായി സംഘടന കാന്റീൻ അധികൃതരെ സമീപിക്കുകയും അവരുടെ സമ്മതപ്രകാരം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്റ്റീൽ സ്ട്രോകൾ ക്യാന്റീനിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്. ഇന്ത്യയിൽ ഇത്തരം സ്ട്രോകൾ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വില അധികമായതാണ് ചൈനീസ് സ്ട്രോകൾ വാങ്ങാൻ കാരണം.

സാധാരണ സ്‌പൂണും, ഫോർക്കും ഉപയോഗിക്കുന്ന പോലെ തന്നെയാണ് സ്റ്റീൽ സ്ട്രോകളും. ആവശ്യത്തിന് ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയും, അണുവിമുക്തമാക്കുകയും ചെയ്തതിനു ശേഷമാണു സ്ട്രോകൾ പുനരുപയോഗിക്കുന്നത്. വൃത്തിയെക്കുറിച്ച് വ്യാകുലപ്പെട്ട്, ക്യാന്റീനിലെത്തുന്ന പലരും ഈ മാറ്റത്തെ ഏറ്റെടുക്കാൻ തയ്യാറല്ല. എന്നാൽ പോകെപ്പോകെ സ്റ്റീൽ സ്ട്രോകളെ ആളുകൾ സ്വീകരിച്ചോളുമെന്നും സനൂപ് സിദ്ദിഖ് അഭിപ്രായപ്പെട്ടു.

കുസാറ്റിൽ തന്നെ പ്രവർത്തിക്കുന്ന ഉദ്ബോധ് എന്ന എൻജിഒയുമായി ചേർന്ന് അൽഷൈമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പാണ് സ്മൈൽ മേക്കേഴ്‌സിന്റെ അടുത്ത ഉദ്യമം.