Wed. Jan 22nd, 2025

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വ മാധ്യമങ്ങളും മനുഷ്യമനസ്സുകളും ഏറ്റെടുത്ത സൈക്കോ വില്ലത്തിയായ ജോളിയെക്കുറിച്ചു അത്രയൊന്നും കേൾവിസുഖമില്ലാത്ത ചില വസ്തുതകളാണ് എനിക്ക് പറയാനുള്ളത്.

ആദ്യമായും അവസാനമായും ഞാൻ പ്രശ്നവൽക്കരിക്കുന്നത് അവർ മറച്ചു വെക്കുന്ന അവരുടെ വർഗ്ഗപരമായ സ്വത്വത്തെയാണ്. ജോളി ഒരു എൻഐടി പ്രൊഫസർ ആയിയാണ് സമൂഹത്തിനു മുൻപിൽ സ്വയം അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അവരൊരു ബ്യൂട്ടിപാർലർ ജീവനക്കാരിയായിരുന്നു എന്നും. ആത്യന്തികമായി അവരൊരു തൊഴിലാളി ആയിരുന്നു എന്ന് തന്നെ കരുതാം. (അവരുടെ കുടുംബപശ്ചാത്തലത്തെ പ്രശ്നാധിഷ്ഠിതമായി അവഗണിക്കേണ്ടതുണ്ട്).

ഒരാൾക്ക് അയാളുടെ വർഗ്ഗസ്വത്വത്തിൽ തെളിമയോടെ ഉറച്ചുനിൽക്കാൻ പ്രാപ്തമായ ഒരു സാമൂഹിക സാഹചര്യമല്ല നമ്മുടേത് എന്നത് തർക്കരഹിതമായ വസ്തുതയാണ്. ഒരാൾ അയാൾ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിഗണനക്ക് വിധേയമാകുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയിലെമ്പാടുമുണ്ട്. അത് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ അബോധ മൂല്യക്രമങ്ങളായും വ്യാഖ്യാനിക്കാവുന്നതാണ്. ആയിരക്കണക്കിന് വർഷങ്ങളോളം തൊഴിൽപരമായി സാമൂഹിക വിഭജനം (ജാതി വിഭജനം) നടന്ന ഒരു ദേശം എന്ന നിലയിലുള്ള എല്ലാ ഹാങ്ങ്‌ ഓവറുകളും ഇന്നും ഇന്ത്യക്കുണ്ട്. തൊഴിൽ ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് ലഭിക്കുന്ന മൂല്യത്തിൽ പ്രധാന പങ്കുവഹിക്കുന്നതിന്റെ അടിസ്ഥാന കാരണവും.

എന്റെ വ്യക്തിപരമായ ഒരു അനുഭവവും ഇവിടെ പങ്കുവെക്കേണ്ടതുണ്ടെന്നു തോന്നുന്നു. എന്റെ സീനിയർ ആയി പഠിച്ച ഒരാൾ അയാളുടെ ബന്ധുവിനെ കുറിച്ച് നടത്തിയ വിവരണം ആണിത്. രാവിലെ കുളിച്ചു വെള്ളയും വെള്ളയും ധരിച്ചു എക്സിക്യൂട്ടീവായ ബാഗും തൂക്കി ബുള്ളറ്റിൽ പോകുന്ന ഒരാളെ നിങ്ങൾ സങ്കൽപ്പിക്കുക. അയാളുടെ ബാഗിൽ മേസ്തിരിപ്പണിയുടെ ആയുധങ്ങൾ ആണെന്നും. അതിൽ സ്വാഭാവികത തോന്നുന്നില്ല എന്നാണെങ്കിൽ, അയാളുടെ തൊഴിലിനെ കുറിച്ച് അവർ കുടിയേറിയ ആ നാട്ടിലെ ആർക്കും വ്യക്തമായ ധാരണയില്ല എന്ന വസ്തുത നിങ്ങൾക്കുമുൻപിൽ നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. വർഗ്ഗപരമായ/ തൊഴിൽപരമായ അപകർഷതയെ മറികടക്കാനായി സാധാരണ മനുഷ്യർ നടത്തുന്ന കൗശലപൂർവ്വമായ ഇടപെടലുകളെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. മാരകമായ വർഗ സ്വത പ്രതിസന്ധിയായി അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പല രീതിയിലാകും നടക്കുക. സമർത്ഥമായി സ്വത്വം മറക്കുന്നവർക്കുള്ളിൽ അത്യുഗ്രമായ പ്രഹരശേഷിയുള്ള ഒരു ജോളി വളരാൻ സാഹചര്യ സമ്മർദ്ദങ്ങളോ മാനസിക വ്യതിയാനങ്ങളോ ധാരാളമാണ്.

“ഉപരിവർഗ്ഗമാവുക എന്നത് കേവലമനുഷ്യനെ ആകർഷിക്കുന്ന കാക്കപ്പൊന്നാണ്” എന്നെഴുതിയത് സുഹൃത്തും കവിയുമായ അജേഷ് നെല്ലാഞ്ചിയാണ്. ഉപരിവർഗ്ഗ/മേൽജാതി പ്രിവിലേജുകൾ നൽകുന്ന സ്വതന്ത്രവും സുഖാസാധ്യവുമായ ജീവിത കാമനകളെയാണ് മനുഷ്യരെ കാപട്യത്തിന്റെ പുലിത്തോലണിയാണ് പ്രേരിപ്പിക്കുന്നത്.

സാഹിത്യം പലപ്പോഴായി ഇതിനെ തീവ്രപരമായിതന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന നോവലിൽ നായകനും ഐഎഎസ് ഉദ്യോഗസ്ഥനും നായാടിയുമായ ധർമ്മപാലൻ ഒരു സവർണ്ണ സ്ത്രീയെ വിവാഹം ചെയ്യുന്നത് അവർ അയാളെ അവരുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും എന്ന് കരുതിയാണ്. തന്റെ അപകർഷതകൾ ആ രീതിയിൽ അപ്രത്യക്ഷമാകും എന്ന അയാളുടെ പ്രതീക്ഷ നോവലുടനീളം പരിഹാസ്യമാക്കുന്നുണ്ട്. എസ് ഹരീഷ് എഴുതിയ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയിലും മേൽജാതിയാകാൻ ശ്രമിക്കുന്ന കീഴ്ജാതി ജീവിതങ്ങളെ കാണാം.

അപകർഷതയെന്ന അടിസ്ഥാന പ്രശ്നത്തിലാണ് ഇവയെല്ലാം വിരൽ ചൂണ്ടുന്നത്. ജോളി നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിലെ ഉദ്ദേശം പണവും സമ്പത്തും ആണെന്ന് വ്യക്തമാണ്. അവരുടെ തൊഴിൽ സ്വത്വപരമായ പ്രതിസന്ധി കുമിഞ്ഞുകൂടാനിരിക്കുന്ന സമ്പത്തുകൊണ്ട് അട്ടിമറിക്കാം എന്ന ധാരണയാണ് അവരെ നയിച്ചതെന്ന് നിസംശയം പറയാം.

ബഷീറിനെ കുറിച്ച് എം എൻ വിജയൻ പറയുന്നത് നോക്കുക: “സാഹിത്യമതല്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള സാഹിത്യമാണ് ബഷീർ എഴുതിയത്. ഇതിലെ ഒരു കാര്യം ബഷീറിന് പലപണികൾ അറിയാം എന്നുള്ളതാണ്. മീൻപിടിക്കാനറിയാം, കുശിനിപ്പണിയറിയാം, പാത്രം കഴുക്കാനറിയാം എന്നൊക്കെ ബഷീർ പറയുന്നുണ്ട്. ഇത് അറിവിന്റെ ജനാതിപത്യവൽക്കരണമാണ്. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളും മൂല്യവത്താണെന്ന് മാത്രമല്ല, ഒരു പ്രവർത്തനവും സാഹിത്യത്തെക്കാൾ ഒട്ടും കുറഞ്ഞതല്ല എന്ന ബോധം ഇതോടെ ഉണ്ടായിത്തീരുന്നു.”

തൊഴിലിനെക്കുറിച്ചും, തൊഴിൽപരമായി ലഭിക്കുന്ന സ്വീകാര്യതകളുടെ നിരർത്ഥതയെ കുറിച്ചുമുള്ള വിജയന്മാഷിന്റേയും, ബഷീറിന്റെയും ഒരേപോലെയുള്ള ജീവിതബോധമാണ് ഇവിടെ തെളിയുന്നത്. വിശാലവും ജനാധിപത്യപരവുമായ ഈ നിസ്സാര യുക്തിയുടെ അഭാവമായിരിക്കാം ഒരുപക്ഷെ ജോളിമാരെ സൃഷ്ടിക്കുന്നത് എന്നും വരാം. ബഹുസ്വരതകളെന്നാൽ ജാതി, മത, ദേശ, വേഷങ്ങൾ മാത്രമല്ല വർഗ്ഗപരവും, വംശപരവുമായ വൈവിദ്ധ്യങ്ങളെ കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ട്.

“നിങ്ങൾ എന്താണെന്ന് നിങ്ങൾ കരുതുന്നോ അതല്ല നിങ്ങൾ. നിങ്ങൾ എന്താണെന്ന് മറ്റുള്ളവർ കരുതുന്നോ അതുമല്ല നിങ്ങൾ. നിങ്ങൾ എന്താണെന്ന് മറ്റുള്ളവർ കരുതുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നോ അതാണ് നിങ്ങൾ” എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
മറ്റുള്ളവർ എന്ത് കരുതും എന്ന മലയാള യുക്തി വർഗപരമായ അസംതുലിതാവസ്ഥകളെ അപകടകരമാംവിധം പാലൂട്ടി വളർത്തുകയും ചെയ്യുന്നു.

ലേഖകൻ: സനൽ ഹരിദാസ്