Wed. Jan 22nd, 2025
#ദിനസരികള്‍ 909

നിലനില്ക്കുന്ന വ്യവസ്ഥകളെ മാറ്റിത്തീര്‍ക്കാന്‍ പോരാടുന്നവരെ ആ വ്യവസ്ഥയുടെ ഗുണഭോക്താക്കളായവര്‍ ഒരിക്കലും സഹിഷ്ണുതയോടെ നേരിട്ട ചരിത്രമില്ല. തങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന അത്തരം ആളുകളെ ഏതുവിധേനയും ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് എല്ലാക്കാലത്തും അധികാരികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അങ്ങനെ ചങ്ങലകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കണ്ട് അധികാരികളോട് ഏറ്റുമുട്ടി മനുഷ്യകുലത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആളുകളുടെ ചരിത്രം യേശുക്രിസ്തുവില്‍ തുടങ്ങുന്നതും കെന്‍ സരോവിവയില്‍ ഒടുങ്ങുന്നതുമല്ല. ഏതേതു കാലങ്ങളില്‍ അധികാരത്തിന്റെ ദുഷിപ്പുകള്‍ ജനതയ്ക്കു മുകളില്‍ ഭാരമായി വന്നു വീണിട്ടുണ്ടോ അക്കാലങ്ങളിലൊക്കെ മോചനത്തിന്റെ സ്വപ്നങ്ങള്‍ വിതച്ചുകൊണ്ട് ഒരുവന്‍ കടല്‍ വകഞ്ഞു മാറ്റി ജനതയ്ക്ക് വഴിയൊരുക്കാന്‍ വന്നു ചേര്‍ന്നിട്ടുണ്ടാകും. ആ പ്രയത്നത്തില്‍ പക്ഷേ പലര്‍ക്കും സ്വന്തം ജീവിതം തന്നെ നഷ്ടപ്പെട്ടേക്കാം, പലരും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നും വരാം. എന്നാല്‍ ജനതയെ ഊര്‍ജ്ജപ്പെടുത്തിയെടുക്കാന്‍ അവരുടെ വഴികളെ തെളിയിച്ചു കാണിക്കാന്‍ ഇവര്‍ക്കു കഴിയുന്നുവെന്നതിന് മനുഷ്യവംശത്തിന്റെ ചരിത്രം തന്നെയാണ് സാക്ഷി.

ഇത്തരം സ്വതന്ത്രചിന്താഗതിക്കാരായ വിപ്ലവകാരികളെ അധികാരികള്‍ ഭയന്നു. അവരെ എത്രയും വേഗത്തില്‍ കഴുവേറ്റാനും തുറുങ്കിലടയ്ക്കാനും അവര്‍ വ്യഗ്രതപൂണ്ടു. അങ്ങനെ അധികാരികളുടെ കുത്സിത ബുദ്ധി തടവിലാക്കിയ ഒരു കൂട്ടം ദാര്‍ശനികരുടേയും സാഹിത്യകാരന്മാരുടേയും വിപ്ലവകാരികളുടേയും കഥയാണ് പി ഗോവിന്ദപ്പിള്ള, തടവറയും സാഹിത്യവും എന്ന രസകരമായ ലേഖനത്തിലൂടെ ആവിഷ്കരിക്കുന്നത്. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിത്തീര്‍ത്ത അത്തരം മനീഷികളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാനും അവരെ അന്വേഷിക്കുവാനും പി ജിയുടെ ലേഖനം പ്രേരണ നല്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഭഗത് സിംഗ്, നെഹ്രു, എം എന്‍ റോയി, മാര്‍‌ക്കോപോളോ, സെര്‍വാന്റിസ്, ഹിക്മത്, തഹീര്‍, നിക്കോളായ് ബുഖാറിന്‍, ആന്റോണിയോ ഗ്രാംഷി എന്നിങ്ങനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലോകത്തിന്റെ ദിശാബോധം പുന സൃഷ്ടിക്കാന്‍ കഴിഞ്ഞ മഹാരഥന്മാരെയാണ് പി ജി ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്.

കേവലം ഇരുപത്തിനാലാം വയസ്സില്‍ ബ്രിട്ടീഷുകാരാല്‍ തൂക്കിലേറ്റപ്പെട്ട ഭഗത് സിംഗ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ ഒരേടാണ്. ലാഹോര്‍ ഗൂഢാലോചനക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കാലത്ത് എഴുതിയ കത്തുകളും ലേഖനങ്ങളും ഈ ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ സുവ്യക്തമായി ആവിഷ്കരിക്കുന്നു. ആ ലേഖനങ്ങളില്‍ കമ്യൂണിസത്തേയും മാര്‍ക്സിസത്തേയുമാണ് ലോകത്തെ മാറ്റിയെടുക്കാനുള്ള ഏറ്റവും സാര്‍ത്ഥകമായ പദ്ധതികളായി അദ്ദേഹം അടയാളപ്പെടുത്തുന്നതെന്ന് നമുക്ക് മനസ്സിലാകും. അദ്ദേഹം ജയില്‍ വെച്ചെഴുതിയ കുറിപ്പുകളും കത്തുകളും വിചാരണക്കോടതിയോടുള്ള പ്രതികരണവുമൊക്കെ മനുഷ്യവംശത്തിന്റെ സ്വാതന്ത്ര്യേച്ഛയെ പ്രതിനിധാനം ചെയ്യുന്നവയാണ്.

നെഹ്രു ജയില്‍വാസ സമയത്ത് എഴുതിയവയെല്ലാം മൂന്നു വിഖ്യാത ഗ്രന്ഥങ്ങളായി നമുക്കു ലഭിച്ചിട്ടുണ്ട്. അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍, വിശ്വചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തല്‍ എന്നിവ ഇന്ത്യയെ പറ്റി പ്രാഥാമികമായ ധാരണയുള്ളവര്‍പോലും കേട്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രീയാവബോധത്തോടും സോഷ്യലിസത്തോടും ഐക്യപ്പെട്ടുകൊണ്ടുള്ള ആ എഴുത്തുകള്‍ വായനക്കാരനെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ എം എന്‍ റോയി 1928 ല്‍ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷലിനോട് വിടപറഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷം ഏകദേശം അഞ്ചുവര്‍ഷക്കാലം പല ജയിലുകളിലായി കഴിയേണ്ടി വന്നു.അക്കാല ഘട്ടങ്ങളില്‍ റോയി അനേകം ഗ്രന്ഥങ്ങളാണ് എഴുതിയതെന്ന് പി ജി ചൂണ്ടിക്കാട്ടുന്നു. -“നെഹ്രുവിന്റെ കൃതികള്‍ പോലെ രസകരമായി വായിച്ചു പോകാവുന്ന കഥാസുന്ദരമായ സൃഷ്ടികളായിരുന്നില്ല റോയിയുടേത്. ശാസ്ത്രം ദര്‍ശനം ചരിത്രം രാഷ്ട്രമീമാംസ, ധനശാസ്ത്രം നരവംശശാസ്ത്രം, തുടങ്ങിയ വിവിധ വിഷയങ്ങളിലും, ബംഗാളി, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, റഷ്യന്‍, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലും അസൂയാവഹമായ വൈദഗ്ദ്യം നേടിയ റോയി ബൌദ്ധികമായ നെഹ്രുവിനെക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലുള്ള ഒരു ചിന്തകനും എഴുത്തുകാരനും ആയിരുന്നു.”

“ജയിലില്‍ വെച്ച് എഴുതിയ പുസ്തകങ്ങളുടെ പട്ടികയില്‍ വളരെ പേരുകേട്ടതും എഴുന്നൂറില്‍ പരം വര്‍ഷങ്ങളായി വിവിധ ഭാഷകളില്‍ പ്രചരിച്ചു വരുന്നതുമാണ് ഇറ്റലിക്കാരനായ മാര്‍ക്കോപോളോയുടെ ഇല്‍ മില്യോണ്‍ അഥവാ യാത്രാവിവരണം എന്ന പുസ്തകം.” ഇതിനകംതന്നെ അദ്ദേഹത്തിന്റെ യാത്രാവിവരണം അതിപ്രശസ്തമാണ്. നമ്മുടെ ഭാഷയിലേക്കും അത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വ്യാപാര സംഘത്തോടൊപ്പം ഇന്ത്യയിലും ചൈനയിലും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലുമായി ഏകദേശം ഒരു വ്യാഴവട്ടക്കാലം ജീവിച്ച മാര്‍ക്കോപോളോ തന്റെ യാത്രാവിവരണം യുദ്ധത്തടവുകാരനായി പിടിയ്ക്കപ്പെട്ട കാലത്ത് എഴുതിയതാണ്. അതുപോലെത്തന്നെ ഡോണ്‍ ക്വിക്സോട്ട് എന്ന ഏറെ പ്രശസ്തമായ ആഖ്യായിക എഴുതപ്പെട്ടത് ജയിലില്‍ വെച്ചായിരുന്നു. ആധുനിക സ്പാനിഷിനെ രുപപ്പെടുത്തിയ സെര്‍വാന്റിസ് സ്പെയിനും മൂര്‍വംശജരും തമ്മിലുള്ള യുദ്ധത്തിലാണ് തടവിലാക്കപ്പെടുന്നത്.

“ആധുനിക വിശ്വസാഹിത്യത്തില്‍ വളരെ പ്രശസ്തി നേടിയ രണ്ട് തുര്‍ക്കി മഹാകവികളാണ് നസിം ഹിക്മതും കമാല്‍ താഹിറും. ഇരുവരും ജീവിതത്തിന്റെ വലിയ ഭാഗം തുര്‍ക്കിയിലെ തടവറകളില്‍ കിടന്ന് നരകിച്ച മാര്‍ക്സിസ്റ്റുകളാണ്” എന്നു രേഖപ്പെടുത്തിക്കൊണ്ടാണ്. അമ്പതിലേറെ ഭാഷകളിലേക്ക് നസീമിന്റെ കവിത മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അധികാരികളുടെ പിടിയില്‍ പെടാതിരിക്കാന്‍ അദ്ദേഹം നിരവധി തൂലികാ നാമങ്ങളിലാണ് രചനകള്‍ നടത്തിയിരുന്നതെങ്കിലും തുടരത്തുടരെ അദ്ദേഹം അധികാരികളുടെ പിടിയിലായി. പതിമൂന്നു വര്‍ഷക്കാലം ജയില്‍ വാസമനുഭവിച്ച കെമാല്‍ താഹിറും നോവലിസ്റ്റ് എന്ന നിലയില്‍ വിഖ്യാതനാണ്. “രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഹിക്മതിന്റെ പിന്തലമുറക്കാരനായ കെമാല്‍ താഹിറും അനേകം വര്‍ഷം തടവിലാണ് കഴിച്ചു കൂട്ടിയത്. ഹിക്മതിനു ശേഷം തുര്‍ക്കി കവിതയിലെ ആധുനിക ശൈലി പിന്തുടര്‍ന്ന താഹിറിന്റെ ഏറ്റവും വലിയ കാവ്യമായ “മദര്‍ സ്റ്റേറ്റ്” ജയിലില്‍ വെച്ചാണെഴുതിയത്.” എന്ന് പി ജി ചൂണ്ടിക്കാണിക്കുന്നു.

1938 ലാണ് ലെനിന്റെ തീവ്ര അനുയായിയിരുന്ന ബുഖാറിനെ (Nikolai Bukharin) വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്. ലെനിനു ശേഷം സോവിയറ്റു യൂണിയന്‍ കണ്ട ഏറ്റവും വലിയ ദാര്‍ശനികനായിരുന്നു അദ്ദേഹമെന്ന് പി ജി അടയാളപ്പെടുത്തുന്നു. കാര്‍ഷിക പരിഷ്കരണങ്ങളുടെ പേരില്‍ സ്റ്റാലിനുമായി അകലാന്‍ തുടങ്ങിയ ബുഖാറിന്‍ ആ നയങ്ങളുടെ ശക്തനായ വിമര്‍ശകനായി മാറി. ഈ ഘട്ടത്തിലാണ് അദ്ദേഹത്തെ വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും. പിന്നീട് ആ വധ ശിക്ഷ ന്യായമായിരുന്നില്ലെന്ന് കണ്ട് അദ്ദേഹത്തെ പ്രവര്‍ത്തനങ്ങളെ സോവിയറ്റ് പാര്‍ട്ടി ശ്ലാഘിക്കുന്ന സാഹചര്യമുണ്ടായി. അദ്ദേഹത്തിന്റെ കൃതികള്‍ കമ്യുണിസത്തെക്കുറിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നുവെങ്കിലും ജയിലില്‍ വെച്ചെഴുതിയവ രണ്ടെണ്ണമാണ്. മന്ത്‍‌ലി റിവ്യു പ്രസിദ്ധീകരിച്ച ദാര്‍ശനിക ചിന്തയുടെ സങ്കീര്‍ണതയും സന്തുലനവും എങ്ങനെ ഇതെല്ലാം ആരംഭിച്ചു എന്ന ആഖ്യായികയുമാണ് അവ. ഗ്രാംഷിയെ മുസ്സോളിനിയുടെ നിയമവ്യവസ്ഥ ജയിലിലേക്ക് അയക്കുന്നത് ഒരു ഇരുപതു കൊല്ലത്തേക്കെങ്കിലും ആ മസ്തിഷ്കത്തെ പ്രവര്‍ത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെയാണ്. എന്നാല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടേയും ലോക വിപ്ലവപ്രസ്ഥാനത്തിന്റേയും അതുല്യനായ നേതാവായി അദ്ദേഹം മാറി. ജയിലില്‍ കിടന്നുകൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പുകള്‍ മാര്‍ക്സിയന്‍ ചിന്താപദ്ധതിക്ക് അന്യാദൃശമായ ഇടപെടല്‍ ശേഷി നല്കി. ഇപ്പോള്‍ ലോകത്തെ മിക്ക സര്‍വ്വകലാശാലകളും ഗ്രാംഷിയെ പഠിപ്പിക്കുന്നുവെന്നു മാത്രം സൂചിപ്പിക്കട്ടെ.

ചിന്തിക്കുന്നവര്‍ എന്നും ഭരണവര്‍ഗ്ഗത്തിന് തലവേദനയായിരുന്നു. അത്തരം മസ്തിഷ്കങ്ങളെ ഇല്ലാതാക്കി പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഏതുകാലത്തും നടന്നിട്ടുണ്ട്. ഇന്ത്യയുടെ വര്‍ത്തമാനകാലപരിതസ്ഥിതിയില്‍ ആ പ്രവണത ഏറെ ശക്തി നേടിയിട്ടുമുണ്ട്. ഇന്ന് ഫാസിസം വേണോ ജീവിതം വേണോ എന്ന അന്തരാള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഫാസിസ്റ്റുകളോട് സന്ധിചെയ്യാത്തവരെ, അവര്‍ ചൊല്ലിത്തരുന്നത് ഏറ്റു ചൊല്ലാത്തവരെ നിഷ്കരുണം കൊന്നു തള്ളി എന്നാല്‍ എത്ര അടിച്ചമര്‍ത്തിയാലും ധീരമായ മനസ്സുകള്‍ അതിനെ അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് ചരിത്രം പറയുന്നത്. താല്ക്കാലികമായി ഗ്രാംഷിയെ തടവിലാക്കി ആശ്വസിച്ചുവെങ്കിലും അദ്ദേഹം ഉയര്‍‌ത്തെഴുന്നേറ്റു വന്ന വഴികള്‍ ഫാസിസത്തെ ഞെട്ടിപ്പിക്കുന്നതുതന്നെയാണ്. അതുകൊണ്ട് എത്ര കാലം കഴിഞ്ഞാലും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി സംസാരിക്കുന്ന നാവുകള്‍ ഉണര്‍ന്നെഴുന്നേല്ക്കുക തന്നെ ചെയ്യും എന്നാണ് പി ജിയും ചരിത്രവും പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.